സമയം നോക്കാൻ മാത്രമല്ല പ്രപഞ്ചത്തിന്റെ ആയുസ് കണ്ടെത്താനും പറ്റിയ ന്യൂക്ലിയാർ ക്ലോക്കുകൾ

ലോകത്ത് ഏറ്റവും കൃത്യതയോടെ പ്രവർത്തിക്കുന്ന ക്ലോക്കുകൾ ഏതാണെന്നറിയാമോ? അറ്റോമിക് ക്ലോക്കുകളാണവ. ദശലക്ഷക്കണക്കിന് വർഷത്തിന്റെ കണക്ക് കൂട്ടിയാലും ഒരു സെക്കന്റിന്റെ വ്യത്യാസം പോലുമില്ലാതെ ഇവ സമയം കണക്കാക്കും. ആധുനികലോകത്തിന്റെ നിലനിൽപ്പ് പോലും ഇവയെ ആശ്രയിച്ചാണ്. അതായത് ജിപിഎസ്സും ടെലികമ്മ്യൂണിക്കേഷനും ഓഹരിവിപണിയുമെല്ലാം അറ്റോമിക് ക്ലോക്കിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴിതാ അറ്റോമിക് ക്ലോക്കുകളെക്കാൾ കൃത്യതയോടെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലോക്ക് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അറ്റോമിക് ന്യൂക്ലിയസ്സിനുള്ളിലെ ഊർജവ്യത്യാസങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂക്ലിയാർ ക്ലോക്കുകളാണ് പുതിയതാരം.
ഇലക്ട്രോണുകളുടെ ചലനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ് അറ്റോമിക് ക്ലോക്കുകൾ. ഇലക്ട്രോണുകൾ ആറ്റത്തിന്റെ ഉപരിതലത്തിലായതിനാൽ അവയെ ബാഹ്യഘടകങ്ങൾ സ്വാധീനിക്കാനും അതുവഴി അറ്റോമിക് ക്ലോക്കിലെ സമയകൃത്യത നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാൽ ന്യൂക്ലിയാർ ക്ലോക്കുകളാവട്ടെ അറ്റോമിക് ന്യൂക്ലിയസ്സിന്റെ പ്രത്യേകതകളാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ന്യൂക്ലിയസ് ആറ്റത്തിന്റെ ഉള്ളിലായതിനാൽ ബാഹ്യഘടകങ്ങളുടെ സ്വാധീനത്താൽ സമയം തെറ്റില്ല എന്നതാണ് ഗുണം.
ഡാർക്ക് മാറ്ററിനെ കുറിച്ച് പഠിക്കാനും ന്യൂക്ലിയാർ ക്ലോക്കുകൾ സഹായിക്കും. അതുവഴി പ്രപഞ്ചത്തിന്റെ ആയുസ് കണക്കാക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഒപ്പം സെൻസറുകൾ, കോംപാക്ട് ക്ലോക്കുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും ഇത് സഹായിക്കും. അതായത് സമയം നോക്കൽ മാത്രമല്ല ഇവയുടെ ഉപയോഗമെന്ന് സാരം.
തോറിയം-229 ഐസോടോപ്പിൽ ലേസർ രശ്മികൾ പതിപ്പിച്ചാണ് ഈ ക്ലോക്കുകൾ നിർമ്മിക്കുന്നത്. ലേസർ പതിക്കുമ്പോൾ തോറിയം ന്യൂക്ലിയസ്സിനുള്ളിലുണ്ടാകുന്ന ഊർജവ്യത്യാസമാണ് പ്രവർത്തനത്തിന്റെ അടിസ്ഥാനം. യൂറോപ്പിലും ചൈനയിലും നടന്ന വ്യത്യസ്തപഠനങ്ങളിലാണ് ശാസ്ത്രജ്ഞർ ന്യൂക്ലിയാർ ക്ലോക്കുകൾ കണ്ടെത്തിയത്.
Content Highlights: Nuclear clocks utilize energy transitions within the atomic nucleus for superior stability