ഞാറോട് റോഡ് നവീകരണംപുനരാരംഭിക്കാമെന്ന് ബ്ലോക്ക് പഞ്ചായത്ത്

പരവൂർ :നവീകരണം നിലച്ച ഞാറോട് റോഡിന്റെ പണികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാമെന്ന് ആക്ഷൻ കമ്മിറ്റിക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ഉറപ്പ്. ഞാറോട് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിലെത്തി നിവേദനം സമർപ്പിച്ചു. തുടർന്ന് ബ്ലോക്ക് മരാമത്ത് അധികൃതർ സ്ഥലം പരിശോധിച്ചു.
പൂതക്കുളം പഞ്ചായത്തിലും മുഖ്യമന്ത്രിക്കും ഞാറോട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്. നവീകരണത്തിന്റെ പേരിൽ കൂനയിൽ-ഐശ്വര്യ സ്കൂൾ റോഡ് കുത്തിപ്പൊളിച്ച് മെറ്റലിട്ട് നാലുമാസം കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള റോഡ് വർഷങ്ങളായി പൊളിഞ്ഞുകിടക്കുകയായിരുന്നു. എം.എൽ.എ.ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പണി തുടങ്ങിയത്. എന്നാൽ കരാറെടുത്ത സൊസൈറ്റിയുടെ പ്രസിഡന്റ് മരിച്ചതോടെ പ്രവൃത്തി നിലയ്ക്കുകയായിരുന്നു. മെറ്റൽ ഇളകിത്തെറിച്ച് ഗതാഗതം ദുർഘടമായതോടെ ഇരുചക്രവാഹനയാത്രികരുൾെപ്പടെ അപകടത്തിൽപ്പെടുന്ന സ്ഥിതിയായി. ഓട്ടോറിക്ഷകൾ ഈ ഭാഗത്തേക്ക് വിളിച്ചാൽ വരാറില്ല. കലയ്ക്കോട്, മാടൻനട, ആശുപത്രിമുക്ക് പ്രദേശങ്ങളിലുള്ളവർക്ക് പരവൂരിലെത്താനുള്ള പ്രധാന പാതയാണിത്.
കൂനയിൽ എൽ.പി.എസ്., കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂൾ, ലിറ്റിൽ ഫ്ളവർ പള്ളി, കുടുംബാരോഗ്യകേന്ദ്രം, മാടൻനട എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിനുപേരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പാതനവീകരണം മുടങ്ങിയതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. നിവേദകസംഘത്തിന് ഡോ. ജ്യോതി ഇഗ്നേഷ്യസ്, ജോഷി ബെനഡിക്ട്, സിസിൽ ജോയ്, അനിൽകുമാർ, ദിനേശ്, കൃഷ്ണൻകുട്ടി, ഡാൽമെന്റ്, അജിത്ത്, ബിജു ഫ്രാൻസിസ്, സ്വരൂപ് തുടങ്ങിയവർ നേതൃത്വം നൽകി.