പുനലൂർ ജലവിതരണപദ്ധതി: ചോർച്ച കണ്ടെത്താനായില്ല

പുനലൂർ :നഗരസഭാപ്രദേശത്ത് വെള്ളമെത്തിക്കുന്ന പുനലൂർ ജലവിതരണപദ്ധതിയുടെ, കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ സ്ഥാപിച്ചിട്ടുള്ള വിതരണക്കുഴലിലെ ചോർച്ച കണ്ടെത്താനായില്ല. കെ.എസ്.ആർ.ടി.സി.ജങ്ഷനിൽ മൂന്നുദിവസമായി കുഴിച്ചു പരിശോധിക്കുകയാണ്.
റോഡിൽ നാലിടത്ത് കുഴിച്ചിട്ടും ചോർച്ച കണ്ടെത്തിയില്ല. വിശദമായ പരിശോധനയിൽ ചോർച്ചയുണ്ടായിട്ടുള്ള സ്ഥാനം സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു. അതേസമയം തൊട്ടുചേർന്ന് കച്ചേരി റോഡിൽ 300 മില്ലിമീറ്റർ വ്യാസമുള്ള കാസ്റ്റ് അയൺ മുഖ്യകുഴലിൽ രണ്ടിടത്തായി ഉണ്ടായ ചോർച്ച കഴിഞ്ഞദിവസം പരിഹരിച്ചിരുന്നു. ഇതിനായി റോഡ് നാലിടത്ത് കുഴിക്കേണ്ടിയും വന്നിരുന്നു.
കെ.എസ്.ആർ.ടി.സി.ജങ്ഷനിൽനിന്ന് മണിയാർ ഭാഗത്തേക്കു പോകുന്ന 200 മില്ലിമീറ്റർ വ്യാസമുള്ള ആസ്ബസ്‌റ്റോസ് സിമന്റ് (എ.സി.) വിതരണക്കുഴലിലാണ് ദേശീയപാതയിൽ ചോർച്ചയുണ്ടായത്. അരനൂറ്റാണ്ടുമുൻപ് സ്ഥാപിച്ച കുഴലുകളാണിത്. ഇതേത്തുടർന്ന് ഏതാനും ദിവസമായി ആശുപത്രി ജങ്ഷൻമുതൽ മണിയാർ പ്രദേശംവരെ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. ഇതു ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ചോർച്ച കണ്ടെത്താനായി കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി.ജങ്ഷനിൽ പെട്രോൾ പമ്പിനു സമീപം കുഴിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സി.അജയപ്രസാദ് എം.എൽ.എ. വ്യാഴാഴ്ച സ്ഥലം പരിശോധിച്ചു. പഴയ എ.സി.കുഴലുകൾ മാറ്റി പുതിയ കുഴലുകൾ സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വൻകുഴി രൂപപ്പെട്ടു
:പുനലൂർ ജലവിതരണപദ്ധതിയുടെ വിതരണക്കുഴലിലെ ചോർച്ചയെത്തുടർന്ന് ദേശീയപാതയിൽ വൻകുഴി രൂപപ്പെട്ടു. കെ.എസ്.ആർ.ടി.സി.ജങ്ഷനിൽ റോഡിന്റെ മധ്യത്താണ് കുഴി രൂപപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണിത്. അതിമർദത്തിൽ വെള്ളം ചീറ്റിത്തെറിച്ചതിനെത്തുടർന്ന് റോഡിനടിയിൽ വലിയതോതിൽ മണ്ണൊലിച്ചുപോയിട്ടുണ്ട്. അപകടസ്ഥിതി ചൂണ്ടിക്കാട്ടി ഇവിടെ ബോർഡുകൊണ്ട് മറച്ചിരിക്കുകയാണ്. രണ്ടുദിവസംമുൻപ് ഇതേസ്ഥലത്ത് രണ്ടിടത്ത് റോഡ് പൊളിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വലിയ കുഴി രൂപപ്പെട്ടത്.