മുക്കടവിൽ ക്രാഷ് ബാരിയറായി; അപകടഭീഷണിക്ക് ആശ്വാസം

പുനലൂർ :പുനലൂർ-മൂവാറ്റുപുഴ ഹൈവേയിലെ പുനലൂർ മുക്കടവിൽ, പഴയ പാലത്തിന്റെ കൈവരി തകർന്ന സ്ഥാനത്ത് കഴിഞ്ഞദിവസം ക്രാഷ് ബാരിയർ സ്ഥാപിച്ചു. ഇതോടെ അപകടഭീഷണിക്ക് താത്കാലിക പരിഹാരമായി. സ്ഥലത്ത് ഇനി അപകടമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.
മുക്കടവിൽ പഴയ പാലത്തിനും തൊട്ടുചേർന്ന പുതിയ പാലത്തിനുമിടയിലെ വൻ വിടവിലേക്ക് വാഹനങ്ങൾ മറിയാനുള്ള സാധ്യത ചൂണ്ടിക്കാട്ടി 'മാതൃഭൂമി' നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് രണ്ടാഴ്ച മുൻപ് സി. അജയപ്രസാദ് എം.എൽ.എ. പൊതുമരാമത്തുവകുപ്പിന്റെ നിരത്തുവിഭാഗം പുനലൂർ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ രാഹുലിനൊപ്പം സ്ഥലം പരിശോധിച്ചു. തുടർന്നാണ് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ നടപടിയുണ്ടായത്.
ഹൈവേ പുനരുദ്ധാരണത്തിന്റെ ഭാഗമായി മുക്കടവാറിനു കുറുകേ നാലുവർഷംമുൻപ് പുതിയ പാലം നിർമിച്ചിരുന്നു. എന്നാൽ ഇവിടത്തെ അപകടാവസ്ഥയും റോഡിലെ വാഹനത്തിരക്കും പരിഗണിച്ച് പഴയ പാലവും ഗതാഗതത്തിനായി ക്രമീകരിച്ചു. എന്നാൽ രണ്ടു പാലങ്ങൾക്കുമിടയിലുള്ള വലിയ വിടവ് വാഹനങ്ങൾക്ക് അപകടക്കെണിയായി. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ നേരിയ അശ്രദ്ധമതി വിടവിലൂടെ വാഹനങ്ങൾ ആറ്റിലേക്കു മറിയാൻ. ഇവിടെ കൈവരി നിർമിക്കണമെന്ന് നാട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
മണ്ഡലകാലത്ത് രാപകൽ ഭേദമില്ലാതെ അനിയന്ത്രിതമായ തിരക്കാണ് ഈ പാതയിൽ അനുഭവപ്പെടാറുള്ളത്. ഈ സാഹചര്യത്തിലാണ് അപകടസാധ്യത വീണ്ടും ചർച്ചയായത്.
പുതിയ പാലം തുറന്ന് നാലുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ കൈവരി നിർമിക്കുകയോ അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. നാലുകൊല്ലത്തിനിടയിൽ ഇവിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളുണ്ടായി.
പുനലൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെയും എതിർദിശയിൽനിന്നുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെയും സഞ്ചരിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ സ്ഥലപരിചയമില്ലാത്തവരും ദീർഘദൂരയാത്രക്കാരും ഇവിടെയെത്തുമ്പോൾ അടുത്തടുത്ത് രണ്ടു പാലങ്ങൾ കണ്ട് ആശയക്കുഴപ്പത്തിലാകുകയാണ്. പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്കും വഴിയൊരുക്കുന്നു.