ഹരിത വിപ്ലവത്തിന്റെ പിതാവ്: ലോകത്തിന്റെ വിശപ്പ് മാറ്റിയ ശാസ്ത്രജ്ഞനെക്കുറിച്ച് അറിയാം

#ഡോ. ടി.ആര്‍. ജയകുമാരി

ലോകത്തിന്റെ വിശപ്പകറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച നോർമൻ ഇ. ബോർലോഗ് എന്ന കൃഷിശാസ്ത്രജ്ഞന്റെ ജന്മദിനമാണ് മാർച്ച് 25. ഗവേഷണമേഖലയിൽ നൂതനസാങ്കേതികവിദ്യകൾ പരീക്ഷിച്ച് അത്യുത്പാദനശേഷിയുള്ള വിളയിനങ്ങൾ സൃഷ്ടിച്ചതുവഴി ബോർലോഗ് 1960-കളിൽ ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും ലക്ഷക്കണക്കിനാളുകളെ പട്ടിണിയിൽനിന്ന് കരകയറ്റി. കാർഷികോത്പാദനത്തിൽ സംഭവിച്ച ഈ കുതിച്ചുചാട്ടത്തെ ശാസ്ത്രലോകം ഹരിതവിപ്ലവമെന്നും ബോർലോഗിനെ ഹരിതവിപ്ലവത്തിന്റെ പിതാവെന്നും വിളിച്ചു.
കൃഷി വീട്ടുകാര്യം
അമേരിക്കയിലെ അയോവയിൽ ഹെന്റി ഒലിവർ-ക്ലാര ബോർലോഗ് ദമ്പതിമാരുടെ മകനായി 1914 മാർച്ച് 25-നാണ് നോർമൻ ബോർലോഗ് ജനിച്ചത്. കാർഷികകുടുംബത്തിൽ ജനിച്ചതിനാൽ കൃഷിയോട് ആഭിമുഖ്യമുള്ളയാളായി വളർന്നു.

1937-ൽ മിനസോട്ട സർവകലാശാലയിൽനിന്ന് വനശാസ്ത്രത്തിൽ ബിരുദമെടുത്തു. കുറച്ചുകാലം അമേരിക്കയിലെ വനംവകുപ്പിൽ ജോലിനോക്കി. പിന്നീട്, സസ്യരോഗശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും നേടി. തുടർന്ന് രണ്ടുകൊല്ലത്തോളം ഡ്യൂപോണ്ട് എന്ന കെമിക്കൽ കമ്പനിയിൽ മൈക്രോബയോളജിസ്റ്റായി പ്രവർത്തിച്ചു.
പരീക്ഷണം ഗോതമ്പിൽ
1944 മുതലാണ് ബോർലോഗ് ഗോതമ്പിന്റെ ഉത്പാദനക്ഷമത വർധിപ്പിക്കാനുള്ള ഗവേഷണങ്ങളുടെ ഭാഗമാകുന്നത്. മെക്‌സിക്കോയിലെ കോ-ഓപ്പറേറ്റീവ് വീറ്റ് റിസർച്ച് ആൻഡ് പ്രൊഡക്ഷൻ പ്രോഗ്രാമിൽ ജനിതകശാസ്ത്രജ്ഞനും സസ്യരോഗവിദഗ്ധനുമായി ജോലി സ്വീകരിച്ച അദ്ദേഹം മെക്‌സിക്കോയിലെ ഗോതമ്പ് കർഷകർ നേരിട്ടിരുന്ന വിളയുത്പാദനപ്രതിസന്ധികൾ തരണംചെയ്യാനുള്ള വഴികളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി.

ഉയരം കുറഞ്ഞതും രോഗ-കീട പ്രതിരോധശേഷിയുള്ളതും ഉയർന്ന ഉത്പാദനക്ഷമതയുള്ളതും വ്യത്യസ്തസാഹചര്യങ്ങളിൽ വളരാൻ കഴിവുള്ളതുമായ ഗോതമ്പിനങ്ങൾ ഉത്പാദിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നവീകരിച്ച കൃഷിരീതികളും പരിചരണമുറകളും പ്രയോഗിച്ച് പുതിയ ഗോതമ്പിനങ്ങൾ മെക്‌സിക്കോയിലെ പാടങ്ങളിൽ കൃഷിചെയ്തപ്പോൾ വിളവിൽ വൻ വർധനയാണുണ്ടായത്. അവിടത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇത് സഹായിച്ചു.

മെക്‌സിക്കോയിൽ മാത്രം ഒതുങ്ങാതെ ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ബോർലോഗിന്റെ ഗോതമ്പിന്റെ ഖ്യാതി വ്യാപിച്ചു. 1960-കളിൽ ഇന്ത്യയിലെയും പാകിസ്താനിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും ഭക്ഷ്യധാന്യോത്പാദനം കുതിച്ചുകയറി. ഭക്ഷ്യദൗർലഭ്യം മൂലമുണ്ടാകുമായിരുന്ന ദാരിദ്ര്യവും പട്ടിണിയും കൂട്ടമരണവും ഇതോടെ ഒഴിവായി.

യുവശാസ്ത്രജ്ഞർക്ക് പരിശീലനം നൽകുന്നതിലും ബോർലോഗ് തത്പരനായിരുന്നു. 1964-ൽ ചോളത്തിലും ഗോതമ്പിലും ഗവേഷണങ്ങൾ നടത്താൻ മെക്‌സിക്കൻ സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച സിമ്മിറ്റ് (CIMMYT- Consultative Group on International Agricultural Research's International Maize and Wheat Improvement Center) എന്ന ഗവേഷണസ്ഥാപനത്തിന്റെ ഭാഗമായ ഇന്റർനാഷണൽ വീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഡയറക്ടറായി ബോർലോഗ് ചുമതലയേറ്റു. ആ പദവിയിലിരിക്കെ, ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് യുവശാസ്ത്രജ്ഞർക്ക് ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്ന ഗവേഷണങ്ങളിൽ ഏർപ്പെടാനുള്ള പരിശീലനം നൽകുകയുണ്ടായി. 1979-ൽ ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചെങ്കിലും 2009 സെപ്റ്റംബർ 12-ന് 95-ാമത്തെ വയസ്സിൽ, മരിക്കുംവരെ ഈ മേഖലയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ഹരിതവിപ്ലവത്തിന് കാരണമായ പ്രധാന ഗോതമ്പിനങ്ങൾ: സൊനോറ-63, സൊനോറ-64, ലെർമ റോജോ-64, മേയോ-64, കല്യാൺ സോന, സൊനാലിക്ക.

ഇന്ത്യയിൽ ഗോതമ്പ് വിപ്ലവത്തിന് വഴിതെളിച്ച ഇനങ്ങൾ: കല്യാൺ സോന, സൊനാലിക്ക.

സൊനോറ-64 എന്നയിനം ഗോതമ്പിൽ ഗാമാവികിരണങ്ങൾ പതിപ്പിച്ച് ഡോ. എം.എസ്. സ്വാമിനാഥൻ സൃഷ്ടിച്ച അത്യുത്പാദനശേഷിയുള്ള ഗോതമ്പിനം: ഷർബതി സൊനോറ

ഭക്ഷ്യവസ്തുക്കളുടെ ഗുണവും അളവും ലഭ്യതയും വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കാൻ ബോർലോഗ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ലോക ഭക്ഷ്യപുരസ്‌കാരം അഥവാ വേൾഡ് ഫുഡ് പ്രൈസ്. ഇത് ആദ്യമായി ലഭിച്ചത് ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥനാണ്.

ലോകത്തിന്റെ വിശപ്പ് തീർക്കാൻ നടത്തിയ നിരന്തരപരിശ്രമങ്ങൾ പരിഗണിച്ച് ബോർലോഗിന് 1970-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകി. പത്മവിഭൂഷൺ നൽകിയാണ് ഇദ്ദേഹത്തെ ഇന്ത്യ ആദരിച്ചത്.

Content Highlights: Norman Borlaug's pioneering research in high-yield wheat varieties., His critical role in averting global famine during the 1960s. The birth of the Green Revolution in Mexico, India, and Pakistan. The establishment of the World Food Prize to honor agricultural innovation. Recognition of his Nobel Peace Prize and contributions to global food security.