യുവതിയെ മർദിച്ചശേഷംവീടിനു തീയിട്ടതായി പരാതി

കൊട്ടിയം : പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചുകയറി യുവതിയെ മർദിച്ച് അവശയാക്കിയശേഷം വീടിനു തീയിട്ടതായി പരാതി. കണ്ണനല്ലൂർ ചേരീക്കോണത്തെ പുറന്പോക്കുഭൂമിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന സജീനയുടെ കുടുംബമാണ് അയൽവാസിക്കെതിരേ പരാതി നൽകിയത്.
സജീനയും വിധവയായ മകളും മൂന്നു മക്കളും അടങ്ങിയ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. സജീനയുടെ മകൾക്കാണ് മർദനമേറ്റത്. ചുടുകട്ടകൊണ്ടു നിർമിച്ച് ഷീറ്റിട്ട വീട് പൂർണമായും കത്തിനശിച്ചു.
മർദനമേറ്റ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടിയപ്പോഴാണ് വീടിനു തീയിട്ടതെന്ന് പരാതിയിൽ പറയുന്നു. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുണ്ടറയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു.
വീട്ടുപകരണങ്ങളും മക്കളുടെയും കൊച്ചുമക്കളുടെയും വസ്ത്രങ്ങളും പഠനോപകരണങ്ങളും ഉൾെപ്പടെ കത്തിനശിച്ചതായി സജീന പറഞ്ഞു. കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.