ട്രാൻസ്‌ഫോമറിന്റെ സുരക്ഷാവേലി അപകടക്കെണിയാകുന്നു

ചാത്തന്നൂർ : പാതയോരത്തെ ട്രാൻസ്‌ഫോമറിന്റെ സുരക്ഷാവേലി അപകടക്കെണിയാകുന്നതായി പരാതി. ചിറക്കര ഗ്രാമപ്പഞ്ചായത്ത് വിളപ്പുറം വാർഡിൽ പാണിയിൽ ഗുരുമന്ദിരത്തിനു സമീപം റോഡരികിലുള്ള ട്രാൻസ്‌ഫോമറാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നത്. ട്രാൻസ്‌ഫോമറിനു ചുറ്റുമുള്ള സുരക്ഷാവേലി ശരിയായരീതിയിൽ ഉറപ്പിക്കാത്തതാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നത്.
കൊച്ചാലുംമൂട്-ഒഴുകുപാറ റോഡിൽ, കുത്തിറക്കത്തിൽ വരുന്ന ഭാഗത്തിന് നേർദിശയിലാണ് ഈ ട്രാൻസ്‌ഫോമറുള്ളത്. സ്കൂൾ ബസുകൾ, ടിപ്പർ ലോറികൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിത്യേന കടന്നുപോകുന്ന തിരക്കേറിയ വഴിയാണിത്. സുരക്ഷാവേലി ബലപ്പെടുത്തി അപകടസാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
കെ.എസ്.ഇ.ബി.യുടെ അനാസ്ഥയിൽ പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ട് സുരക്ഷാവേലി ബലപ്പെടുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.