ഒരുങ്ങാം ശാസ്ത്രമേളയ്ക്കായ്: കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

#ഇ.കെ.സിമില്‍ റഹ്‌മാന്‍

ഒരു ശാസ്ത്രമേളയിൽ വലിയൊരു മാതൃക പ്രദർശിപ്പിക്കുന്നതുകൊണ്ടുമാത്രം ആരും വിജയിക്കുന്നില്ല. ചുറ്റുപാടുകളിൽനിന്ന് ഒരു പ്രശ്‌നം കണ്ടെത്തുക, നിരീക്ഷിക്കുക, പരീക്ഷിക്കുക, വിവരങ്ങൾ രേഖപ്പെടുത്തുക, ശാസ്ത്രീയമായി വിശദീകരിക്കുക, സമൂഹത്തിന് പ്രയോജനപ്പെടുന്ന പരിഹാരങ്ങൾ നിർദേശിക്കുക എന്നിവയെല്ലാമാണ് ശാസ്ത്രമേളയുടെ യഥാർഥ ലക്ഷ്യം.

കാറ്റഗറികൾ
മാന്വൽ പ്രകാരം ശാസ്ത്രമേളയെ താഴെപറയുന്ന കാറ്റഗറികളായി തിരിച്ചിരിക്കുന്നു:

എൽ.പി.വിഭാഗം (കാറ്റഗറി-I): എൽ.പി. തലത്തിലെ മത്സരങ്ങൾ ഉപജില്ലാതലത്തിൽ അവസാനിക്കുന്നു.

യു.പി. വിഭാഗം (കാറ്റഗറി-II): ഒരു സ്‌കൂളിൽനിന്ന് പരമാവധി 12 കുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാനാകുക. യു.പി. തലത്തിലെ മത്സരങ്ങൾ ഉപജില്ലാതലത്തിൽ അവസാനിക്കുന്നു.

ഹൈസ്‌കൂൾ (കാറ്റഗറി-III) & ഹയർ സെക്കൻഡറി (കാറ്റഗറി-IV): ഒരു സ്‌കൂളിൽനിന്ന് 14 കുട്ടികൾക്ക് പങ്കെടുക്കാം. ഇവരുടെ മത്സരങ്ങൾ സംസ്ഥാനതലംവരെ നടക്കുന്നു.

ഗവേഷണപ്രോജക്ടുകളും മാർക്ക് വിഭജനവും
ഗവേഷണാത്മക പ്രോജക്ട് (Research Type Project): രണ്ടു കുട്ടികൾ ചേർന്ന് ഒരു പ്രശ്‌നത്തെ ശാസ്ത്രീയമായി പഠിച്ച് നിഗമനത്തിലെത്തുന്ന പ്രവർത്തനമാണിത് (യു.പി. മുതൽ പ്ലസ് ടു വരെ).

ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് (Investigatory Project): ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള വ്യക്തിഗത പ്രോജക്ട് മത്സരമാണിത് (ഒരുകുട്ടി മാത്രം).

പ്രോജക്ടുകളുടെ മാർക്ക് വിഭജനം (ആകെ 100 മാർക്ക്): ഇന്റർനെറ്റിൽനിന്ന് പകർത്തിയ വിവരങ്ങൾക്കല്ല, മറിച്ച് യഥാർഥ പഠനത്തിനാണ് മാർക്ക്.

                 മൂല്യനിർണയഘടകം മാർക്ക്
ശാസ്ത്രീയാശയം (Scientific concept) 25
പുതുമയുള്ള ആശയം (Novelty) 15
വിദ്യാർഥിയുടെ/ കുട്ടികളുടെ മുൻകൈ (Initiative) 10
സമൂഹത്തിനുള്ള പ്രയോജനം (Utility to osciety) 10
അവതരണവും സംവാദവും (Presentation & Viva) 20
പ്രോജക്ട് റിപ്പോർട്ട് (Project Report) 20

നിരീക്ഷണം

മുതിർന്ന വിഭാഗങ്ങളിലില്ലാത്ത, എൽ.പി., യു.പി. കുട്ടികൾക്ക് മാത്രം സ്വന്തമായുള്ള ഇനമാണ് പരിസരനിരീക്ഷണ അവതരണം.

പ്രതിഭാസങ്ങളെ ദിവസങ്ങളോളം നിരീക്ഷിച്ച് രേഖപ്പെടുത്തിയ കുട്ടികളുടെ സ്വന്തം നിരീക്ഷണ ഡയറി ഇതിൽ അനിവാര്യമാണ്.

പരിസരനിരീക്ഷണ അവതരണത്തിന്റെ മാർക്ക് വിഭജനം:

ശാസ്ത്രീയസമീപനവും തത്ത്വവും - 30 മാർക്ക്

നിരീക്ഷണ റിപ്പോർട്ട്/ഡയറി - 30 മാർക്ക്

കുട്ടികളുടെ മുൻകൈ - 20 മാർക്ക്

അവതരണം - 10 മാർക്ക്

അഭിമുഖം - 10 മാർക്ക്

(ഇവിടെ ശാസ്ത്രീയസമീപനത്തിനും ഡയറിക്കുമായി 60 മാർക്ക് ലഭിക്കുന്നു. അതിനാൽ മനോഹരമായ സ്ലൈഡുകളെക്കാൾ, യഥാർഥ നിരീക്ഷണവും കൃത്യമായ രേഖപ്പെടുത്തലുമാണ് പ്രധാനമെന്ന് വ്യക്തമാണ്.)

പൊതുവായ മത്സരയിനങ്ങളും മാർക്കും
യു.പി. മുതൽ പ്ലസ് ടു വരെയുള്ള വിഭാഗങ്ങൾക്ക് സമാനമായ മൂല്യനിർണയമുള്ള ഇനങ്ങളാണ്.

മാതൃകകളും (Models) പരീക്ഷണങ്ങളും
നിശ്ചലമാതൃക (Still Model):
ശാസ്ത്രീയഘടനയെയോ സംവിധാനത്തെയോ പ്രവർത്തിക്കാതെതന്നെ വ്യക്തമായി അവതരിപ്പിക്കുന്ന മാതൃക.

പ്രവർത്തനമാതൃക (Working Model): യഥാർഥമായി പ്രവർത്തിക്കുകയും ശാസ്ത്രതത്വം തെളിയിക്കുകയും ചെയ്യുന്ന മാതൃകകൾ.

ഇംപ്രൊവൈസ്ഡ് പരീക്ഷണങ്ങൾ: ഒരു പ്രധാന ശാസ്ത്രീയതത്വത്തെ അടിസ്ഥാനമാക്കി പരമാവധി മൂന്ന് പരീക്ഷണങ്ങൾ അവതരിപ്പിക്കൽ.

തത്സമയ വ്യക്തിഗത പ്രോജക്ട് (HS/ HSS മാത്രം): റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നിവയുമായി ബന്ധപ്പെട്ട് മൂന്നുമണിക്കൂറിൽ ഒരു ആശയത്തെ ഉത്പന്നമാക്കി മാറ്റുന്ന തത്സമയമത്സരം. വിലകൂടിയ സാമഗ്രികൾക്കു പകരം കുട്ടികളുടെ സ്വന്തം ആശയത്തിനും നിർമാണപാടവത്തിനുമാണ് ഇവിടെ മുൻതൂക്കം.

                  മൂല്യനിർണയഘടകം മാർക്ക്
സൃഷ്ടിപരത (Creativity) 20
പുതുമയും മൗലികതയും (Novelty & Originality) 15
ശാസ്ത്രീയ ചിന്തയും തത്വവും (Scientific thought & principle) 15
സാങ്കേതികനൈപുണ്യവും നിർമാണപാടവവും (Technical skill) 15
പ്രയോജനം (Utility) 15
ഈടുനിൽപ്പും കുറഞ്ഞ ചെലവും (Durability & Low cost) 10
അവതരണം (Presentation) 10

(മാതൃകകളുടെ നിർമാണത്തിൽ കുട്ടികൾ പങ്കെടുത്തത് വ്യക്തമാക്കുന്ന

അഞ്ചുമിനിറ്റ് വീഡിയോ നിർബന്ധമാണ്.)

കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മാതൃകകൾക്കും പരീക്ഷണങ്ങൾക്കും പ്രോജക്ടുകൾക്കും പുറമേ, മുതിർന്ന വിദ്യാർഥികളുടെ വായനശീലം, രചനാപാടവം, ഗവേഷണതാത്പര്യം, കലാവാസന എന്നിവ ശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന ഒട്ടേറെ മികച്ച മത്സരങ്ങളുണ്ട്. ഹൈസ്‌കൂൾ, പ്ലസ് ടു തലങ്ങളിലെ വിദ്യാർഥികൾക്കുമാത്രം പങ്കെടുക്കാൻ കഴിയുന്ന ഇത്തരം പ്രധാന ഇനങ്ങളുടെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

ശാസ്ത്രനാടകം
ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്കുമാത്രം പങ്കെടുക്കാവുന്ന സവിശേഷമായ ഒരിനമാണിത്. ശാസ്ത്രീയാശയങ്ങളെ നാടകരൂപത്തിൽ വേദിയിൽ അവതരിപ്പിക്കണം.

നിബന്ധനകൾ: ബംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (VITM) നൽകുന്ന വാർഷികവിഷയവും മാർഗനിർദേശങ്ങളും പാലിച്ചായിരിക്കണം നാടകം തയ്യാറാക്കേണ്ടത്. ഒരു സ്‌കൂളിൽനിന്ന് ഒരു നാടകം മാത്രമേ ഉപജില്ലാമത്സരത്തിൽ പങ്കെടുക്കാവൂ. ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടുന്ന ടീം റവന്യൂജില്ലയിലേക്കും അവിടെ ഒന്നാമതെത്തുന്ന ടീം സംസ്ഥാനതലത്തിലേക്കും യോഗ്യത നേടുന്നു.

അവതരണത്തിന് 50 മാർക്കും ശാസ്ത്രീയ ഉള്ളടക്കത്തിന് 30 മാർക്കും ഫലപ്രാപ്തിക്ക് 20 മാർക്കുമാണ് ലഭിക്കുക.

സയൻസ് മാഗസിൻ നിർമാണം
ശാസ്ത്രത്തെ സർഗാത്മകതയുമായി ബന്ധിപ്പിക്കുന്ന രസകരമായ ഒരു ഗ്രൂപ്പിനമാണിത്. ഹൈസ്‌കൂൾ, പ്ലസ് ടു വിഭാഗങ്ങളിലെ അഞ്ചുകുട്ടികളുൾപ്പെടുന്ന മാഗസിൻ സമിതിയാണ് ഈ മത്സരത്തിൽ പങ്കെടുക്കേണ്ടത്.

ഉള്ളടക്കം: ശാസ്ത്രകഥകൾ, ശാസ്ത്രകവിതകൾ, ശാസ്ത്രഗാനങ്ങൾ, കൗതുകങ്ങൾ, പസിൽസ്, ഗെയിംസ്, കാർട്ടൂണുകൾ, ചരിത്രം, ശാസ്ത്രജ്ഞരുടെ ജീവചരിത്രം എന്നിവയെല്ലാം മാഗസിനിൽ ഉൾപ്പെടുത്താവുന്നതാണ്.

മാഗസിൻ പൂർണമായും വിദ്യാർഥികളുടെ കൈയെഴുത്തായിരിക്കണം. ഒരു പുറംചട്ട (Cover page) നിർബന്ധമാണ്, കൂടാതെ പുസ്തകം ബൈൻഡ് ചെയ്യണം (സ്‌പൈറൽ ബൈൻഡിങ് കർശനമായി നിരോധിച്ചിരിക്കുന്നു). മാഗസിന് ആകർഷകമായ ഒരു പേരുണ്ടായിരിക്കണം. മാഗസിൻ മത്സരത്തിലെ ഫലം മേളയുടെ ഓവറോൾ ചാമ്പ്യൻഷിപ്പ് പോയിന്റിനായി കണക്കാക്കില്ല. ഉപജില്ല മുതലുള്ള മത്സരങ്ങൾ രണ്ടുദിവസത്തെ ശില്പശാലയായാണ് നടത്തുക.

ശാസ്ത്രീയ ഉള്ളടക്കം (40 മാർക്ക്), വിദ്യാഭ്യാസമൂല്യം (20 മാർക്ക്), പുതുമ (15 മാർക്ക്), ലേഔട്ട് (15 മാർക്ക്), സംവാദം (10 മാർക്ക്).

സി.വി. രാമൻ ഉപന്യാസമത്സരം

ശാസ്ത്രീയാശയങ്ങളെയും വിവരങ്ങളെയും എത്രത്തോളം കൃത്യതയോടെയും ആകർഷകമായും കടലാസിലേക്ക് പകർത്താൻ കഴിയുന്നു എന്ന് പരിശോധിക്കുന്ന മത്സരമാണിത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സ്‌കൂൾതലം മുതൽ സംസ്ഥാനതലം വരെയാണ് ഇത് നടത്തപ്പെടുന്നത്.

മത്സരരീതിയും വിഷയവും: സ്‌കൂൾതലത്തിൽ സംഘാടകർ നൽകുന്ന മൂന്നുവിഷയങ്ങളിൽനിന്ന് നറുക്കെടുപ്പിലൂടെ ഒരു വിഷയം വിദ്യാർഥിക്ക് ലഭിക്കും. എന്നാൽ, ഉപജില്ല മുതലുള്ള തലങ്ങളിൽ, മത്സരസമയത്ത് മാത്രമേ വിഷയം നൽകുകയുള്ളൂ.

സമയക്രമം: സാധാരണ ഉപന്യാസരചനയ്ക്ക് ഒരുമണിക്കൂറാണ് സമയം. എന്നാൽ, ഉപജില്ല മുതലുള്ള തലങ്ങളിൽ ഇതൊരു ശില്പശാലയായിട്ടാണ് നടത്തുന്നത്. ഇവിടെ വിവരശേഖരണത്തിനും റഫറൻസിനുമായി (ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാം) രണ്ടുമണിക്കൂറും തുടർന്ന് ഉപന്യാസമെഴുതാൻ ഒരുമണിക്കൂറും ലഭിക്കും. രണ്ടാംദിവസം വിദ്യാർഥിയുമായി ഈ വിഷയത്തിൽ അഭിമുഖം (Interview/Viva) ഉണ്ടായിരിക്കും

ശാസ്ത്രീയ ഉള്ളടക്കം (50 മാർക്ക്), ഭാഷയും ശൈലിയും (20 മാർക്ക്), വിവരങ്ങളുടെ ക്രമീകരണം (10 മാർക്ക്), ആമുഖം/ ഉപതലക്കെട്ടുകൾ (10 മാർക്ക്), സംവാദം (10 മാർക്ക്) എന്നിങ്ങനെയാണ് 100 മാർക്കിന്റെ വിഭജനം.

നാഷണൽ സയൻസ് സെമിനാർ (VITM, NCERT)

ഇതും ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് മാത്രമായുള്ള മത്സരമാണ്. ബെംഗളൂരുവിലെ VITM അല്ലെങ്കിൽ NCERT പുറത്തിറക്കുന്ന വാർഷികനിർദേശങ്ങളനുസരിച്ചാണ് സെമിനാർ വിഷയങ്ങൾ നിശ്ചയിക്കുന്നത്. സ്‌കൂളിൽ ഒന്നാംസ്ഥാനം നേടുന്ന കുട്ടി ഉപജില്ലയിലേക്കും ഉപജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാർ റവന്യൂജില്ലയിലേക്കും അവിടെ ആദ്യരണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സംസ്ഥാനതലത്തിലേക്കും യോഗ്യത നേടും.

ശാസ്ത്രീയ ഉള്ളടക്കം (40), സംസാരത്തിലെ ഒഴുക്ക് (25), ദൃശ്യസഹായങ്ങളുടെ പുതുമ (15), വൈവ (10), അഭിരുചിപരീക്ഷ (10) എന്നതാണ് മാർക്ക് ഘടന.

Content Highlights: Detailed breakdown of Kerala School Sasthrolsavam categories from LP to Higher Secondary levels.