ആവശ്യത്തിനു ഡോക്ടർമാരില്ല; നാഥനില്ലാ കളരിയായി താലൂക്കാശുപത്രി

കൊട്ടാരക്കര : ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമത്താൽ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രി വലയുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമ്മർദ്ദം ചെലുത്തി നിയമിച്ച സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്കും മറ്റ്‌ ആശുപത്രികളിലേക്കും മാറ്റി. പ്രതിസന്ധികൾക്കിടയിലും ആശുപത്രിയെ നയിച്ച സൂപ്രണ്ടിനെയും പത്ത് നഴ്‌സുമാരെയും സ്ഥലംമാറ്റി. അടുത്തിടെ രോഗികളോടു മോശമായി പെരുമാറിയതിനു സ്ഥലംമാറ്റപ്പെട്ട ഡോക്ടർക്കു പകരം നിയമനം നടത്തിയിട്ടില്ല. കുത്തഴിഞ്ഞ നിലയിലായി ആശുപത്രിയുടെ പ്രവർത്തനം.

കഴിഞ്ഞ സർക്കാർ അനുവദിച്ച കാർഡിയോളജിസ്റ്റിനെയും സർജനെയും കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വർക്കിങ് അറേഞ്ച് െമന്റിൽ ആഴ്ചയിൽ ഒരു ദിവസംമാത്രം കാർഡിയോളജിസ്റ്റിനെ കൊട്ടാരക്കരയിൽ അനുവദിച്ചു. അസിസ്റ്റന്റ്‌ സർജനെ പുനലൂരിലേക്കു മാറ്റി. പകരം ഡോക്ടർമാർ എത്തിയിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന ന്യൂറോളജി ഡോക്ടറെ തസ്തികയടക്കം ആലപ്പുഴയിലേക്കു കൊണ്ടുപോയി. 12 നഴ്‌സുമാരെ സ്ഥലംമാറ്റിയതും സമീപദിവസങ്ങളിലാണ്. സൂപ്രണ്ടും സ്ഥലംമാറ്റപ്പെട്ടതോടെ നാഥനില്ലാ കളരിയായി ആശുപത്രി മാറി.

പകൽ ഒ.പി.യിൽ 1200-ലധികവും അത്യാഹിതവിഭാഗത്തിൽ രാത്രിയിലുൾ​െപ്പടെ അറുനൂറിലധികവും രോഗികൾ എത്തുന്ന ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരും നഴ്‌സുമാരും ജീവനക്കാരുമില്ലാത്തത് വലിയ പ്രതിസന്ധിയാണെന്ന് അധികൃതർ തിരിച്ചറിയുന്നില്ല. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള സ്ഥലംമാറ്റങ്ങളാണ്‌ ഏറെയും.

പനി ക്ലിനിക്കിൽ ഉൾ​െപ്പടെ രണ്ടു ഡോക്ടർമാരുടെ സേവനമാണ് രാത്രിയിൽ ഉള്ളത്. ആശുപത്രിയിലെ ട്രോമാകെയർ വിഭാഗം ശക്തിപ്പെടുത്താനാണ് കാർഡിയോളജി, ന്യൂറോ, സർജൻ പോസ്റ്റുകൾ അനുവദിച്ചത്.

എന്നാൽ ഭരണം മാറിയപ്പോൾ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ സ്വാധീനംകൂടിയ ഇടങ്ങളിലേക്ക് മാറ്റപ്പെട്ടു. പഴയതുപോലെ അപകടക്കേസുകളെല്ലാം തിരുവനന്തപുരത്തേക്കും മറ്റ്‌ ആശുപത്രികളിലേക്കും റഫർ ചെയ്തു കൈയൊഴിയുന്ന സ്ഥിതിയായി. ആവശ്യത്തിനു ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ താലൂക്ക്‌ ആശുപത്രി വീണ്ടും വിവാദകേന്ദ്രമാകുമെന്ന്‌ കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിലെ ചർച്ചകൾ മുന്നറിയിപ്പുനൽകുന്നു.