മതിലിനുമാകും സന്ദേശങ്ങൾ ചൊല്ലാൻ

ഗതാഗതബോധവത്കരണ ചിത്രങ്ങളൊരുക്കി റിട്ട. ജോയിന്റ് ആർ.ടി.ഒ.
ഓച്ചിറ : സ്വന്തം വീടിന്റെ മതിലിൽ ഗതാഗതനിയമങ്ങളും ചിത്രങ്ങളും ഒരുക്കി റിട്ട. ജോയിന്റ് ആർ.ടി.ഓഫീസർ. തഴവ കുതിരപ്പന്തി സ്റ്റീഫൻ വില്ലയിൽ ഡാനിയൽ സ്റ്റീഫനാണ് ട്രാഫിക് ബോധവത്കരണവുമായി മുന്നോട്ടുവന്നത്.
വാഹനയാത്രികരും കാൽനടയാത്രികരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും നീളമേറിയ മതിലിൽ വരച്ചിരിക്കുന്നത്. സർവീസിലിരുന്ന കാലത്ത് തുടർച്ചയായി ട്രാഫിക് ബോധവത്കരണ ക്ലാസുകൾ സ്കൂളുകളിലും മറ്റിടങ്ങളിലും എടുത്തിട്ടുള്ള സ്റ്റീഫൻ ഡാനിയൽ വിരമിച്ചിട്ടും ആ പാത ഉപേക്ഷിക്കുന്നില്ല.
വിശിഷ്ടസേവനത്തിനുള്ള 2025-ലെ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ ലഭിച്ച ഡാനിയൽ സ്റ്റീഫൻ, സുഹൃത്തുക്കളും ചിത്രകലാകാരന്മാരുമായ ഉണ്ണി പ്രിന്റ, വിപിൻ കൊറ്റമ്പള്ളി, സുഗതൻ എന്നിവരുടെ സഹകരണത്തോടാണ് ഈ യത്നം പൂർത്തീകരിച്ചത്. 50,000 രൂപയോളം ഇതിനായി ചെലവഴിച്ചിട്ടുണ്ട്.
കണ്ണൂർ കൈയ്യൂരിലെ ഗവ. ഐ.ടി.ഐയിലെ അധ്യാപകനായാണ് സ്റ്റീഫൻ ഡാനിയൽ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് മോട്ടോർ വാഹനവകുപ്പിൽ 28 വർഷത്തെ സേവനത്തിനുശേഷം തിരുവല്ല സബ് ആർ.ടി.ഒ. ഓഫീസിൽനിന്ന് വിരമിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അധ്യാപിക ജിയോ തോമസാണ് ഭാര്യ. മക്കൾ: ഡോ. അലക്സ് ഡാനിയൽ, അജയ് ഡാനിയൽ (പ്രവാസി).