കടം വാങ്ങാതെ കുറയ്ക്കാം... കണക്ക് എളുപ്പമാക്കാൻ ഒരു സൂത്രം

#കെ.തങ്കമണി നാദാപുരം

അടുത്തുള്ള സംഖ്യയിൽ നിന്ന് കടംവാങ്ങാതെ എളുപ്പത്തിൽ വ്യവകലനം ചെയ്യാൻ പഠിക്കാം

''അച്ഛാ, ഇന്നത്തെ ഹോംവർക്ക് കണ്ടോ. 76-31, 71-36. ആദ്യത്തെത് വേഗം ചെയ്യാൻ കഴിയും. പക്ഷേ, രണ്ടാമത്തെത് എപ്പോഴും എനിക്ക് തെറ്റും.'' ജാൻവിയുടെ പരിഭവം കേട്ട് അച്ഛൻ പറഞ്ഞു:

''76-31=45 എന്നത് എളുപ്പം കിട്ടും. കാരണം, വലിയ അക്കത്തിൽനിന്നാണല്ലോ ചെറിയ അക്കം കുറയ്ക്കുന്നത്. 6-ൽ നിന്ന് 1 പോയാൽ 5, 7-ൽ നിന്ന് 3 പോയാൽ 4. ഉത്തരം 45. രണ്ടാമത്തെ കണക്ക് 71-36 ആണല്ലോ. 1-ൽനിന്ന് 6 കുറയ്ക്കാൻ പറ്റില്ല. അപ്പോൾ തൊട്ടടുത്ത അക്കമായ 7-ൽ നിന്ന് 1 കടം എടുക്കുക.''

അപ്പോൾ ടീച്ചറായ ജാൻവിയുടെ അമ്മ ഇവരുടെ സംഭാഷണത്തിൽ ഇടപെട്ടു.

''കടം വാങ്ങാതെ കുറയ്ക്കുന്ന രീതിയാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത്. 71-ൽനിന്ന് 36 കുറയ്ക്കാൻ ആദ്യം 70-ൽ നിന്ന് 30 കുറയ്ക്കുക. ഉത്തരം 40 ആണല്ലോ. പിന്നീട് 6-ഉം 1-ഉം തമ്മിലുള്ള വ്യത്യാസം കാണുക. അത് 5 ആണല്ലോ. ഈ 5, നേരത്തേ കണ്ടുവെച്ച 40-ൽ നിന്ന് കുറച്ചാൽ ഫൈനൽ ഉത്തരമായി. 40-5= 35. അതായത്, 71-36= 35.

'ആഹാ, കൊള്ളാമല്ലോ'', ജാൻവി തുള്ളിച്ചാടി.

''എങ്കിൽ 42-28, 56-18 എന്നിവ ഇങ്ങനെ കുറച്ച് നിങ്ങളും ഉത്തരം കണ്ടെത്തണേ...'

Content Highlights: Simplified subtraction method for primary school students, Step-by-step logic to avoid borrowing in subtraction.