ബാക്ടീരിയ ബെസ്റ്റി: ഷട്പദങ്ങൾക്കൊപ്പം കഴിയുന്ന ചില ചങ്ങാതി ബാക്ടീരിയങ്ങളെക്കുറിച്ചറിയാം

മനുഷ്യശരീരത്തിൽ ഒട്ടേറെ ബാക്ടീരിയ കഴിയുന്നുണ്ടെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ. അവയിൽ നമ്മെ സഹായിക്കുന്നവയും ഉപദ്രവിക്കുന്നവയുമുണ്ട്. ഇതുപോലെ ഷട്പദങ്ങളിലും ബാക്ടീരിയ വസിക്കുന്നുണ്ട്. പോഷണം, പ്രതിരോധം, പുനരുത്പാദനം തുടങ്ങിയ കാര്യങ്ങളിൽ ഇവ ഷട്പദങ്ങളെ സഹായിക്കുന്നു. അതേസമയം, ഷട്പദങ്ങൾ ബാക്ടീരിയയ്ക്ക് വാസസ്ഥലം നൽകുന്നു. ഇത്തരത്തിൽ, ഷട്പദങ്ങളോടൊപ്പം കാണപ്പെടുന്ന ചില ബാക്ടീരിയകളെ പരിചയപ്പെടാം.
കോശത്തിലെ ആശാൻ: ചെടികളുടെ നീര് കുടിച്ച് ജീവിക്കുന്ന ചെറുകീടങ്ങളാണ് മുഞ്ഞകൾ. അവയുടെ നിലനിൽപ്പിന് അത്യാവശ്യമായ സൂക്ഷ്മജീവികളാണ് ബക്നേറ അഫിഡിക്കോള എന്ന ബാക്ടീരിയ. ചൂടുകൊണ്ടുണ്ടാകുന്ന കോശനാശം തടയാൻ സഹായിക്കുന്ന ചില പ്രോട്ടീനുകൾ ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു. കടുത്ത ചൂടിൽ അത് മുഞ്ഞയെ സംരക്ഷിക്കും. ചെടികളുടെ നീരുമാത്രം കുടിച്ച് കഴിയുന്ന മുഞ്ഞയ്ക്ക് പല അവശ്യപോഷകങ്ങളും ഭക്ഷണത്തിൽനിന്ന് കിട്ടാറില്ല. ഇങ്ങനെ ലഭിക്കാതെവരുന്ന ചില അമിനോ ആസിഡുകളും മറ്റ് പോഷകങ്ങളും മുഞ്ഞയ്ക്കായി നിർമിക്കുന്നത് ബക്നേറ ബാക്ടീരിയയാണ്. പകരം, മുഞ്ഞകൾ ബാക്ടീരിയയ്ക്ക് സുരക്ഷിതമായ ഒരു വാസസ്ഥലം ഒരുക്കിക്കൊടുക്കുന്നു. മുഞ്ഞയുടെ ശരീരത്തിലെ ബാക്ടീരിയോസൈറ്റുകൾ എന്ന പ്രത്യേക കോശങ്ങളിലാണ് അവ കഴിയുന്നത്. കൂടാതെ, ബാക്ടീരിയയുടെ നിലനിൽപ്പിന് ആവശ്യമായ ചില പദാർഥങ്ങളും മുഞ്ഞ ഉത്പാദിപ്പിച്ചുനൽകുന്നുണ്ട്. ഈ സഹോപകാരിതാബന്ധം 15 കോടിയോളം വർഷംമുൻപേ തുടങ്ങിയതാണ്.
ബോഡിഗാഡ്: ഇനി 'തേനീച്ചവേട്ടക്കാർ' എന്നറിയപ്പെടുന്ന ഒരു കടന്നലിന്റെ (Beewolf digger wasp) കഥ കേൾക്കൂ. തേനീച്ചകളെ വേട്ടയാടി അകത്താക്കുന്ന വിരുതരാണ് ഈ കടന്നലുകൾ.
പെൺകടന്നൽ മണ്ണിനടിയിൽ കുഴിച്ച് കൂടുണ്ടാക്കുന്നു. കടന്നലിന്റെ വിഷക്കുത്തേറ്റ് ചലനശേഷി നഷ്ടപ്പെട്ട തേനീച്ചകളെ ഈ കൂട്ടിലെത്തിക്കും. കടന്നലിന്റെ ലാർവകൾക്കുള്ള ഭക്ഷണമായി തേനീച്ചകളെ കൂട്ടിൽ സൂക്ഷിക്കുന്നു. തുടർന്ന്, പെൺകടന്നൽ, 'സ്‌ട്രെപ്‌റ്റോമൈസിസ് ബാക്ടീരിയ' നിറഞ്ഞ സ്രവം കൂടിനുള്ളിൽ നിക്ഷേപിക്കും. ലാർവകൾ സമാധിയിലാവാൻ കൊക്കൂൺ നെയ്യുമ്പോൾ ബാക്ടീരിയാസ്രവംകൂടി അതിൽ കലർത്തുന്നു. ഈ ബാക്ടീരിയ, ലാർവയുടെ കൊക്കൂണിൽ വളർന്ന് ചില അണുനശീകരണ സംയുക്തങ്ങൾ ഉത്പാദിപ്പിക്കും. ഇവ കൊക്കൂണിനുള്ളിലെ ലാർവയെ മറ്റ് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും ആക്രമണത്തിൽനിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നു.
ഈ സഹജീവിതത്തിൽ സ്‌ട്രെപ്‌റ്റോമൈസിസ് ബാക്ടീരിയയ്ക്കും നേട്ടങ്ങളുണ്ട്. പെൺ ബീവുൾഫ് കടന്നലിന്റെ സ്പർശനിഗ്രന്ഥികളിൽ ഇവയ്ക്ക് വളരാൻ ആവശ്യമായ പോഷകങ്ങളും സാഹചര്യവും ലഭിക്കുന്നു. കൂടാതെ, അമ്മക്കടന്നൽ തന്റെ സ്രവത്തിലൂടെ ഈ ബാക്ടീരിയയെ പുതിയ കൂടുകളിലേക്കും ലാർവകളിലേക്കും കൈമാറുന്നതിനാൽ ബാക്ടീരിയയ്ക്ക് സ്വന്തം വംശം നിലനിർത്താൻ സാധിക്കും.
അമ്മയുടെ സമ്മാനം: ദുർഗന്ധം വമിക്കുന്ന കീടമായ ചാഴിയും (Stink bug) ബാക്ടീരിയയെ ആശ്രയിക്കുന്നുണ്ട്. ഇവയുടെ കുടലിലെ പ്രത്യേക അറയിൽ പെന്റെയ, ബർക്ഹോൾഡെറിയ, റിക്കെറ്റ്‌സിയ എന്നീ ബാക്റ്റീരിയകൾ കാണപ്പെടുന്നു. ഭക്ഷണത്തിലുള്ള പോഷകങ്ങളെ ദഹിപ്പിക്കാനും അത്യാവശ്യ പോഷകഘടകങ്ങൾ ലഭ്യമാക്കാനും ഇവ ചാഴിയെ സഹായിക്കും. ചാഴി സസ്യങ്ങളുടെ നീരൂറ്റി കുടിക്കാറുണ്ടല്ലോ. ഈ സമയത്ത് ചാഴിയെ അകറ്റാൻ സസ്യങ്ങൾ ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കാറുണ്ട്. അവയെ നിർവീര്യമാക്കാനും രോഗാണുക്കളിൽനിന്ന് സംരക്ഷണം നൽകാനും ബാക്റ്റീരിയകൾ ചാഴിയെ സഹായിക്കും. പകരമായി, ഈ ബാക്റ്റീരിയകൾക്ക് ചാഴികളുടെ കുടലിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഒരു ആവാസവ്യവസ്ഥ ലഭിക്കുന്നു.
ചിലയിനം ചാഴികളിൽ, പെൺപ്രാണി മുട്ടയുടെ ഉപരിതലത്തിൽ ബാക്റ്റീരിയ അടങ്ങിയ സ്രവം പുരട്ടുകയോ പ്രത്യേക ബാക്റ്റീരിയാ കാപ്‌സ്യൂളുകൾ മുട്ടകൾക്കൊപ്പം നിക്ഷേപിക്കുകയോ ചെയ്യും. മുട്ട വിരിഞ്ഞയുടൻ കുഞ്ഞുങ്ങൾ ഈ സ്രവമോ കാപ്‌സ്യൂളുകളോ ഭക്ഷിച്ച് അമ്മയുടെ ബർത്ഡേ ഗിഫ്റ്റായ സഹജീവിബാക്ടീരിയയെ സ്വന്തമാക്കും.
Content Highlights: Symbiotic relationship between insects and bacteria for nutrition and protection.