മയ്യനാട്-പൊഴിക്കര തീരത്ത് മണൽഖനനം അവസാനിപ്പിക്കണം-മയ്യനാട് ഗ്രാമപ്പഞ്ചായത്ത്

ഹൈവേ നിർമാണത്തിന്റെ മറവിൽ കടത്തിയത് കോടികളുടെ മണലെന്ന് പഞ്ചായത്ത്

കൊട്ടിയം : മയ്യനാട്-പൊഴിക്കര തീരദേശമേഖലയിൽ മാസങ്ങളായി നടന്നുവരുന്ന വലിയതോതിലുള്ള മണൽഖനനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.ബുധനാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.എസ്. അബിനാണ് മണൽ ഖനനം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ജൂലായ്‌ അഞ്ചിന് നടന്ന പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ അനധികൃത മണൽ ഖനനം അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി നിർദേശം പ്രമേയമായി അവതരിപ്പിച്ചത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളും ഇത് അംഗീകരിച്ചു. കളക്ടർക്ക് അടിയന്തരമായി കത്തുനൽകാൻ ഭരണസമിതി തീരുമാനിച്ചു. പരിസ്ഥിതി ദുർബലമേഖലയാണ് മയ്യനാട് പൊഴിക്കര മേഖല. മുക്കം-താന്നി ബീച്ചും, പൊഴിക്കര ബീച്ചും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ പ്രകൃതിക്ഷോഭത്തിൽ പോലും വെള്ളം കയറുകയും പൊഴി മുറിക്കുകയും ചെയ്യുന്ന പരിസ്ഥിതി ദുർബല മേഖലയിൽനിന്നാണ് പാരിസ്ഥിതിക പഠനംപോലും ഇല്ലാതെ മാസങ്ങൾ മണൽഖനനം നടത്തിയത്. ഹൈവേ നിർമാണത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെനിന്നു കടത്തപ്പെട്ടു. ആയിരം ലോഡ് മണൽ ഇനിയും ഇവിടെനിന്ന് ഖനനം ചെയ്യാനാണ് സ്വകാര്യ കമ്പനിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് ഇവിടെ മണൽഖനനം നടക്കുന്നത്. സ്വകാര്യ കമ്പനികളുടെ താത്പ‌ര്യത്തിനുവേണ്ടി ഒരു നാടിനെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മയ്യനാട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ആർ.എസ്. അബിൽ പറഞ്ഞു.