പ്രകൃതിദുരന്തങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം-ബിന്ദുകൃഷ്ണ

 ‘സുസ്ഥിര കൊല്ലം' പദ്ധതി തുടങ്ങി

കൊല്ലം : അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വികസനപദ്ധതികൾ നടപ്പാക്കണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമാണ് വികസനമെന്ന സങ്കല്പം മാറിയിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് യഥാർഥ വികസനമെന്നും ‘സുസ്ഥിര കൊല്ലം’ പദ്ധതിയിലൂടെ അതാണ് സാധ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊല്ലം മണ്ഡലത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംയോജിത ജനകീയ വികസന പദ്ധതി 'സുസ്ഥിര കൊല്ലം' ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. പദ്ധതിയുടെ ലോഗോ പ്രകാശനവും കൊല്ലം തണ്ണീർത്തട അറ്റ്‌ലസ് പ്രകാശനവും മന്ത്രി നിർവഹിച്ചു.

മേയർ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷൽ, പനയം പഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയൻ, കൗൺസിലർ കുരുവിള ജോസഫ്, ലാൻഡ്‌

യൂസ് കമ്മിഷണർ യാസ്മിൻ എൽ.റഷീദ്, ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. സുബോധ് തുടങ്ങിയവർ പങ്കെടുത്തു.

എട്ട് ഉപപദ്ധതികൾ

:ഭൂവിനിയോഗവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര കൊല്ലം പദ്ധതി പ്രധാനമായും എട്ട് ഉപപദ്ധതികളിലൂടെയാണ് നടപ്പാക്കുന്നത്. ജലസംരക്ഷണവും ഭൂഗർഭജല വിതാനവും ലക്ഷ്യമിടുന്ന ‘വാട്ടർ പോസിറ്റീവ് കൊല്ലം', ശാസ്ത്രീയ മാലിന്യസംസ്കരണം ഉറപ്പാക്കുന്ന ‘സീറോ വേസ്റ്റ് കൊല്ലം', പൊതുമന്ദിരങ്ങളെയും തെരുവുകളെയും ഹരിതോർജത്തിലേക്ക് മാറ്റുന്ന ‘ഊർജ കൊല്ലം', കാർഷികവികസനവും നഗര ഹരിതവത്കരണവും സമന്വയിപ്പിക്കുന്ന ‘ബ്ലൂ-ഗ്രീൻ കൊല്ലം' എന്നിവയാണ് പ്രധാന പദ്ധതികൾ.ഇതിനുപുറമേ ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനായി സുസ്ഥിര തെരുവുകളും പാർക്കുകളും ഒരുക്കുന്ന ‘ആരോഗ്യ കൊല്ലം', പരിസ്ഥിതിസൗഹൃദ സംരംഭങ്ങളിലൂടെ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ‘ഗ്രീൻ ലൈവ്‌ലി ഹുഡ്', സംരംഭകത്വത്തിലൂടെയും അടിസ്ഥാനസൗകര്യവികസനത്തിലൂടെയും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്ന ‘വനിതാസൗഹൃദ കൊല്ലം' എന്നീ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളും ഉൾപ്പെടുന്നു. കൊല്ലം പോർട്ട് വികസനവും സുപ്രധാന ഉപപദ്ധതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയെ ഫലപ്രദമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിൽ ജി.ഐ.എസ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിഭവ സർവേ നടത്തി, ഭൂവിനിയോഗവകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കും.