ചതുപ്പിൽ താഴ്ന്ന് അപകടത്തിലായ32 സുനാമി ഫ്ലാറ്റുകൾ...ഫ്ലാറ്റാകും

പൊളിക്കാൻ പ്രമേയം പാസാക്കി കോർപ്പറേഷൻ കൗൺസിൽ
കൊല്ലം :ചതുപ്പിൽ താഴ്ന്ന് അപകടാവസ്ഥയിലായ ആക്കോലിൽ അനുഗ്രഹ സുനാമി ഫ്ലാറ്റ് സമുച്ചയത്തിലെ 32 ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ കൊല്ലം കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ആക്കോലിൽ ഡിവിഷൻ കൗൺസിലർ എ.കെ.അസൈനാണ് പ്രമേയം അവതരിപ്പിച്ചത്.
തെക്കുംഭാഗം ഡിവിഷൻ കൗൺസിലർ ഇസബല്ല പിന്തുണച്ചു. രാഷ്ട്രീയഭേദെമന്യേ കൗൺസിലർമാർ പ്രമേയത്തെ അംഗീകരിച്ചതായി എ.കെ.അസൈൻ അറിയിച്ചു. സുനാമിയിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ നിർമിച്ച ഫ്ലാറ്റുകളാണ് വർഷങ്ങളായി ചതുപ്പിൽ താഴ്ന്ന് അപകടഭീഷണി ഉയർത്തുന്നത്.
മഴപെയ്യുമ്പോൾ കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകുകയും ഭിത്തികളുടെ ഭാഗങ്ങൾ അടർന്നുവീഴുകയും ചെയ്യുന്നതായി താമസക്കാർ പരാതിപ്പെടുന്നു. കെട്ടിടഭാഗങ്ങൾ ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നത്. ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റുകൾ സമൂഹവിരുദ്ധരുടെ താവളമായും ഇഴജന്തുക്കളുടെ കേന്ദ്രമായും മാറിയതായി പരാതിയുണ്ട്.
നാലുകോടിയിലധികം രൂപ ചെലവഴിച്ച് ആക്കോലിൽ ഭവനപദ്ധതിയിൽ 104 ഫ്ലാറ്റുകളാണ് നിർമിച്ചത്. ഇതിൽ 58 എണ്ണം കൈമാറി. ചതുപ്പുനിലത്ത് നിർമിച്ച 32 ഫ്ലാറ്റുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതിനെത്തുടർന്ന് ഇവയുടെ താക്കോൽ കൈമാറിയില്ലെന്നാണ് വിവരം. മണ്ണുപരിശോധന നടത്താതെ നിർമാണം നടത്തിയതാണ് ഫ്ലാറ്റുകൾ താഴാൻ കാരണമെന്ന് ആരോപണവുമുയർന്നിട്ടുണ്ട്.
32 ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ഔദ്യോഗിക ശുപാർശ നൽകുമെന്ന് ഡിവിഷൻ കൗൺസിലർ പറഞ്ഞു. തുടർന്ന് പ്രദേശവാസികളുമായി ചർച്ച നടത്തി ഡ്രെയിനേജ് സംവിധാനം, പുതിയ ഫ്ലാറ്റുകൾ, കമ്യൂണിറ്റി ഹാൾ എന്നിവ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആക്കോലിൽ അനുഗ്രഹ ഫ്ലാറ്റുകൾക്കു പുറമേ വള്ളക്കടവ്, സ്നേഹതീരം എന്നിവയുൾപ്പെടെ കോർപ്പറേഷൻ പരിധിയിലെ ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള തുക മുഖ്യമന്ത്രി അനുവദിച്ചതായും അസൈൻ അറിയിച്ചു. ഇരവിപുരം എം.എൽ.എ. അഡ്വ. വിഷ്ണു മോഹന്റെ ഇടപെടലിനെത്തുടർന്നാണ് തുക അനുവദിച്ചത്. വരുംദിവസങ്ങളിൽ ഉദ്യോഗസ്ഥരും തഹസിൽദാറും സ്ഥലത്തെത്തി എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ പരിധിയിലെ വിവിധ ഡിവിഷനുകളിൽ അപകടാവസ്ഥയിലായ മുഴുവൻ സുനാമി ഫ്ളാറ്റുകളും പൊളിച്ചുനീക്കാനും പുതിയ സമുച്ചയം നിർമിക്കുന്നതിനും കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.