ആവിഷ്‌കാരസ്വാതന്ത്ര്യം മറ്റുള്ളവരുടെ ജീവിതത്തെ അപകടത്തിലാക്കാനുള്ള അവകാശമല്ല-ഉല്ലാസ് കോവൂർ

കൊട്ടാരക്കര : കലയപുരം ആശ്രയയിൽ സമന്വയം സെമിനാർ പരമ്പരയുടെ ഏഴാംദിനം ഉല്ലാസ് കോവൂർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഭരണഘടന നമുക്ക് ഉറപ്പുനൽകിയ ആവിഷ്‌കാരസ്വാതന്ത്ര്യം മറ്റുള്ളവരുടെ ജീവനെയും ജീവിതത്തെയും അപകടത്തിലാക്കാനുള്ള അവകാശമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു.

അതിരുകൾ ലംഘിക്കാതെയുള്ള ആവിഷ്‌കാരങ്ങൾ ഉണ്ടാകണം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വിലങ്ങിട്ടാൽ സമൂഹത്തിൽ അധർമം ആളിക്കത്തുമെന്നും വ്യത്യസ്ത ആശയധാരകളെ സഹിഷ്ണുതയോടെ സ്വീകരിക്കുമ്പോഴാണ് നമുക്ക് സ്വാതന്ത്ര്യത്തിന്റെ യഥാർഥ മധുരം നുണയാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

ആശ്രയ സംസ്ഥാന കമ്മിറ്റി അംഗം ഡി. രമണിക്കുട്ടി ടീച്ചറുടെ അധ്യക്ഷതയിൽ 'ആവിഷ്‌കാരസ്വാതന്ത്ര്യം സമകാലിക സമൂഹത്തിൽ' എന്ന വിഷയത്തിൽ ഡോ. പ്രണവ് മണികണ്ഠൻ ക്ലാസ് നയിച്ചു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി. പ്രിയ, ഡോ. എസ്. സുരേഷ് ബാബു, ഡോ. ആശ ജോസ്, സി.ബി. വിജയകുമാർ, കലയപുരം ജോസ്, കുടവട്ടൂർ വിശ്വൻ, വി.ബി. നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

'വർധിച്ചു വരുന്ന ആത്മഹത്യ-പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ തിങ്കളാഴ്ച ഡോ. വെള്ളിമൺ നെൽസൺ ക്ലാസ് നയിക്കും. ആശ്രയ-അനാഥരില്ലാത്ത ഭാരതം എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ. കെ. രാധാകൃഷ്ണൻനായരുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി ഉദ്ഘാടനം ചെയ്യും.