കൊട്ടാരക്കരയിൽ ജനറൽ ആശുപത്രി വേണം

കൊട്ടാരക്കര : ആവശ്യത്തിന്‌ ഡോക്ടർമാരും ജീവനക്കാരും സ്ഥലസൗകര്യവും ഇല്ലാതെ വലയുമ്പോൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കണമെന്ന പ്രമേയം സർക്കാരിലേക്ക് അയച്ച് താലൂക്ക് വികസനസമിതിയോഗം.

24 മണിക്കൂറും ശസ്ത്രക്രിയ ഉൾ​െപ്പടെയുള്ള ചികിത്സ ലഭ്യമാക്കുന്നിടമാണ് ജനറൽ ആശുപത്രി. നിലവിൽ കൊല്ലം ജില്ലയിൽ ഒരു ജനറൽ ആശുപത്രിപോലുമില്ല. തൊട്ടടുത്ത പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ടയും അടൂരും ജനറൽ ആശുപത്രികളാണ്. കൂടാതെ കോഴഞ്ചേരിയിൽ ജില്ലാ ആശുപത്രിയും. ജില്ലയിൽ പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കാനുള്ള നടപടികളുണ്ട്. ഒപ്പം കൊട്ടാരക്കരയും ജനറൽ ആശുപത്രിയാക്കണമെന്ന ആവശ്യം സർക്കാരിനു മുന്നിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യും ​െവച്ചിട്ടുണ്ട്.

ഓർത്തോ, സർജൻ, അനസ്തീസ്യ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ജനറൽ ആശുപത്രിയിൽ ലഭ്യമാകും. നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച കാർഡിയോളജിസ്റ്റ്, സർജൻ, അസി. സർജൻ, ന്യൂറോ ഡോക്ടർമാരുൾ​െപ്പടെ അഞ്ച്‌ ഡോക്ടർമാരെ മറ്റിടങ്ങളിലേക്കു കൊണ്ടുപോയി. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. കിടത്തിച്ചികിത്സാസൗകര്യങ്ങൾ കുറഞ്ഞു. ബലക്ഷയത്തിലെന്നു കണ്ടെത്തിയ പ്രധാന മെഡിക്കൽ വാർഡ് പൂട്ടിയതോടെ കുട്ടികളുടെ വാർഡ് രണ്ടായി തിരിച്ച് സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡാക്കിയിരിക്കുകയാണ്. ഇടമില്ലാത്തതിനാൽ കിടത്തിച്ചികിത്സ വേണ്ടവരെ പുനലൂരിലേക്കും കൊല്ലത്തേക്കും അയയ്ക്കുകയാണ്.

ട്രോമാകെയർ യൂണിറ്റ് പേരിൽമാത്രമാണുള്ളത്. രാത്രിയിൽ അടിയന്തര ശസ്ത്രക്രിയ വേണ്ട അപകടക്കേസുകൾ വന്നാൽ തിരുവനന്തപുരത്തേക്ക് അയയ്ക്കുക മാത്രമാണ് മാർഗം. ദേശീയപാതയും എം.സി.റോഡും സംഗമിക്കുന്ന പട്ടണമെന്ന നിലയിലും എണ്ണമറ്റ അപകടക്കേസുകൾ എത്തുന്ന ആശുപത്രിയെന്ന നിലയിലുമാണ് ഇവിടെ ട്രോമാകെയർ യൂണിറ്റ് പ്രഖ്യാപിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ശ്രമഫലമായി പ്രത്യേക കെട്ടിടവും നിർമിച്ചു.

ഏറെ വർഷങ്ങൾക്കുശേഷം ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും ആവശ്യത്തിന്‌ ഡോക്ടർമാരെമാത്രം നിയമിച്ചില്ല. ന്യൂറോ, കാർഡിയോളജി ഡോക്ടർമാരെ നിയമിച്ചെങ്കിലും മറ്റിടങ്ങളിലേക്കു മാറ്റി. 100 കോടിയോളം രൂപയുടെ ആശുപത്രിവികസനപദ്ധതിയുടെ ഭാഗമായുള്ള ബഹുനില മന്ദിരങ്ങളുടെ നിർമാണം ഇഴയുകയാണ്. അടിയന്തരമായി അധികാരികളുടെ ശ്രദ്ധ ആശുപത്രിക്കുമേൽ പതിയണമെന്ന് ആവശ്യമുയരുന്നു.