നെടുമ്പറമ്പ് തോട്ടിൽ മാലിന്യക്കൂന

പത്തനാപുരം : പത്തനാപുരം പട്ടണത്തിൽ മാലിന്യം തള്ളാൻ പുതിയൊരിടം ഉണ്ടായതിന്റെ ദുരിതത്തിലാണ് നാട്ടുകാർ. നെടുമ്പറമ്പ് ജങ്ഷനിലൂടെ കടന്നുപോകുന്ന തോട്ടിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം, ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, തലമുടിമാലിന്യം തുടങ്ങിയവ തോട്ടിലേക്കു തള്ളാൻ സമീപത്തുള്ളവർക്ക് എളുപ്പമാണ്. ഇവിടെ സി.സി.ടി.വി.ക്യാമറ നിരീക്ഷണവുമില്ല.
ദിവസവും മാലിന്യം തള്ളുന്നതുമൂലം തോട്ടിലെ നീരൊരുക്ക് കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്. കെട്ടിക്കിടക്കുന്ന മലിനജലം പ്രദേശത്തെ കിണറുകളിലേക്കുമെത്തുന്നു. മറ്റിടങ്ങളിൽ തോട്ടിലേക്കു തള്ളുന്ന മാലിന്യവും ഒഴുകിയെത്തി അടിഞ്ഞുകൂടുന്നത് ഇവിടെയാണ്. ഏറെയും പ്ലാസ്റ്റിക് മാലിന്യമാണ്.
ഹരിതകർമസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ, വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. തോട്ടിലും കരയിലുമായി അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാനും നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.