മാലിന്യക്കൂമ്പാരം നീക്കി...ഇനി ഇവിടെ കാൽപ്പന്തുരുളും

കൊട്ടിയം :മയ്യനാട് താന്നിമുക്ക് സാഗരതീരം സുനാമി ഫ്ലാറ്റിൽ ഇനി മാലിന്യത്തിന്റെ ഗന്ധമില്ല. കാൽപ്പന്തിന്റെ ആവേശമാണ്. വർഷങ്ങളായി കുന്നുകൂടിയ മാലിന്യം നീക്കിയതോടെ കുട്ടികൾക്കും യുവാക്കൾക്കും കളിസ്ഥലമായി. സുനാമി പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തി 15 വർഷം മുൻപ്‌ നിർമിച്ച ഫ്ലാറ്റിൽ മാലിന്യം ഇടാൻ സ്ഥലമില്ലാത്തതിനാൽ സമീപത്തെ വലിയ ഒരു പുരയിടത്തിലാണ്‌ ആളുകൾ മാലിന്യം ഇട്ടിരുന്നത്.

വർഷങ്ങൾ പിന്നിട്ടതോടെ വലിയ മാലിന്യക്കൂമ്പാരമായി ഇവിടം മാറി. പല ജനപ്രതിനിധികളോടും താമസക്കാർ വിഷയം പറഞ്ഞെങ്കിലും ആരും പരിഹാരം കണ്ടില്ല. എന്നാൽ ഈ വാർഡിൽനിന്നു വിജയിച്ച പഞ്ചായത്തംഗം ആർ.എസ്. അബിൻ ഈ മാലിന്യം നീക്കാൻ മുന്നിട്ടിറങ്ങി.

യുവതലമുറയെ ലഹരിയിൽനിന്ന് പിന്തിരിപ്പിക്കുന്നതും ലക്ഷ്യമായതോടെ ഇവിടെ മനോഹരമായ കളിസ്ഥലം ഒരുങ്ങി. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കാൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അജൈവമാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. ജൈവമാലിന്യങ്ങളുടെ സംസ്കരണത്തിനായി സ്ഥലത്ത് പ്ലാന്റ്‌ ഒരുക്കുമെന്ന് വിഷ്ണു മോഹൻ എം.എൽ.എ. ഉറപ്പു നൽകിയിട്ടുണ്ട്.

ഓഡിറ്റോറിയവും തയ്യാർ

:സുനാമി പുനരധിവാസപദ്ധതിയുടെ ഭാഗമായി നിർമിച്ചശേഷം ഉപയോഗിക്കാതെ കാടുകയറി സമൂഹവിരുദ്ധർ താവളമാക്കിയ കെട്ടിടവും അബിൻ മുൻകൈയെടുത്ത് നവീകരിച്ച് ഓഡിറ്റോറിയമാക്കി.

സുനാമി ഫ്ലാറ്റിലെ കുടുംബങ്ങൾക്ക് ആഘോഷപരിപാടികൾ സംഘടിപ്പിക്കാനും ചടങ്ങുകൾ നടത്താനും ഇനി ഇവിടെ ഒരു രൂപ വാടക നൽകിയാൽ മതി. ആർ.എസ്. അബിന്റെ സാന്നിധ്യത്തിൽ വിഷ്ണു മോഹൻ എം.എൽ.എ. നവീകരിച്ച കെട്ടിടം നാടിനു സമർപ്പിച്ചു.