ബി.ജെ.പി. ശക്തിപ്രകടനം

മാർച്ചിൽ 25,000-ത്തോളം പേർ പങ്കെടുത്തതായി സംഘാടകർ

കൊല്ലം : രാഷ്ട്രീയ വഞ്ചനയ്ക്കും ഇരട്ടത്താപ്പിനുമെതിരേ ജനങ്ങളെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി. സംഘടിപ്പിച്ച മാർച്ചിൽ വൻ ജനപങ്കാളിത്തം. നഗരവീഥികളെ കാവിക്കടലാക്കി ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നതോടെ കൊല്ലം നഗരത്തിൽ ബി.ജെ.പി.യുടെ ശക്തിപ്രകടനമായി പരിപാടി മാറി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25,000-ത്തോളം പേർ പങ്കെടുത്തതായാണ് സംഘാടകരുടെ കണക്ക്.

ബുധനാഴ്ച വൈകീട്ട് 4.30-ന് ചെമ്മാൻമുക്കിൽനിന്നും പോളയത്തോടുനിന്നും ഒരേസമയം രണ്ട് മാർച്ചുകളാണ് ആരംഭിച്ചത്. ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പോളയത്തോടുനിന്നുള്ള മാർച്ചിനും ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ചെമ്മാൻമുക്കിൽനിന്നുള്ള മാർച്ചിനും നേതൃത്വം നൽകി. ഇരുഭാഗത്തുനിന്നും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ നഗരമധ്യത്തിലേക്ക് നീങ്ങിയതോടെ പ്രധാന റോഡുകളിൽ ഗതാഗതം മന്ദഗതിയിലായി.ഇരു ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആരംഭിച്ച മാർച്ചുകൾ കപ്പലണ്ടിമുക്കിൽ സംഗമിച്ചു. തുടർന്ന് സംയുക്തമായി ചിന്നക്കടയിലേക്കു നീങ്ങി. വഴിനീളെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രവർത്തകർ മാർച്ചിനൊപ്പം ചേർന്നു. കേന്ദ്ര-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടി ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകളും പ്രചാരണവിഷയങ്ങളാക്കി നടത്തിയ മാർച്ച് ചിന്നക്കടയിൽ സമാപിച്ചു.

തിരഞ്ഞെടുപ്പില്ലാതെ അട്ടിമറിയിലൂടെ അധികാരം പിടിക്കാൻ കോൺഗ്രസ്‌ ശ്രമം-കെ. സുരേന്ദ്രൻ

കൊല്ലം : ജനാധിപത്യത്തിലൂടെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തുന്നതിനു പകരം, തിരഞ്ഞെടുപ്പില്ലാതെ അട്ടിമറിയിലൂടെ അധികാരം പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. ലോകത്തെ വിവിധ രാജ്യങ്ങളിൽ പരീക്ഷിക്കുന്ന ഇത്തരം നീക്കങ്ങളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വഞ്ചനയ്ക്കും ഇരട്ടത്താപ്പിനുമെതിരേ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി.യുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ മാർച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2047-ഓടെ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ ബി.ജെ.പി.യും എൻ.ഡി.എ.യും രാജ്യം ഭരിക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. കോൺഗ്രസും സി.പി.എമ്മും ഒറ്റ മുന്നണിയായി മത്സരിച്ചാലും നേരിടാൻ ബി.ജെ.പി. തയ്യാറാണ്. വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിനെതിരായ (എസ്.ഐ.ആർ.) പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസും സി.പി.എമ്മും ജനങ്ങളെ കബളിപ്പിക്കുകയാണ്.

എസ്.ഐ.ആറിനുശേഷം നടന്ന തിരഞ്ഞെടുപ്പുകൾ നിയമവിരുദ്ധമാണെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് ശരിയാണെങ്കിൽ, ആ തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രിമാർ രാജിവെക്കാൻ തയ്യാറാകണം. പി.എസ്.സി. നിയമനങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള, ആരോഗ്യരംഗത്തെ ആരോപണങ്ങൾ എന്നിവയിൽ എൽ.ഡി.എഫും യു.ഡി.എഫും ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സമാപനസമ്മേളനത്തിൽ വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. എം. നാഗരാജ, ദേശീയ സെക്രട്ടറി വെങ്കിടേശൻ, ബി.ബി. ഗോപകുമാർ എം.എൽ.എ., സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, അനൂപ് ആന്റണി, ഈസ്റ്റ് ജില്ലാ അധ്യക്ഷത രാജിപ്രസാദ്, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. അജിത് കുമാർ, സംസ്ഥാന വക്താവ് കേണൽ ഡിന്നി തുടങ്ങിയവർ സംസാരിച്ചു.