കൊട്ടിയത്ത് കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ ആൾ പിടിയിൽ

കൊട്ടിയം :കൊട്ടിയം നഗരത്തിലെ കടയുടെ ഷട്ടർ പൂട്ടുകൾ തകർത്ത് പണവും മൊബൈൽ ഫോണും ബ്ലൂടൂത്ത് ഡിവൈസും കവർന്ന തമിഴ്നാട്ടുകാരനായ മോഷ്ടാവിനെ കൊട്ടിയം പോലീസ് തമിഴ്നാട്ടിൽനിന്ന് സാഹസികമായി പിടികൂടി.
ഈറോഡ് കരിങ്കൽപ്പാളയം ജീവാനഗറിൽ ജോൺ ദുരൈ(46)യാണ് അറസ്റ്റിലായത്. ഇയാളെ പിടികൂടുന്നതിനിടെ കൊട്ടിയം എസ്.ഐ. അഭിജിത്തിന് പരിക്കേറ്റു. കൊട്ടിയം ജങ്ഷനിൽ മയ്യനാട് റോഡിൽ മൊബൈൽ കടയും ബേക്കറിയും ചേർന്നു പ്രവർത്തിക്കുന്ന എം.എ.കെ.സ്റ്റോറിൽ ഓഗസ്റ്റ് 14-ന് രാത്രിയായിരുന്നു മോഷണം. സമീപത്തെ രണ്ടു കടകളിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു.
എം.എ.കെ.സ്റ്റോറിന്റെ മെയിൻ റോഡിനോടു ചേർന്ന മുൻഭാഗത്തെ ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് ഇയാൾ കടയ്ക്കുള്ളിൽ കയറിയത്. രാവിലെ കടയുടമ ലുക്മാൻ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും ഒരു മൊബൈൽ ഫോണും ബ്ലൂടൂത്ത് ഡിവൈസുകളും നഷ്ടപ്പെട്ടിരുന്നു. കടയുടമയുടെ പരാതിയിൽ കൊട്ടിയം പോലീസ് സമീപത്തെ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഈറോഡ് കൃഷ്ണപാളയം കോളനിയിലെ താമസസ്ഥലത്തെത്തിയാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.
പോലീസ് സംഘത്തെ കോളനിവാസികൾ വളഞ്ഞെങ്കിലും സമയോചിതമായ ഇടപെടൽ കാരണം അനിഷ്ട സംഭവങ്ങളുണ്ടായില്ല. വീട്ടിൽനിന്നു പിടികൂടുന്നതിനിടെ കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ച ജോൺ ദുരൈയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐ.ക്ക് തോളിനു പരിക്കേറ്റത്. കൊട്ടിയത്തെത്തി ആശുപത്രിയിൽ ചികിത്സതേടി. തമിഴ്നാട്ടിൽനിന്ന് ഇടയ്ക്കിടെ കേരളത്തിലെത്തി ഇയാൾ മോഷണം നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. തിരുപ്പൂരിലും മോഷണക്കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊട്ടിയം എസ്.എച്ച്.ഒ. വിഷ്ണു സജീവിന്റെ നിർേദശപ്രകാരം എസ്.ഐ. അഭിജിത്ത്, സി.പി.ഒ.മാരായ അരുൺ, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.