പുനലൂർ ഇൻഡോർ സ്റ്റേഡിയം മൂന്നുമാസത്തിനകം തുറക്കും

അറ്റകുറ്റപ്പണി ആരംഭിക്കാൻ കരാറുകാർക്ക് നിർദേശം

പുനലൂർ :ഉദ്ഘാടനം ചെയ്ത് മൂന്നുകൊല്ലം പിന്നിട്ടിട്ടും അടഞ്ഞുകിടക്കുന്ന പുനലൂരിലെ ഇൻഡോർ സ്റ്റേഡിയം അപാകങ്ങൾ പരിഹരിച്ച് മൂന്നുമാസത്തിനുള്ളിൽ തുറക്കും. സി. അജയപ്രസാദ് എം.എൽ.എ., പുനലൂർ നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭാ കാര്യാലയത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിർമാണപ്രവൃത്തിയിലെ വീഴ്ചമൂലമുണ്ടായ ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണി ആരംഭിക്കാൻ യോഗം കരാറുകാരോട് നിർദേശിച്ചു.

മേൽക്കൂരയിലെ ചോർച്ച പരിഹരിക്കുന്നതിനും ചോർച്ചമൂലം വെള്ളംവീണ നിലത്തെ മേപ്പിൾ പലകകൾ പുനഃസ്ഥാപിക്കുന്നതിനും പൊട്ടിയ ടൈലുകൾ മാറ്റാനുമുള്ള അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കണമെന്ന് എം.എൽ.എ. കരാറുകാരുടെ പ്രതിനിധിക്ക് കർശന നിർദേശം നൽകി.

സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ (എസ്.കെ.എഫ്.) ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, എക്‌സിക്യുട്ടീവ് എൻജിനിയർ എസ്. മനോജ്, നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ച ഏജൻസിയായ 'കിറ്റ്‌കോ'യുടെ പ്രോജക്ട് മാനേജർ പി.ആർ. റീബ, നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ എൽ. ദിലീപ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിനു മുന്നോടിയായി സ്‌റ്റേഡിയം പരിശോധിക്കുകയും ചെയ്തു. കെട്ടിടത്തിലെ വെളിച്ചവിന്യാസം ക്രമീകരിക്കാനും നിലത്ത് ഓരോ കളിക്കും അനുസരിച്ചുള്ള രേഖകൾ അടയാളപ്പെടുത്താനും നടപടിയെടുക്കുമെന്ന് എസ്.കെ.എഫ്. അധികൃതർ യോഗത്തെ അറിയിച്ചു. ജനറേറ്റർ ഉപയോഗയോഗ്യമാക്കാൻ തയ്യാറാക്കിയ അടങ്കലിന് 'കിഫ്ബി'യുടെ അനുമതി നേടാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് കിറ്റ്‌കോ അധികൃതർ അറിയിച്ചു.

മേൽക്കൂരയിലെ ചോർച്ച, കെട്ടിടത്തിലെ അമിതചൂട്, ലൈറ്റുകളുടെ വിന്യാസത്തിലെ വ്യത്യാസങ്ങൾ തുടങ്ങിയ ഒട്ടേറെ നിർമാണപ്പിഴവുകൾമൂലമാണ് സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയാത്തത്. കായികതാരങ്ങൾക്ക് വിശ്രമസൗകര്യവും കാണികൾക്ക് ഇരിപ്പിടസൗകര്യവും ഒരുക്കാതെ സ്‌റ്റേഡിയം രണ്ടുതവണ ഉദ്ഘാടനം ചെയ്തിരുന്നു.

നഗരസഭാ ഉപാധ്യക്ഷ കെ. പ്രഭ, സ്ഥിരംസമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, കെ. രാജശേഖരൻ, എസ്. അൻവർ, ടി. അനിത, ഗീതാകുമാരി, കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.