മണ്ഡലകാലം തുടങ്ങിയിട്ടും നന്നാക്കാതെ എം.സി.റോഡ്‌

ചടയമംഗലം : മണ്ഡലകാലം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും എം.സി. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങിയതോടെ സംസ്ഥാനത്തെ പ്രധാന പാതയായ എം.സി. റോഡിൽ യാത്ര ഏറെ ദുരിതമാകുകയാണ്. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള അയ്യപ്പഭക്തർ കൂടുതലും ആശ്രയിക്കുന്നത് അടൂർവരെയുള്ള എം.സി. റോഡാണ്. ആയൂർ-അഞ്ചൽവഴി പത്തനംതിട്ടയ്ക്ക് പോകുന്നവരും കൂടുതലാണ്.

തീർഥാടനകാലമായിട്ടും പാതയുടെ അറ്റകുറ്റപ്പണി വൈകുന്നതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഒന്നരമാസംമുൻപ് നിലമേൽ, വാളകം ജങ്ഷനുകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല. ചെറിയ മഴയിൽപോലും വെള്ളക്കെട്ടുണ്ടാകുന്ന പട്ടണങ്ങളാണ് നിലമേലും വാളകവും. വെള്ളക്കെട്ടിൽ ഗതാഗതതടസ്സവും പതിവാണ്. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി കനത്ത നഷ്ടവും സംഭവിക്കുന്നു. ഇതിനു ശാശ്വതപരിഹാരം കാണുന്നതിനാണ് സ്ഥലപരിശോധന ഉൾപ്പെടെ നടത്തിയത്.

പാതയിലെ പടുകുഴികൾ യാത്രാദുരിതത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. വാളകംമുതൽ നിലമേൽവരെയുള്ള 17 കിലോമീറ്റർ ദൂരം വലിയ അപകടമേഖലയാണ്. പൊലിക്കോട്, ആനാട്, അകമൺ, ആയൂർ പാലം, ഇളവക്കോട്, കുരിയോട് നെട്ടേത്തറ, മുരുക്കുമൺ, പുതുശ്ശേരി, കണ്ണങ്കോട്, ജില്ലാ അതിർത്തിയായ വാഴോട് പ്രദേശങ്ങളിലാണ് അറ്റകുറ്റപ്പണി അടിയന്തരമായി വേണ്ടത്‌.

മേഖലയിൽ പ്രഖ്യാപിച്ച ഗതാഗതപരിഷ്കരണവും യഥാസമയം നടപ്പാക്കിയില്ലെന്ന ആക്ഷേപമുണ്ട്. ബ്ലാക്ക് സ്പോട്ടുകളിലെ പദ്ധതികളും പാളി. ചടയമംഗലം മഹാദേവക്ഷേത്രത്തിനു സമീപത്ത് പ്രധാന പാതയുടെ വശം ടാർ ചെയ്യാത്തത് അപകടസാധ്യത വർധിപ്പിച്ചു. അപകടമേഖലയിൽ ബാരിക്കേഡ്, മുന്നറിയിപ്പ് ബോർഡ് എന്നിവ സ്ഥാപിക്കുക, വലിയ പ്രകാശമുള്ള തെരുവുവിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഹരിച്ചിട്ടില്ല. മൂടിയില്ലാത്ത ഓടകളിൽ സ്ലാബ് സ്ഥാപിക്കണമെന്നും അടഞ്ഞ ഓടകൾ വൃത്തിയാക്കണമെന്നും ഇടറോഡുകളിൽനിന്ന്‌ ഒലിച്ചിറങ്ങുന്ന മേൽമണ്ണ് നീക്കംചെയ്യണമെന്നുമുള്ള ആവശ്യവും പരിഹരിച്ചിട്ടില്ല.

പാതയിലെ താഴ്ന്നപ്രദേശങ്ങൾ ഉയർത്തുക, തെരുവുവിളക്കുകൾ സ്ഥാപിക്കുക, ക്യാമറ സംവിധാനം കുറ്റമറ്റതാക്കുക, മോട്ടോർവാഹനവകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കുക തുടങ്ങിയവ മണ്ഡലകാലത്തിനുമുൻപ് പൂർത്തിയാക്കുമെന്ന പ്രതീക്ഷ ഫലംകണ്ടില്ലെന്ന പരാതിയുമുണ്ട്.

രാപകൽ വ്യത്യാസമില്ലാതെ എം.സി. റോഡിന്റെ പല ഭാഗത്തും അനധികൃത വാഹന പാർക്കിങ് പതിവാകുന്നതും അപകടഭീഷണി വർധിപ്പിച്ചു. രാത്രിയിൽ വലിയ ലോറികൾ ഉൾപ്പെടെയുള്ളവ റോഡരികിൽ പാർക്ക് ചെയ്യുന്നതും അപകടസാധ്യത ഇരട്ടിയാക്കി. കെ.എസ്.ടി.പി. എം.സി. റോഡ് പണിയുടെ നിർമാണച്ചുമതലകളിൽനിന്ന് മാറിയിട്ടും പകരം സംവിധാനമായിട്ടില്ല.