പോലീസ് ഏമാന്മാർ എവിടെ... എന്തൊരു കുരുക്ക്

വീർപ്പുമുട്ടി കേരളപുരം
കേരളപുരം : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കേരളപുരം ജങ്ഷനിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. കുഴിയം, പൂജപ്പുര ഭാഗത്തേക്കും തിരിച്ച് മാമ്പുഴ, പെരുമ്പുഴ മൃഗാശുപത്രിമുക്ക് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ ദേശീയപാത കുറുകേ കടക്കുമ്പോഴാണ് കുരുക്കുണ്ടാക്കുന്നത്. വൈകീട്ട് ലവൽക്രോസ് അടയ്ക്കുന്നതോടെ തിരക്ക് അനിയന്ത്രിതമാകും. തീവണ്ടി പോയിക്കഴിഞ്ഞ് ഗേറ്റ് തുറക്കുന്നതോടെ കുഴിയം റോഡിൽനിന്ന് വാഹനങ്ങളുടെ നീണ്ട വരി ദേശീയപാതയിലാവും. ഇതോടെ ഗതാഗതം പൂർണമായും നിശ്ചലമാകും. കേരളപുരത്തുനിന്ന് ആയൂർ റോഡിലേക്കും തിരിച്ചും തിരിയുന്ന വാഹനങ്ങളും കുരുക്ക് വർധിപ്പിക്കുന്നു.
ഗതാഗതക്കുരുക്കിൽ അകപ്പെട്ടുപോയ അത്യാവശ്യ യാത്രക്കാർ എങ്ങനെയെങ്കിലും പുറത്തുകടക്കാനായി ശ്രമിക്കുന്നതും ഇരുചക്രവാഹനങ്ങളുടെ തള്ളിക്കയറ്റവും കുരുക്ക് കൂടുതൽ വഷളാക്കും. തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി 7.30-ഓടെയാണ് അയഞ്ഞത്. ഇരുവശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളും ജങ്ഷനിൽ ബൈക്കുകൾ പാർക്കുചെയ്യുന്നതും ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.മുൻപ് ഓട്ടോഡ്രൈവർമാർ ഇവിടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. വാഹനയാത്രക്കാർ എതിർത്തതോടെ ഇവരും പ്രതികരിക്കാതെയായി. തീവണ്ടി പോകുന്നതിന് ഗേറ്റ് അടയ്ക്കുമ്പോൾ ഇളമ്പള്ളൂരിലും പള്ളിമുക്കിലും കുരുക്കുണ്ടെങ്കിലും ഇത് മണിക്കൂറുകൾ നീളാറില്ല. രണ്ടിടത്തും പോലീസിന്റെയും ഹോം ഗാർഡിന്റെയും നിയന്ത്രണമുണ്ട്.
കേരളപുരത്ത് തിരക്ക് നിയന്ത്രിക്കാൻ പോലീസില്ല. സ്കൂളുകളും കോളേജുകളും വിട്ടുവരുന്ന വിദ്യാർഥികളും ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുന്ന ജീവനക്കാരും തൊഴിലാളികളുമെല്ലാം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ വലയുന്നു. കുണ്ടറയിലെത്തി വേറേ ബസ് കയറേണ്ട യാത്രക്കാർക്ക് പലർക്കും വീട്ടിലേക്കുള്ള അവസാന ബസും നഷ്ടപ്പെടുന്നത് പതിവായി.