തീരുമ്പം തീരുമ്പം ജോലി... ഹൃദയത്തിനും ചിലത് പറയാനുണ്ട്...

നമ്മുടെ ശരീരത്തിലെ ഏറ്റവും കഠിനാധ്വാനിയായ അവയവമാണ് ഹൃദയം. നമ്മൾ സ്‌കൂളിൽ പോകുമ്പോഴും, കളിക്കുമ്പോഴും, രാത്രി സുഖമായി ഉറങ്ങുമ്പോൾ പോലും ഹൃദയം ഒരു സെക്കൻഡ് പോലും വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. ഒരു ദിവസം കൊണ്ട് ഹൃദയം ചെയ്യുന്ന അത്ഭുതകരമായ ജോലികൾ എന്തൊക്കെയാണെന്ന് നോക്കാം:

നിർത്താതെയുള്ള പമ്പിങ്: ഹൃദയം ഒരു സൂപ്പർ പമ്പ് പോലെയാണ് പ്രവർത്തിക്കുന്നത്. ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണയാണ് ഹൃദയം മിടിക്കുന്നത്. ഈ മിടിപ്പിലൂടെ ഒരു ദിവസം മാത്രം ഏകദേശം 7,500 ലിറ്റർ രക്തം ഹൃദയം ശരീരമാസകലം പമ്പ് ചെയ്ത് എത്തിക്കുന്നു!

ഓക്‌സിജനും പോഷകങ്ങളും എത്തിക്കൽ: നമ്മൾ ശ്വസിക്കുന്ന ഓക്‌സിജനെയും കഴിക്കുന്ന ഭക്ഷണത്തിലെ നല്ല പോഷകങ്ങളെയും രക്തത്തിൽ കലർത്തി ശരീരത്തിന്റെ തലമുടി മുതൽ കാൽവിരൽ വരെയുള്ള എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്നത് ഹൃദയത്തിന്റെ പ്രധാന ജോലിയാണ്.

മാലിന്യങ്ങൾ നീക്കം ചെയ്യൽ: നല്ല രക്തം എത്തിക്കുന്നത് പോലെ തന്നെ ശരീരത്തിലെ കോശങ്ങളിൽ ഉണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ് പോലുള്ള അവശിഷ്ടങ്ങളെയും അശുദ്ധരക്തത്തെയും തിരികെ ശ്വാസകോശത്തിലും വൃക്കകളിലും എത്തിച്ച് ശരീരം വൃത്തിയാക്കാൻ ഹൃദയം സഹായിക്കുന്നു.

പമ്പിങ് വേഗത ക്രമീകരിക്കൽ: നമ്മൾ ഓടുകയോ കളിക്കുകയോ ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്‌സിജൻ വേണം. അത് മനസ്സിലാക്കി ഹൃദയം അതിന്റെ പമ്പിങ് വേഗത കൂട്ടും. നമ്മൾ വിശ്രമിക്കുമ്പോൾ വേഗത കുറയ്ക്കുകയും ചെയ്യും. ശരീരത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് മെഷീനാണിത്!

Content Highlights: The heart beats approximately 100,000 times a day without rest., It pumps about 7,500 liters of blood throughout the body daily.