എം.സി. റോഡിൽ വാഹനാപകടം: രണ്ടുപേർക്കു പരിക്ക്

ചടയമംഗലം : എം.സി. റോഡിൽ മുരുക്കുമൺ ജങ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. പത്തനാപുരം സ്വദേശികളായ തമ്പി(67), ജിതിൻ(41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹരിപ്പാടുനിന്ന് തിരുവനന്തപുരം ആർ.സി.സി.യിലേക്ക് രോഗിയുമായി പോയ കാറിൽ തിരുവനന്തപുരത്തുനിന്ന് പത്തനാപുരത്തേക്കു പോയ കാർ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരത്തേക്കു പോയ കാറിന്റെ ഒരു വശം തകർന്നു.
കഴിഞ്ഞ ദിവസം രാത്രി ഇവക്കോട് മേഖലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചിരുന്നു. നാലു ദിവസം മുൻപ് ചടയമംഗലം ബ്ലോക്ക് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്കു പരിക്കേറ്റിരുന്നു.