കുറുങ്ങൽ ഏലായിൽ കൃഷിയിറക്കാനാവാതെ കർഷകർ

ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിന്റെ നെല്ലറയായ കുറുങ്ങൽ ഏലായിൽ രണ്ടാംവിള കൃഷി അനിശ്ചിതത്വത്തിൽ. മഴ കുറഞ്ഞതോടെ കടുത്ത ജലക്ഷാമം നേരിടുന്ന പാടശേഖരത്തിൽ, ജലസേചനത്തിനായുള്ള ഏക ആശ്രയമായ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് പ്രവർത്തിപ്പിക്കാൻ ആളില്ലാത്തതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. ഇതോടെ 125 ഏക്കർ വരുന്ന പാടശേഖരത്തിൽ കൃഷിയിറക്കേണ്ടെന്ന് വെച്ചിരിക്കുകയാണ് കർഷകർ.

മൈനർ ഇറിഗേഷൻവകുപ്പ് ഇത്തിക്കരയാറിന്റെ തീരത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റ് പമ്പ്‌സെറ്റാണ് കാലങ്ങളായി വേനലിലും വരൾച്ചയിലും കുറുങ്ങൽ ഏലായിലേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ഇവിടുത്തെ ഓപ്പറേറ്റർ 2024-ൽ വിരമിച്ചതിനു ശേഷം പുതിയൊരാളെ നിയമിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മാസങ്ങളായി പമ്പ് ഹൗസ് അടഞ്ഞുകിടക്കുകയാണ്.

തടസ്സപ്പെടുന്നത് കൃഷിയൊരുക്കൽ

:കടുത്ത വരൾച്ചകാരണം മണ്ണ് ഉണങ്ങി വരണ്ടതിനാൽ വയലുകൾ ഉഴുതുമറിച്ച് നിലമൊരുക്കാൻ ട്രാക്ടർ ഇറക്കാൻ കഴിയുന്നില്ല.

നിലമൊരുക്കാൻ കഴിയാത്തതിനാൽ ഞാറ്റടികൾ തയ്യാറാക്കാനോ സമയബദ്ധമായി നടീലും ചേറ്റുവെതയും നടത്താനോ സാധിക്കുന്നില്ല. വിതയും നടീലും കൃത്യസമയത്ത് പൂർത്തിയാക്കാത്ത പക്ഷം കർഷകർക്ക് വിള ഇൻഷുറൻസിനായി രജിസ്റ്റർ ചെയ്യാനുള്ള അവസരവും നഷ്ടപ്പെടും.

നെല്ലു സംഭരണത്തിലെ അനിശ്ചിതത്വവും കൂലി വർധനയും കാരണം കർഷകർ നെൽക്കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ജലക്ഷാമം കൂടി തിരിച്ചടിയാകുന്നത്. ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ ഇത്തവണ കൃഷിയിറക്കില്ലെന്ന കടുത്ത നിലപാടിലാണ് ചേന്നമത്ത് കുറുങ്ങൽ ഏലാ നെല്ലുത്പാതകസമിതി.പാടശേഖരങ്ങളിൽ അടിയന്തരമായി വെള്ളമെത്തിക്കാൻ പമ്പ് ഓപ്പറേറ്ററെ താത്കാലികമായെങ്കിലും നിയമിക്കാൻ അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. വിഷയമുന്നയിച്ച് കൃഷിവകുപ്പിനും മൈനർ ഇറിഗേഷൻ അധികൃതർക്കും നിവേദനം നൽകാനൊരുങ്ങുകയാണ് സമിതി ഭാരവാഹികൾ.