ഉയിരുപോലെ കാക്കണം ഊര്‍ജം, ഊര്‍ജസംരക്ഷണദിനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

#രശ്മി വി.എസ്.

ചലിക്കാൻ കഴിയാതെ, നിന്നിടത്തുതന്നെ തുടരുന്ന ഒരു ലോകത്തെപ്പറ്റി കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? മുഴുവൻ നിശ്ചലമായൊരു അവസ്ഥ. അങ്ങനെയൊരു ജീവിതം സാധ്യമല്ല. ചലനമില്ലാതെ ജീവിതമില്ല. ചലിക്കാൻ ഊർജം ആവശ്യമാണ്. ഊർജത്തെ നിയന്ത്രിക്കാൻ പഠിച്ചതാവണം മാനവരാശിയുടെ പുരോഗതിയിലെ ഒരു നാഴികക്കല്ല്. ഊർജത്തെ നിർമിക്കാനോ നശിപ്പിക്കാനോ സാധിക്കില്ലെന്നും രൂപംമാറ്റാൻ മാത്രമേ സാധിക്കൂ എന്നും കണ്ടെത്തി. എന്നാൽ, ഇതിനും നൂറ്റാണ്ടുകൾക്ക്‌ മുൻപുതന്നെ ഊർജതന്ത്രം എന്ന ശാസ്ത്രശാഖയിൽ ഒട്ടേറെ നിർണായക കണ്ടെത്തലുകൾ സംഭവിച്ചുകഴിഞ്ഞിരുന്നു.

വ്യാവസായികവിപ്ലവത്തിന് ശേഷമാണ് ഊർജം ഒരു വാണിജ്യവിഭവമായി മാറുന്നതും കൂടുതൽ ഊർജം കൈവശമുള്ള രാജ്യങ്ങൾക്ക് മറ്റുരാജ്യങ്ങൾക്കിടയിൽ ഒരു ആധിപത്യസ്വഭാവം കൈവരുന്നതും. ഉപയോഗിക്കുംതോറും കുറഞ്ഞുവരുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഊന്നിയുള്ള ലോകത്തിന്റെ ചലനം ശാശ്വതമല്ലെന്ന തിരിച്ചറിവാണ്‌ ഊർജസംരക്ഷണം എന്ന ആശയത്തിന്റെ ഉറവിടം.

ഊർജം ഏറ്റവും ആവശ്യമായ ഒരു കാലത്തിലൂടെ കടന്നുപോകുന്ന ആധുനികലോകത്തിന് ഊർജസംരക്ഷണം എന്നത് അത്യന്തം നിർണായകമായ കാര്യമാണ്.

രണ്ടുവിധത്തിൽ
പ്രധാനമായും ഭൂമിയിലെ ഊർജസ്രോതസ്സുകളെ പാരമ്പര്യ ഊർജം (പുതുക്കാൻ പറ്റാത്തവ), പാരമ്പര്യേതര ഊർജം (പുതുക്കാൻ പറ്റുന്നവ) എന്നിങ്ങനെ തരംതിരിക്കാം. ഫോസിൽ ഇന്ധനങ്ങളിൽപ്പെട്ട കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ നിരന്തരമായ ഖനനത്തിലൂടെ തീർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഊർജ പ്രതിസന്ധി ഒഴിവാക്കാൻ പുതുക്കാൻ പറ്റുന്ന ഊർജ ഉറവിടങ്ങളെ ആശ്രയിക്കുക എന്നതാണ് പരിഹാരം.

നവീന ഊർജസ്രോതസ്സുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനായാലും ഈ പ്രതിസന്ധി പരിഹരിക്കാം. സൂര്യൻ, കാറ്റ്, മഴ, തിരമാല തുടങ്ങിയ പാരമ്പര്യേതര ഊർജ ഉറവിടങ്ങളെ പരമാവധി ആശ്രയിക്കേണ്ടതുണ്ട്.

പാരമ്പര്യേതര ഊർജരൂപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സൗരോർജം. പെട്രോളിയം, കൽക്കരി എന്നിവയിൽനിന്നെല്ലാം ലഭിക്കുന്നതിന്റെ ഇരട്ടി ഊർജമാണ് ഒരുവർഷം സൗരോർജത്തിൽനിന്ന് കിട്ടുന്നത്. ഇത്തരത്തിലുള്ള ഊർജകലവറകളെ ഫലപ്രദമായി ഉപയോഗിക്കാനായാൽ ഭാവിയിലെ ഊർജപ്രതിസന്ധികൾക്ക് പരിഹാരമാകും.

ദിനത്തിന്റെ പ്രസക്തി

കഴിഞ്ഞ 20 വർഷത്തിനിടെ ഭൂമിയിലെ ഊർജത്തിന്റെ ഉപഭോഗം ഇരട്ടിയായതായാണ് പഠനങ്ങൾ പറയുന്നത്. ഇത് ആഗോളതാപനം വർധിക്കാനും കാലാവസ്ഥാവ്യതിയാനം അതിരൂക്ഷമാകാനും ഇടയാക്കുമെന്നാണ് ഗവേഷകർ ഉൾപ്പെടെയുള്ളവരുടെ മുന്നറിയിപ്പ്. ആഗോളതലത്തിൽ ഇന്ന് നേരിടുന്ന ഊർജപ്രതിസന്ധി എങ്ങനെ മറികടക്കാം എന്നയിടത്താണ് ഊർജസംരക്ഷണദിനം പ്രസക്തമാകുന്നത്.

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഊർജസംരക്ഷണദിനം ശ്രദ്ധ പുലർത്തുന്നു. ജനസംഖ്യ വർധിക്കുന്നതോടൊപ്പം ഊർജസ്രോതസ്സുകളുടെ ആവശ്യകതയും ഉയരുന്നുണ്ട്. കൽക്കരി, പെട്രോളിയം തുടങ്ങിയ ഊർജസ്രോതസ്സുകളുടെ അമിത ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.

നല്ല നാളേക്കുവേണ്ടി

എല്ലാവർഷവും ഡിസംബർ 14 ഇന്ത്യ ദേശീയ ഊർജസംരക്ഷണ ദിനമായി ആചരിക്കുന്നു. 1991 മുതലാണ് ഈ ദിനം ആചരിച്ചുതുടങ്ങിയത്. ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാവ്യതിയാനം സംബന്ധിച്ചും പൗരൻമാരെ ബോധവത്കരിക്കുക, അനാവശ്യ ഊർജോപയോഗം കുറയ്ക്കുക, പുനരുപയോഗക്ഷമമായ സ്രോതസ്സുകളിൽനിന്നുള്ള ഊർജോപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓരോവർഷവും ഊർജസംരക്ഷണദിനം ആചരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഊർജമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. ഊർജം കാര്യക്ഷമമായി ഉപയോഗിക്കുക, വരുംതലമുറയ്ക്കായി സംരക്ഷിക്കുക, പുതിയ ഊർജസ്രോതസ്സുകൾ കണ്ടെത്തുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. 2001-ലെ ഊർജസംരക്ഷണനിയമപ്രകാരമാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി രൂപവത്കൃതമായത്.

നമ്മൾ ചെയ്യേണ്ടത്

മുൻകാലങ്ങളെ അപേക്ഷിച്ച് ഊർജോത്‌പാദനത്തിലും ഉപഭോഗത്തിലും വലിയ വേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. പരമാവധി പുനരുപയോഗിക്കാവുന്നതും അതോടൊപ്പം പ്രകൃതിക്ക് ദോഷകരമല്ലാത്തതുമായ ഊർജസ്രോതസ്സുകളെവേണം ആശ്രയിക്കാൻ. അത് ഭാവിയിലേക്കുള്ള കരുതൽകൂടിയാണ്. വൈദ്യുതോപകരണങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതുവഴി ഊർജനഷ്ടം ഒഴിവാക്കാം.

Content Highlights: Learn about Energy Conservation Day (Dec 14th), its importance, and ways to save energy. Discover renewable energy sources and secure a sustainable future for generations.