കുരിയോട്-വെള്ളൂപ്പാറ റോഡിൽ ദുരിതയാത്ര

ചടയമംഗലം :എം.സി. റോഡിലും ചടയമംഗലം പള്ളിക്കൽ, നിലമേൽ-പാരിപ്പള്ളി പാതകളിലും സന്ധിക്കുന്ന കുരിയോട്-വെള്ളൂപ്പാറ റോഡ് തകർന്ന് നാശമായി. പാതയുടെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കുണ്ടും കുഴിയും നിറഞ്ഞ റോഡ് നാട്ടുകാരുടെ നടുവൊടിക്കുന്ന അവസ്ഥയിലാണ്.

റോഡിന്റെ എം.സി. റോഡിൽ യോജിക്കുന്ന ഭാഗം പൊളിഞ്ഞു. ടാറിങ് നാശമായതോടെ യാത്ര ഏറെ ദുർഘടമായി. വെട്ടുവഴി റേഷൻകട ജങ്ഷനിൽ പാത വെള്ളക്കെട്ടിൽ മുങ്ങി. കലയം, കൈതോട് ഭാഗത്തേക്കുള്ള പാതകളും തകർന്നതോടെ പ്രദേശവാസികളുടെ പ്രതിഷേധവും കനത്തു.

വാഹനഗതാഗതത്തിന് തീരെ യോഗ്യമല്ലാതായ പാതയിൽ കാൽനടയും ബുദ്ധിമുട്ടിലാണ്. ഇരുചക്രവാഹന അപകടം വർധിച്ചതോടെ പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കുകയാണ്. തിരുവായ്ക്കോട് ക്ഷേത്രം, എസ്‌.കെ.വി. എൽ.പി.എസ്., കുരിയോട് ദേവിക്ഷേത്രം, മുസ്‌ലിം പള്ളി, വെള്ളൂപ്പാറ ഗവ. യു.പി.എസ്., ഗണപതിക്ഷേത്രം, പോരേടം മഹാദേവക്ഷേത്രം, പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളുൾ​െപ്പടെയുള്ളവരാണ് പാതയുടെ ശോച്യാവസ്ഥയിൽ ബുദ്ധിമുട്ടുന്നത്.