ചിറത്താഴക്കുളം നാശത്തിന്റെ വക്കിൽ

നാടിന്റെ ജലസ്രോതസ്സ്‌

ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തണം

കരുനാഗപ്പള്ളി : തൊടിയൂർ വേങ്ങറ 13-ാംവാർഡിലെ ചിറത്താഴക്കുളം (ഊറ്റുകുഴി ചിറ) സംരക്ഷിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളാകുന്നു. കടുത്ത വേനലിലും വറ്റാത്ത കുളം ഒരുകാലത്ത് നാടിന്റെ പ്രധാന ജലസ്രോതസ്സായിരുന്നു. വസ്ത്രം കഴുകുന്നതിനും കുളിക്കുന്നതിനും മറ്റുമായി ധാരാളംപേർ ഇവിടെ എത്തിയിരുന്നു. പള്ളിക്കലാറിനു സമീപം പുഞ്ചപ്പാടത്തിനോടു ചേർന്നുള്ള കുളം, വർഷങ്ങളായി ഒരുവിധ സംരക്ഷണവുമില്ലാതെ നശിക്കുകയാണ്.

കുളത്തിൽ മണ്ണും മറ്റും അടിഞ്ഞുകൂടുകയും ചുറ്റുമുള്ള മരങ്ങളുടെ ഇലകൾവീണ് അഴുകിക്കിടക്കുകയുമാണ്‌. ദൂരെ സ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികൾവരെ ഇവിടെ കുളിക്കുന്നതിനും മറ്റുമായി എത്തുന്നുണ്ട്‌. രാത്രികാലങ്ങളിൽ സമൂഹവിരുദ്ധരുടെ ശല്യവുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇത് തടയാനായി പ്രദേശവാസികൾ ചേർന്ന് രൂപവത്കരിച്ച പ്രത്യേക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥലത്ത് രാത്രികാലങ്ങളിൽ പരിശോധനയും നടത്തിവരുന്നുണ്ട്‌.

പഞ്ചായത്ത് ഇടപെട്ട് കുളത്തിനു ചുറ്റും ഇരുമ്പുവേലിയും ഗേറ്റും സ്ഥാപിച്ചിരുന്നു. പിന്നീട് ഇതിന്റെ ഗേറ്റുകൾ തകർന്നു. അധികമായി ജലനിരപ്പ് ഉയരുന്നില്ലെന്നതാണ് കുളത്തിന്റെ പ്രത്യേകത. അതിനാൽ അപകടസാധ്യത കുറവാണ്.

കുളം സംരക്ഷിച്ച് നീന്തൽ പരിശീലനകേന്ദ്രമാക്കണമെന്നും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.