അഷ്ടമിരോഹിണിക്ക് നാടൊരുങ്ങി.. ഉണ്ണിക്കണ്ണന്മാരിന്നിറങ്ങും

കൊട്ടാരക്കര : ഓടക്കുഴലൂതി ഭക്തമനസ്സുകളിലേക്കോടിയെത്തുന്ന ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി. ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ നാടും നഗരവും ശോഭായാത്രകളാൽ നിറയും. ഗോപൂജ, വെണ്ണനിവേദ്യം, പാൽപ്പായസ പൊങ്കല, അവൽപ്പൊതി സമർപ്പണം തുടങ്ങി പ്രത്യേകപൂജകളും ചടങ്ങുകളുമായി ക്ഷേത്രങ്ങളിൽ അഷ്ടമിരോഹിണി ആഘോഷമാകും. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നാടെങ്ങും വ്യാഴാഴ്ച ശോഭായാത്രകൾ നടക്കും.

വെള്ളിയാഴ്ച മൂന്നോടെ വിവിധ കേന്ദ്രങ്ങളിൽനിന്നു പുറപ്പെടുന്ന ചെറു ശോഭായാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രയാകും. താലൂക്കിൽ 18 ഇടങ്ങളിലാണ് മഹാശോഭായാത്ര. കൊട്ടാരക്കരയിൽ മഹാഗണപതിക്ഷേത്രത്തിൽ ഉറിയടിയോടെയും ഗോപികാനൃത്തത്തോടെയും തുടങ്ങുന്ന ശോഭായാത്ര നഗരം ചുറ്റി കുലശേഖരനെല്ലൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിക്കും. തൃക്കണ്ണമംഗൽ, നെടുവത്തൂർ, ഇരണൂർ, വെട്ടിക്കവല, അന്തമൺ, കോട്ടാത്തല എന്നിവിടങ്ങളിൽ മഹാശോഭായാത്രകൾ നടക്കും. എഴുകോൺ, പുതുശ്ശേരിക്കോണം, കാക്കക്കോട്ടൂർ, വല്ലം, കുറുമ്പാലൂർ, ആനക്കോട്ടൂർ, അന്നൂർ, വിലങ്ങറ, ഉമ്മന്നൂർ, പഴിഞ്ഞം, തിരുവട്ടൂർ, പനയറ, തെറ്റിയോട്, പച്ചൂർ, നടുക്കുന്ന്, വില്ലൂർ മേലില, കലയപുരം, താമരക്കുടി, മൈലം, ഇഞ്ചക്കാട്, പള്ളിക്കൽ, പെരുങ്കുളം, പെരുങ്കുളം കിഴക്ക്, കോട്ടാത്തല വടക്ക്, കുളക്കട, തുരുത്തിയിലമ്പലം തുടങ്ങി എല്ലായിടങ്ങളിലും ശോഭായാത്രകൾ നടക്കും.

വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പുരാണ വേഷധാരികൾ, ഗോപികാനൃത്തം തുടങ്ങിയവ ശോഭായാത്രകളിൽ അഴകാകും. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഉറിയടി നടത്തും. ക്ഷേത്രങ്ങളിൽ സാംസ്കാരിക സമ്മേളനം, അവൽപ്രസാദ വിതരണം, ഭജന, അവതാരപൂജ എന്നിവ നടക്കും.

ഓയൂരിൽ മഹാശോഭായാത്ര

ഓയൂർ : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെളിനല്ലൂർ, പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭായാത്രകൾ നടക്കും. വെളിനല്ലൂർ പഞ്ചായത്ത് ഓയൂരിൽ ശ്രീദുർഗാ ബാലഗോകുലത്തിന്റെ മഹാശോഭായാത്ര നടക്കും. ഓയൂർ, കാളവയൽ, പനയറക്കുന്ന്, നെടുമാൻകോട്, മീയന എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്ന ചെറു ശോഭായാത്രകൾ ചുങ്കത്തറ വലിയവിള ക്ഷേത്രത്തിൽനിന്ന്‌ മഹാശോഭായാത്രയായി ഓയൂർ കീഴൂട്ട് ദേവീക്ഷേത്രത്തിൽ എത്തിച്ചേരും. പുതുശ്ശേരിയിൽ ശ്രീശാസ്താ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര നടക്കും. പൂയപ്പള്ളി പഞ്ചായത്തിൽ മൈലോട് ജ്യോതിർമയി ബാലഗോകുലത്തിന്റെ നേതൃത്വത്തിലും പൂയപ്പള്ളി തച്ചക്കോട് വൃന്ദാവനം ബാലഗോകുലത്തിന്റെ നേതൃത്വത്തിലും മരുതമൺപള്ളി ബാലഗോകുലത്തിന്റെ നേതൃത്വത്തിലും ശോഭായാത്രകൾ ഉണ്ടാകും.

വെളിയം പഞ്ചായത്തിൽ പുല്ലാഞ്ഞിക്കാട്ടും മുട്ടറയിലും ശോഭായാത്രകൾ നടക്കും. അമ്പലംകുന്ന്, ചെറുവക്കൽ എന്നീ കേന്ദ്രങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുണ്ടാകും.

കടയ്ക്കൽ : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് കിഴക്കൻമേഖലയിൽ വിപുലമായ ഒരുക്കങ്ങളായി. കടയ്ക്കൽ തളിയിൽ ക്ഷേത്രം, ചല്ലിമുക്ക്, പാങ്ങലുകാട്, ചിതറ, കാട്ടാമ്പള്ളി, കോട്ടുക്കൽ എന്നിവിടങ്ങളിലാണ് പ്രധാനമായും ആഘോഷപരിപാടികൾ നടക്കുക. ക്ഷേത്രോപദേശകസമിതികളും ബാലഗോകുലവും നേതൃത്വം നൽകും.

കടയ്ക്കൽ തളിയിൽ ക്ഷേത്രത്തിൽ ഘോഷയാത്രയും ഉറിയടിയും നടക്കും. ദേവീക്ഷേത്ര മൈതാനത്തുനിന്ന്‌ നാലിന് ഘോഷയാത്ര തുടങ്ങും. ആൽത്തറമൂട് വഴി തളിയിൽ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി നടക്കും. ചല്ലിമുക്കിൽ ഛത്രപതി ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര നടക്കും. മൂന്നിന് ഇലുപാലം കല്ലുമല തമ്പുരാൻ ക്ഷേത്രത്തിൽനിന്നു ശോഭായാത്ര തുടങ്ങും. ആയിരവില്ലിക്ഷേത്രം വഴി ചല്ലിമുക്കിൽ സമാപിക്കും. അഞ്ചിന് ഉറിയടി, സമാപന സമ്മേളനം. കോട്ടുക്കലിലും പാങ്ങലുകാട്ടിലും ശോഭായാത്ര, ഉറിയടി ഉൾപ്പെടെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

പുത്തൂർ : ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ഗോപികാനൃത്തവും നാടാകെ നിറയുന്ന ജന്മാഷ്ടമി ശോഭായാത്രകൾ വെള്ളിയാഴ്ച നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ഭൂരിഭാഗം ശോഭായാത്രകളും നടക്കുക.

തെക്കുംപുറം, വല്ലഭൻകര, പുത്തൂർ, ചെറുമങ്ങാട് എന്നിവിടങ്ങളിൽനിന്നുള്ള ബാലഗോകുലം ശോഭായാത്രകൾ

വൈകീട്ട് അഞ്ചിന് മണ്ഡപം ജങ്ഷനിൽ സംഗമിക്കും. തുടർന്ന് ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്ര പ്രദക്ഷിണം നടത്തി തെക്കുംപുറം കുമ്പഴ ദേവീക്ഷേത്രത്തിൽ സമാപിക്കും.

ഏറത്തുകുളക്കട ശ്രീഭദ്ര ബാലഗോകുലത്തിന്റെയും കൊല്ലാമല ചൈതന്യ ബാലഗോകുലത്തിന്റെയും ശോഭായാത്രകൾ ലക്ഷംവീട് ജങ്ഷനിൽ സംഗമിച്ച് ആലപ്പാട്ട് ദേവീക്ഷേത്രം വഴി കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിക്കും.

കുളക്കട കിഴക്ക് വിവേകാനന്ദ ബാലഗോകുലത്തിന്റെ ശോഭായാത്ര താഴത്തുകുളക്കട തിരു അമീൻകുന്നത്ത് ക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് തുരുത്തീലമ്പലം ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിക്കും.

പൂവറ്റൂർ പടിഞ്ഞാറ് ശ്രീനന്ദനം ബാലഗോകുലത്തിന്റെ ശോഭായാത്ര പൂവറ്റൂർ ഭഗവതിക്ഷേത്രത്തിൽ സമാപിക്കും.

തേവലപ്പുറം ത്രിമൂർത്തി, താമരംചിറ ശ്രീകൃഷ്ണ ബാലഗോകുലങ്ങളുടെ ശോഭായാത്ര തേവലപ്പുറം മൂന്നുമൂർത്തിക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് താമരംചിറ ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിക്കും. പുല്ലാമലയിലും ആനക്കോട്ടൂരിലും ശോഭായാത്രകൾ നടക്കും.

മനക്കരക്കാവ് ശ്രീലക്ഷ്മി, വെണ്ടാർ ശ്രീമുരുക, പാണ്ടറ ശ്രീഭുവനേശ്വരി ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ വെണ്ടാർ സുബ്രഹ്മണ്യക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് വിവിധ ക്ഷേത്രങ്ങൾ വഴി വെണ്ടാർ പേറുകാട് ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിക്കും. മൈലംകുളം ശ്രീദുർഗ ബാലഗോകുലത്തിന്റെ ശോഭായാത്ര മൈലംകുളം വർക്കല ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച്‌ മാവടി പുനരൂർകുളങ്ങര ക്ഷേത്രം വഴി മൈലംകുളം ദുർഗാദേവിക്ഷേത്രത്തിൽ സമാപിക്കും. മാവടി, മഠത്തിനാപ്പുഴ, ആറ്റുവാശ്ശേരി, പൂവറ്റൂർ കിഴക്ക് എന്നിവിടങ്ങളിലും ശോഭായാത്രകൾ ഉണ്ടാകും.

ഇടവട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സാന്ദീപനി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ

ആരംഭിക്കുന്ന ശോഭായാത്രകൾ പൊരീക്കൽ ജങ്ഷനിൽ സംഗമിച്ച് യോഗീശ്വരസ്വാമിക്ഷേത്രത്തിൽ സമാപിക്കും.

കൈതക്കോട് വീരസവർക്കർ ബാലഗോകുലത്തിന്റെയും ശ്രീദുർഗ ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ വിവിധ ക്ഷേത്രങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന ശോഭായാത്രകൾ കൈതക്കോട് ജങ്‌ഷനിൽ സംഗമിച്ചശേഷം കൈതക്കോട് നെടിയവിള ദുർഗാ-ഭദ്രാ ദേവിക്ഷേത്രത്തിൽ സമാപിക്കും.

ചെറുപൊയ്ക വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോരായിക്കോട് മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന്‌ ആരംഭിക്കുന്ന ശോഭായാത്ര ചെറുപൊയ്‌ക മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിക്കും.

പാങ്ങോട് മണ്ഡലത്തിന്റെ വിവിധ ശോഭായാത്രകൾ വൈകീട്ട് നാലിന് പാങ്ങോട് ദേവീക്ഷേത്രമൈതാനിയിൽ സംഗമിച്ച്‌ മഹാശോഭായാത്രയായി താഴം തിരു ആദിശമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിക്കും. മാറനാട് ശ്രീഗുരുജി, ശ്രീഭദ്ര ബാലഗോകുലങ്ങളുടെ ശോഭായാത്ര മാറനാട് മണ്ണൂർക്കാവ് മഹാവിഷ്ണു‌ക്ഷേത്രത്തിൽ സമാപിക്കും.