ജില്ലാ ആശുപത്രി കെട്ടിടനിർമാണം പുനരാരംഭിക്കുന്നു

മണ്ണ് കാവടിവയൽ സ്‌റ്റേഡിയത്തിനും കോർപ്പറേഷനും കൈമാറും
കൊല്ലം : ജില്ലാ ആശുപത്രിയിൽ വർഷങ്ങളായി മുടങ്ങിക്കിടന്ന കെട്ടിടനിർമാണം പുനരാരംഭിക്കുന്നു. കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കൂടിക്കിടക്കുന്ന മണ്ണ് മാറ്റി വൈകാതെ നിർമാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലം എം.എൽ.എ.കൂടിയായ മന്ത്രി ബിന്ദുകൃഷ്ണ, ഇരവിപുരം എം.എൽ.എ. വിഷ്ണു മോഹൻ, മേയർ എ.കെ. ഹഫീസ് എന്നിവരുടെ ഇടപെടലിലൂടെയാണ് മണ്ണുമാറ്റൽ സാധ്യമായത്.
കിഫ്ബി ഫണ്ടിൽനിന്നുള്ള 180 കോടി രൂപ ഉപയോഗിച്ച് ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ, 2024 ജനുവരിയിൽ പഴയ 12 കെട്ടിടങ്ങൾ പൊളിച്ചിരുന്നു. 30 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ 32 മാസം കഴിഞ്ഞിട്ടും കെട്ടിടത്തിന് തറക്കല്ലുപോലും ഇട്ടിരുന്നില്ല. ആശ്രാമം മൈതാനത്തേക്കും നെടുങ്ങോലം താലൂക്ക് ആശുപത്രി പരിസരത്തേക്കും മണ്ണ് കൊണ്ടുപോകാൻ ആലോചിച്ചിരുെന്നങ്കിലും നടപ്പായില്ല. മണ്ണുമാറ്റാനായി റവന്യൂമന്ത്രി എ.പി.അനിൽകുമാറുമായും ആരോഗ്യമന്ത്രി കെ.മുരളീധരനുമായും മന്ത്രി ബിന്ദുകൃഷ്ണ ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.ഇതേത്തുടർന്നാണ് മയ്യനാട് പഞ്ചായത്തിലെ കാവടിവയലിൽ നിർമിക്കുന്ന സ്‌റ്റേഡിയത്തിനായി മണ്ണ് ഉപയോഗപ്പെടുത്താൻ ധാരണയായത്. അവശേഷിക്കുന്ന മണ്ണ്, കോർപ്പറേഷന്റെ വികസനപ്രവർത്തനങ്ങൾക്കായി മാറ്റും. ആശുപത്രിക്കെട്ടിടനിർമാണത്തിന് ആവശ്യമുള്ള മണ്ണ് മാറ്റിവയ്ക്കും.
മണ്ണുമാറ്റാനുള്ള ചെലവ് അതത് വകുപ്പുകൾ നിർവഹിക്കും. മണ്ണ് മാറ്റിയശേഷം കെ.എസ്.ഇ.ബി. കൺസൾട്ടൻസി വിങ് പ്രദേശത്ത് കെട്ടിടനിർമാണജോലികൾ തുടങ്ങും.