എന്താണ് ഫിബൊനാച്ചി ദിനം? പൈനാപ്പിൾ മുള്ളും സൂര്യകാന്തി വിത്തും...എന്താണ് പ്രത്യേകത?

ഒരു സൂര്യകാന്തിപ്പൂവോ പൈനാപ്പിളോ ശ്രദ്ധിച്ചുനോക്കിയിട്ടുണ്ടോ? അതിലെ വിത്തുകളും മുള്ളുകളും വെറുതെ അടുക്കിവെച്ചതാണോ? ആദ്യം അങ്ങനെ തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാൽ അവ പ്രത്യേകമായ ഒരു പാറ്റേണിലാണ് അടുക്കിയിരിക്കുന്നതെന്ന് കാണാം. തൊട്ടുമുമ്പുള്ള രണ്ട് സംഖ്യകൾ കൂട്ടുമ്പോൾ അടുത്ത സംഖ്യ കിട്ടുന്ന ഒരു ഗണിതശ്രേണിയിലാണ് സൂര്യകാന്തിയിലെ വിത്തുകളും പൈനാപ്പിളിന് പുറത്തെ മുള്ളുകളും വിന്യസിച്ചിരിക്കുന്നത്. ഈ ശ്രേണിയെ ഫിബൊനാച്ചി ശ്രേണി എന്നുവിളിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിത്തുകൾ കൊള്ളിക്കാൻ പ്രകൃതിതന്നെ ഒരുക്കിയ ഒരു സൂത്രമാണിത്. പൈൻ കോണിലെ വിത്തുകളും ഡെയ്സി പൂക്കളിലെ വിത്തുകളും ഇതേ പാറ്റേണിലാണ് അടുക്കിയിരിക്കുന്നത്. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ ലിയനാർഡോ ഫിബൊനാച്ചിയാണ് ഈ ശ്രേണിക്ക് പ്രചാരം നൽകിയത്.
എല്ലാ വർഷവും നവംബർ 23 ഫിബൊനാച്ചി ദിനമായി ആചരിക്കുന്നു. ഫിബൊനാച്ചി ശ്രേണിയിലെ ആദ്യത്തെ നാല് സംഖ്യകളാണ് 1, 1, 2, 3 എന്നിവ. അമേരിക്കൻ രീതിയനുസരിച്ച് നവംബർ 23 നെ 11/23 എന്നാണ് എഴുതുന്നത്. ഈ സാമ്യമാണ് നവംബർ 23-നെ ഫിബൊനാച്ചി ദിനമായി തിരഞ്ഞെടുക്കാൻ കാരണം.
Content Highlights: The Fibonacci sequence dictates the arrangement of seeds and leaves in nature., Leonardo Fibonacci popularized this mathematical series., November 23 is celebrated globally as Fibonacci Day (11/23 format).