ഒരു പൊതിയിൽ രുചിയും... ഒരുമയിൽ സ്‌നേഹവും! പങ്കുവെക്കലിന്റെ പാഠവുമായി കുട്ടികൾ

പുളിക്കൽ: പഠനത്തോടൊപ്പം പങ്കുവെക്കലിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും മൂല്യങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ എ.എം.എം.എച്ച്.എസ്. പുളിക്കൽ 7എ ക്ലാസിൽ 'രുചിപ്പൊതി' എന്ന വേറിട്ട പരിപാടിക്ക് തുടക്കം കുറിച്ചു.
ഉച്ചഭക്ഷണത്തിനിടെ കുട്ടികൾ മുന്നോട്ടുവച്ച ആശയത്തിൽ നിന്നാണ് 'രുചിപ്പൊതി' എന്ന സ്‌നേഹപൂർവമായ കൂട്ടായ്മയ്ക്ക് തുടക്കമായത്. പരിപാടിയുടെ ഭാഗമായി ഓരോ ദിവസവും ഓരോ കുട്ടി വീട്ടിൽ സ്‌നേഹത്തോടെ തയ്യാറാക്കിയ ചെറിയൊരു വിഭവം ക്ലാസിലെ കൂട്ടുകാർക്കായി കൊണ്ടുവരും. ഉപ്പേരി, അച്ചാർ, പലഹാരം തുടങ്ങിയ ലളിതമായ വീട്ടുവിഭവങ്ങൾ ഇതിന്റെ ഭാഗമായി പങ്കുവെക്കും.
വലിയ ചെലവോ ആർഭാടമോ ആവശ്യമില്ലെന്നും, വീട്ടിൽ തയ്യാറാക്കുന്ന ചെറിയൊരു പൊതിയിലെ സ്‌നേഹമാണ് 'രുചിപ്പൊതി'യുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ക്ലാസ് ടീച്ചർ ജുനൈദ് സാർ പറഞ്ഞു.
കുട്ടികൾ റോൾ നമ്പർ ക്രമത്തിലാണ് വിഭവങ്ങൾ കൊണ്ടുവരുന്നത്. ഏതെങ്കിലും ദിവസം ബുദ്ധിമുട്ട് നേരിടുന്നവർ വിഭവം കൊണ്ടുവരേണ്ടതില്ലെന്നും, ഒരു കുട്ടിക്കും യാതൊരു സമ്മർദ്ദവും ഉണ്ടാകരുതെന്നും അധ്യാപകൻ വ്യക്തമാക്കി. പുറത്തുനിന്ന് വാങ്ങിയ ഭക്ഷണസാധനങ്ങൾക്ക് പകരം വീട്ടിൽ തയ്യാറാക്കുന്ന ലളിതമായ വിഭവങ്ങൾക്കാണ് പരിപാടിയിൽ പ്രാധാന്യം നൽകുന്നത്.
'ഒരു ചെറിയ പൊതിയിലൂടെ പങ്കുവെക്കാം... സ്‌നേഹിക്കാം... കരുതാം...' എന്ന സന്ദേശവുമായി ആരംഭിച്ച 'രുചിപ്പൊതി' കുട്ടികൾക്കിടയിലെ സൗഹൃദവും സ്‌നേഹവും ഒത്തൊരുമയും കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌നേഹത്തോടെ പങ്കുവെക്കുന്ന ഒരു രുചിപ്പൊതി... കുട്ടികളുടെ മനസ്സിൽ എന്നും മായാത്തൊരു സൗഹൃദ ഓർമ്മയായി മാറട്ടെ!
Content Highlights: Promotes sharing, love, and care among students, Students bring simple home-cooked food to share with classmates, No financial burden or pressure on students.