വൈദ്യുതലൈനുകൾക്കു താഴെ വീടുനിർമിക്കാൻ 27 പേർക്ക് അനുമതി

കൊല്ലം: സംസ്ഥാനത്ത് ഉയർന്ന ശേഷിയുള്ള വൈദ്യുതലൈനുകൾക്കു താഴെ വീടുനിർമിക്കുന്നതിന് വിവിധ ജില്ലകളിലെ 27 അപേക്ഷകർക്ക് സർക്കാർ പ്രത്യേകാനുമതി നൽകി. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ചട്ടങ്ങളിൽ ഇളവുവരുത്തിയാണ് അനുമതി .
വൈദ്യുതി അതോറിറ്റിയുടെ, സുരക്ഷയും വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട റെഗുലേഷൻസ് 2023-ലെ 62, 63 ചട്ടങ്ങൾ പ്രകാരം വൈദ്യുതലൈനുകൾക്കു താഴെ കെട്ടിടങ്ങൾ നിർമിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുള്ളതാണ്.
എന്നാൽ, റെഗുലേഷൻ 136(1) പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിശ്ചിത ലംബ/തിരശ്ചീന അകലം പാലിച്ച് വീടുനിർമിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽനിന്നുള്ളവരാണ് അപേക്ഷകർ. 66 കെ.വി മുതൽ 400 കെ.വി. വരെയുള്ള വൈദ്യുതലൈനുകൾക്കു താഴെ സുരക്ഷിതമായ ലംബ അകലമുള്ള പ്ലോട്ടുകളിലാണ് ഇളവനുവദിച്ചിട്ടുള്ളത്.
ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ള സുരക്ഷാ അകലവും മറ്റു നടപടികളും പാലിക്കുന്നുണ്ടെന്ന് അതത് ജില്ലകളിലെ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഉറപ്പുവരുത്തണം. നിർമാണം പൂർണമായും കെട്ടിട ഉടമയുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും.
ഭാവിയിൽ വൈദ്യുതലൈൻ മൂലം ജീവനോ സ്വത്തിനോ നാശനഷ്ടമുണ്ടായാൽ സർക്കാരിൽനിന്നോ വൈദ്യുതിവിതരണ കമ്പനിയിൽനിന്നോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്നോ യാതൊരുവിധ നഷ്ടപരിഹാരത്തിനും അർഹതയുണ്ടായിരിക്കില്ല. സുരക്ഷാനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാമെന്നു വ്യക്തമാക്കി ഉടമകൾ സത്യപ്രസ്താവന നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.