ഒടുവിൽ നെല്ലിപ്പള്ളി-ചാലിയക്കര റോഡിൽ ടാറിങ്ങായി

പുനലൂർ :മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നെല്ലിപ്പള്ളി-ചാലിയക്കര പാതയിൽ ടാറിങ് പൂർത്തിയായി. ഇനി സുരക്ഷാ അടയാളങ്ങൾകൂടി രേഖപ്പെടുത്തിയാൽ പുനരുദ്ധാരണം മുഴുവനാകും.
മാസങ്ങളോളം നാട്ടുകാരെ ചെളിയിലും പൊടിയിലും മുക്കിയ റോഡിന്റെ പുനരുദ്ധാരണത്തിനാണ് ഇതോടെ തീർപ്പായത്. മരാമത്തുവകുപ്പിന്റെ പുനലൂർ സബ്ഡിവിഷൻ പരിധിയിൽ അഞ്ചുകോടി രൂപ അടങ്കലിൽ പുനരുദ്ധാരണം നടന്ന റോഡാണിത്. 7.7 കിലോമീറ്റർ ദൈർഘ്യവും 3.8 മീറ്റർ വീതിയുമുള്ള റോഡിൽ ഒരുകൊല്ലംമുൻപാണ് പുനരുദ്ധാരണം തുടങ്ങിയത്.
ആദ്യഘട്ടമായി ചല്ലിനിരത്തിയെങ്കിലും സമയബദ്ധമായി ടാർ ചെയ്യാനായില്ല. ഇതിനുള്ള നടപടികൾ നടന്നുവരുമ്പോഴാണ് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിറ്റുമിന് വില കുത്തനെ ഉയർന്നത്. ഇതോടെ റോഡ് ടാർ ചെയ്യാനാകാതെ പൊടിയിൽ മുങ്ങി. നാട്ടുകാർ പൊടിമൂലം നട്ടംതിരിയുന്നതിടെ മഴ തുടങ്ങി. അതോടെ റോഡ് ചെളിക്കുണ്ടായി.
നേരത്തേ ഉറപ്പിച്ചിരുന്ന ചല്ലിയിളകി റോഡിലുടനീളം വലിയ കുഴികൾ രൂപപ്പെട്ടതോടെ ചെളിയും വെള്ളവും നിറഞ്ഞ റോഡിലിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. നാട്ടുകാർ പ്രതിഷേധിച്ചതോടെ നെല്ലിപ്പള്ളി വാർഡ് കൗൺസിലർ സുനിൽ തോമസ് മണ്ണിലിന്റെ നേതൃത്വത്തിൽ മരാമത്തുവകുപ്പ് അധികൃതർക്ക് പലതവണ പരാതി നൽകി.
പിന്നീട് ബിറ്റുമിൻ വാങ്ങാൻ കഴിഞ്ഞമാസം 30 വരെ സർക്കാർ നൽകിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് റോഡ് ടാർ ചെയ്തത്. കഴിഞ്ഞദിവസം ടാറിങ് പൂർത്തിയാക്കി.
പുനലൂർ നഗരസഭയെയും പിറവന്തൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പുനലൂർ നെല്ലിപ്പള്ളിയിൽ തുടങ്ങി കല്ലാർ, വിളക്കുവെട്ടംവഴി ചാലിയക്കരയിൽ എത്തി ഇവിടെനിന്ന് ഉപ്പുകുഴി, മാമ്പഴത്തറ, നാഗമല, കഴുതുരുട്ടിവഴി കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പ്രവേശിക്കാം. ദേശീയപാതയിൽ ഏതെങ്കിലും സാഹചര്യത്തിൽ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുണ്ടായാൽ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡാണിത്.