എന്തൊരു വീട്! അദ്ഭുതവീടുകൾ കാണാൻ പോയാലോ?

ഒരു വീടിന് എത്ര വലുപ്പമുണ്ടാകും? എന്തൊക്കെയായിരിക്കും അതിന്റെ ആകൃതി? സാധാരണ വീടുകളെക്കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നതെങ്കിൽ ചതുരാകൃതിയിലുള്ള ചുമരുകളും മേൽക്കൂരയും വാതിലുകളും ജനലുകളുമൊക്കെയാകും മനസ്സിലെത്തുക. എന്നാൽ നമ്മുടെ സങ്കല്പങ്ങളെപ്പോലും അമ്പരപ്പിക്കുന്ന ചില വീടുകളുണ്ട് ലോകത്ത്. പന്തുപോലെയും കൂണുപോലെയും കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലെയുമൊക്കെയുള്ള വീടുകൾ! ഇത്തരം ചില വിചിത്രവീടുകൾ പരിചയപ്പെട്ടാലോ?
കൂണല്ല, ക്യൂട്ട് വീട്! ഡോം ഹൗസുകൾ- ജപ്പാൻ
നിറയെ കൂണുകൾ മുളച്ചുനിൽക്കുന്ന ഒരു ഗ്രാമം കണ്ടിട്ടുണ്ടോ? ജപ്പാനിലെ അസോ-കുജു ദേശീയോദ്യാനമേഖലയിലുള്ള ഈ വീടുകൾ കണ്ടാൽ അങ്ങനെയേ തോന്നൂ. പക്ഷേ, ഇവ കൂണുകളല്ല. താമസിക്കാനുള്ള കൊച്ചുവീടുകളാണ്!
വട്ടത്തിലുള്ള മേൽക്കൂരകളും പല നിറത്തിലുള്ള പുറംചുമരുകളുമുള്ള ഈ വീടുകളെ 'ഡോം ഹൗസുകൾ' എന്നാണ് വിളിക്കുന്നത്. കണ്ടാൽ കളിപ്പാട്ടവീടുകളാണെന്ന് തോന്നുമെങ്കിലും ഇവ യഥാർഥ വീടുകളാണ്.
ഇവയുടെ നിർമാണരീതിയാണ് ഏറ്റവും കൗതുകകരം. സാധാരണ ഇഷ്ടികകൾക്കുപകരം ഭാരം കുറഞ്ഞ പോളിസ്റ്റൈറീൻ എന്ന പ്രത്യേക വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നത്. ഭൂകമ്പസാധ്യത കൂടുതലുള്ള രാജ്യമാണ് ജപ്പാൻ. അതിനാൽ ഭൂകമ്പസമയത്ത് കെട്ടിടങ്ങൾക്ക് സംഭവിക്കാവുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്ന രീതിയിലാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്.
ഈ വീടുകൾക്കിടയിലൂടെ നടന്നാൽ ഒരു കാർട്ടൂൺ ലോകത്ത് എത്തിയതുപോലെ തോന്നും!
ഒരു മേശയുടെ നീളമുള്ള വീട്! ഹോളൻസ്ബറി സ്പൈറ്റ് ഹൗസ്- അമേരിക്ക
ഒരു വീടിന് വെറും ഏഴ് അടി വീതിയുണ്ടെങ്കിൽ എങ്ങനെയിരിക്കും? അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ അലക്സാൺഡ്രിയ നഗരത്തിൽ അത്തരത്തിലൊരു വീടുണ്ട്!
1800-കളുടെ തുടക്കത്തിൽ ജോൺ ഹോളൻസ്ബറി എന്നയാളാണ് ഈ കുഞ്ഞുവീട് നിർമിച്ചത്. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെ കുതിരവണ്ടികൾ പോകുന്നതും ശബ്ദമുണ്ടാക്കുന്നതും പതിവായിരുന്നു. ഇതിൽ മടുത്ത അദ്ദേഹം ആ ഇടുങ്ങിയ സ്ഥലത്ത് ഒരു വീട് നിർമിക്കാൻ തീരുമാനിച്ചു.
അങ്ങനെ രണ്ട് കെട്ടിടങ്ങൾക്കിടയിൽ ഉയർന്നുവന്നതാണ് ഈ വിചിത്രവീട്. വെറും ഏഴ് അടി വീതിയും 25 അടി ആഴവുമാണ് ഇതിനുള്ളത്.
അയൽക്കാരോടുള്ള ദേഷ്യം തീർക്കാൻ നിർമിച്ച വീടായതിനാൽ ഇതിന് 'സ്പൈറ്റ് ഹൗസ്' (Spite House) എന്ന പേരും ലഭിച്ചു. ഇംഗ്ലീഷിൽ Spite എന്ന വാക്കിന് പകയോ വിരോധമോ എന്നാണ് അർഥം. ഇത്രയും ചെറിയ സ്ഥലത്തും ഒരു വീട് നിർമിക്കാമെന്നത് അദ്ഭുതംതന്നെ, അല്ലേ?
ഒച്ചേ, നിന്റെ വീട്ടിൽ താമസിച്ചോട്ടേ? സ്നെയിൽ ഹൗസ്- സോഫിയ, ബൾഗേറിയ
ഒരു ഭീമൻ ഒച്ച് നഗരത്തിലൂടെ ഇഴഞ്ഞെത്തി അവിടെത്തന്നെ ഇരിപ്പുറപ്പിച്ചാലോ? ബൾഗേറിയയിലെ സോഫിയ നഗരത്തിലുള്ള ഈ വീട് കണ്ടാൽ അങ്ങനെയേ തോന്നൂ!
അഞ്ചുനിലകളുള്ള ഈ കെട്ടിടം ഒരു കൂറ്റൻ ഒച്ചിന്റെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. നിറയെ വർണങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാൽ കണ്ടാൽ ഒരു കളിപ്പാട്ടംപോലെ തോന്നും.
ഒച്ചിന്റെ വായയുടെ ആകൃതിയിലാണ് പ്രധാനവാതിൽ. മുകളിലേക്ക് ഉയർന്നുനിൽക്കുന്ന രണ്ട് കൊമ്പുകളിൽ വിളക്കുകളുമുണ്ട്. അതുമാത്രമല്ല, ചിമ്മിനി ഒരു തേനീച്ചയുടെ വേഷത്തിലാണ്! ഒച്ചിന്റെ പുറംതോടിനുമുകളിൽ ഒരു തേനീച്ച വന്നിരുന്നാലുള്ള കാഴ്ച സങ്കല്പിച്ചുനോക്കൂ!
കാട്ടിനുള്ളിലെ ചുഴിവീട്! ചുഴി ഹൗസ്- ഷൂലഗിരി, ഇന്ത്യ
ഒരു ചുഴിക്കുള്ളിൽ താമസിച്ചാലോ? തമിഴ്നാട്ടിലെ ഷൂലഗിരിയിലുള്ള 'ചുഴി ഹൗസ്' അത്തരമൊരു കൗതുകവീടാണ്.
മരങ്ങളും ചെടികളും നിറഞ്ഞ സ്ഥലത്താണ് ഈ വ്യത്യസ്തമായ വീട്. മണ്ണും ഇഷ്ടികയും ഉപയോഗിച്ച് നിർമിച്ച കൂറ്റൻ ചുഴിയാകൃതിയിലുള്ള ചുമരുകളാണ് ഇതിന്റെ പ്രത്യേകത. വീടിനുള്ളിലൂടെ മരങ്ങൾ വളരുന്നുമുണ്ട്!
മുകളിൽനിന്ന് നോക്കിയാൽ ഭൂമിയിലേക്ക് തിരിഞ്ഞിറങ്ങുന്ന ഒരു ചുഴിപോലെ തോന്നും. വീടും പ്രകൃതിയും ഒന്നായിമാറുന്ന ഈ കെട്ടിടം, പ്രകൃതിയെ നശിപ്പിക്കാതെ എങ്ങനെ മനോഹരമായ വീടുകൾ നിർമിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു.
മഴവില്ലുപോലൊരു കുഞ്ഞുവീട്! ടോഡ കുടിലുകൾ- നീലഗിരി, തമിഴ്നാട്, ഇന്ത്യ
ഒരു വലിയ വീപ്പ പകുതിയായി മുറിച്ച് കമിഴ്ത്തിവെച്ചാൽ എങ്ങനെയിരിക്കും? നീലഗിരി മലനിരകളിലെ ടോഡ വിഭാഗക്കാരുടെ പരമ്പരാഗത വീടുകൾ കണ്ടാൽ അങ്ങനെയേ തോന്നൂ!
മുളയും പുല്ലും മരവും ഉപയോഗിച്ചാണ് ഈ വീടുകൾ നിർമിക്കുന്നത്. മേൽക്കൂര ഒരു കമാനത്തിന്റെ ആകൃതിയിൽ നിലംവരെ വളഞ്ഞുകിടക്കും. വീടിന്റെ മുൻഭാഗത്ത് മനോഹരമായ പരമ്പരാഗത അലങ്കാരങ്ങളും കാണാം. ഏറ്റവും വലിയ കൗതുകം വീടിന്റെ വാതിലാണ്. വളരെ ചെറുതായതിനാൽ കുനിഞ്ഞുവേണം അകത്തുകയറാൻ! കഠിനമായ തണുപ്പിൽനിന്നും വന്യമൃഗങ്ങളിൽനിന്നും സംരക്ഷണം നൽകാൻ ഈ പ്രത്യേക രൂപകല്പന സഹായിച്ചിരുന്നു.
ചെരിഞ്ഞുനിൽക്കുന്ന ക്യൂബ് വീടുകൾ! ക്യൂബ് ഹൗസുകൾ- റോട്ടർഡാം, നെതർലൻഡ്സ്
ഒരു പെട്ടി ഒരുവശത്തേക്ക് ചെരിച്ചുവെച്ചാലോ? അതിനുള്ളിൽ താമസിക്കാൻ കഴിയുമോ?
നെതർലൻഡ്സിലെ റോട്ടർഡാം നഗരത്തിൽ അത്തരം നിരവധി വീടുകളുണ്ട്. മഞ്ഞനിറത്തിലുള്ള ഈ വീടുകൾ വലിയ ക്യൂബുകളെപ്പോലെയാണ്. ഓരോ ക്യൂബും 45 ഡിഗ്രി ചെരിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്.
പിയറ്റ് ബ്ലോം എന്ന വാസ്തുശില്പിയാണ് ഇവ രൂപകല്പന ചെയ്തത്. ഓരോ വീടും ഓരോ മരമായും വീടുകളുടെ കൂട്ടം ഒരു കാടായും സങ്കല്പിച്ചായിരുന്നു നിർമാണം. ചെരിഞ്ഞുനിൽക്കുന്നതുപോലെ തോന്നുമെങ്കിലും ഇവയ്ക്കുള്ളിൽ അടുക്കളയും കിടപ്പുമുറികളും മറ്റ് സൗകര്യങ്ങളുമുണ്ട്.
മരത്തിനുള്ളിലൊരു മാന്ത്രികവീട്! ക്രേസി ഹൗസ്- ഡാ ലാറ്റ്, വിയറ്റ്നാം
ഒരു വലിയ മരത്തിന്റെ തായ്ത്തടിക്കുള്ളിലൂടെ നടന്നുനീങ്ങുന്നതായി സങ്കല്പിച്ചുനോക്കൂ. ചുറ്റും വളഞ്ഞുപുളഞ്ഞ വഴികൾ, മരക്കൊമ്പുകളെപ്പോലുള്ള പടികൾ, വിചിത്രമായ മുറികൾ!
വിയറ്റ്നാമിലെ 'ക്രേസി ഹൗസ്' എന്ന കെട്ടിടം ഒരു മാന്ത്രികകഥയിലെ വീടുപോലെയാണ്. ഡാങ് വിയറ്റ് എൻഗാ എന്ന വാസ്തുശില്പിയാണ് ഇതിന്റെ സ്രഷ്ടാവ്.
മരങ്ങൾ, വേരുകൾ, ഗുഹകൾ എന്നിവയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഉള്ളിലുള്ള മുറികൾക്കുപോലും മൃഗങ്ങളുടെയും പ്രകൃതിയിലെ മറ്റുവസ്തുക്കളുടെയും പേരുകളാണ്.
Content Highlights: Earthquake-resistant Dome Houses in Japan made of polystyrene., Showcases nature-integrated architecture like the Chuzhi House in Shoolagiri and Toda huts in Nilgiris., Explores whimsical designs including the Snail House in Bulgaria and Crazy House in Vietnam.