ഖനനവും കടത്തും അവധിദിനങ്ങളിലും

കൊട്ടാരക്കര : അവധിദിനങ്ങൾ കേന്ദ്രീകരിച്ച് മണ്ണും പാറയും കടത്തുന്നത്‌ സജീവം. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുന്നത് ഒഴിവാക്കാനാണ് അവധിദിനങ്ങളിൽ ഖനനവും കടത്തും നടത്തുന്നത്. താലൂക്കിൽ അനധികൃത ഖനനം സജീവമാണെന്ന പരാതി ശക്തമാകുമ്പോഴാണ് അവധിദിനങ്ങളിലും ഖനനം നടക്കുന്നത്.

മേലില കുംബിക്കോട് പ്രദേശത്ത് സ്വകാര്യ പുരയിടത്തിൽനിന്ന്‌ വൻതോതിൽ മണ്ണ് കടത്തുന്നതിനെക്കുറിച്ച്‌ നാട്ടുകാർ അധികൃതരോട്‌ പരാതിപ്പെട്ടിട്ടിട്ടും അവധിദിനമായതിനാൽ ആരും എത്തിയില്ല. വെളിയം പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ ഖനനം നടക്കുന്നതായി താലൂക്ക് വികസനസമിതി യോഗത്തിൽ പരാതിയുയർന്നിരുന്നു.

ഉമ്മന്നൂർ പഞ്ചായത്തിൽ പാറക്വാറികളുടെ പ്രവർത്തനം ജനജീവിതത്തെ ബാധിക്കു​ന്നെന്ന പരാതിയുയർന്നിട്ടും ഫലമില്ല. പവിത്രേശ്വരം പകുതിപ്പാറയിൽ ഖനനത്തിനെതി​രേ പരാതിയുണ്ടായിട്ടും നടപടിയില്ല. പ്രതിഷേധത്തിനായി നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു. പെരുങ്കുളം പൊങ്ങൻപാറയിൽ പ്രവർത്തനാനുമതി പുതുക്കിയ ക്വാറിയിൽ അവധിദിനത്തിലായിരുന്നു ഖനനം. നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസെത്തി നിർത്തിച്ചു.

ഖനനമാഫിയ താലൂക്കിൽ വീണ്ടും തലപൊക്കിയ സ്ഥിതിയാണെന്ന്‌ പരാതിയുയരുന്നു. ജിയോളജി, പോലീസ്, റവന്യൂ വകുപ്പുകളുടെ പരിശോധനകൾ നിലച്ച സ്ഥിതിയാണ്. എല്ലാ താലൂക്ക് വികസനസമിതി യോഗത്തിലും അനധികൃത ഖനനം ചർച്ചാവിഷയമായിട്ടും പ്രയോജനമില്ലെന്ന് പ്രതിനിധികളും പറയുന്നു.