800 കോടിയും കടന്ന് ജനസംഖ്യ. അറിയാം ജനസംഖ്യാദിനത്തിന്റെയും സെൻസസിന്റെയും പ്രാധാന്യം

#അഷ്‌റഫ് കാവിൽ

തുടക്കകാലത്ത് ജനസംഖ്യാവർധനയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ജനസംഖ്യാപെരുപ്പം തടയുകയുമായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. കേവലം കണക്കെടുപ്പുകൾക്ക് അപ്പുറം, ഭൂമിയിലെ ഓരോ മനുഷ്യന്റെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ ഇന്ന് ദിനാചരണപരിപാടികൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

പൊതുജനാരോഗ്യസംരക്ഷണം, ദാരിദ്ര്യനിർമാർജനം, സ്ത്രീശാക്തീകരണം തുടങ്ങിയവയും ദിനാചരണത്തിന്റെ പുതിയ ലക്ഷ്യങ്ങളാണ്. ആഗോളവിഭവങ്ങൾ, പരിസ്ഥിതി, മനുഷ്യാവകാശങ്ങൾ, നഗരവത്കരണം, തൊഴിൽ, കാലാവസ്ഥാവ്യതിയാനം, ഭക്ഷ്യസുരക്ഷ എന്നിവയെ, ജനസംഖ്യാമാറ്റങ്ങൾ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചിന്തിക്കാനും വിലയിരുത്താനും അതനുസരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കാനുമുള്ള അവസരമാണ് ഈ ദിനം ലോകരാഷ്ട്രങ്ങൾക്ക് നൽകുന്നത്. 'യുവജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കുക; ഇന്നും ഭാവിയിലും' (Realizing the hopes and aspirations of young people - today and for the future) എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാദിനത്തിന്റെ പ്രമേയം. 73 രാജ്യങ്ങളിലായി 18-നും 39-നും ഇടയിൽ പ്രായമുള്ള ഒരുലക്ഷത്തിലധികം ആളുകളിൽ യു.എൻ.എഫ്.പി.എ. (UNFPA) നടത്തിയ 'ഡെമോഗ്രാഫിക് ഫ്യൂച്ചേഴ്സ് സർവേ' റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ തീം തയ്യാറാക്കിയിരിക്കുന്നത്.


ഈ വർഷത്തെ ദിനാചരണം മൂന്നുകാര്യങ്ങൾക്ക് മുൻഗണന നൽകുന്നു:

1. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിന്റെ പശ്ചാത്തലത്തിൽ, യുവജനങ്ങൾക്ക് തങ്ങളുടെ കുടുംബവും ഭാവിയും ആഗ്രഹിക്കുന്ന രീതിയിൽ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യവും വിദ്യാഭ്യാസവും വിഭവങ്ങളും നൽകുക.

2. ലൈംഗിക-പ്രത്യുത്പാദന ആരോഗ്യ സംരക്ഷണം, മാതൃസുരക്ഷ, കുടുംബാസൂത്രണ വിഭവങ്ങൾ എന്നിവ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാക്കുക.

3. ജനസംഖ്യ അതിവേഗം വർധിക്കുന്ന പ്രദേശങ്ങൾ, ജനസംഖ്യ കുറയുകയോ വൃദ്ധരുടെ എണ്ണം കൂടുകയോ ചെയ്യുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധപതിപ്പിക്കുക. ഇത്തരം പ്രദേശങ്ങളിൽ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുക.

നമ്മൾ 830 കോടി
ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ലോക ജനസംഖ്യ ഇന്ന് 830 കോടിയാണ്. 2037-ഓടെ ഇത് 900 കോടിയിൽ എത്തുമെന്നാണ് കരുതുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് പരമാവധി 1030 കോടിവരെ ഉയർന്നശേഷം പതുക്കെ കുറയാൻതുടങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്.


ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള 10 രാജ്യങ്ങൾ (2026)

റാങ്ക് രാജ്യം ജനസംഖ്യ (കോടിയിൽ) ആഗോള വിഹിതം (%)
1 ഇന്ത്യ 147.6 17.8%
2 ചൈന 141.3 17.0%
3 അമേരിക്ക  34.9 4.2%
4 ഇൻഡൊനീഷ്യ 28.8 3.5%
5 പാകിസ്താൻ 25.9 3.1%
6 നൈജീരിയ 24.2 2.9%
7 ബ്രസീൽ 21.3 2.6%
8 ബംഗ്ലാദേശ് 17.8 2.1%

9

റഷ്യ 14.3 1.7%
10 എത്യോപ്യ 13.9 1.6%

ലോക ജനസംഖ്യ കോടികൾ തികച്ച കുട്ടികൾ

ജനസംഖ്യ കുട്ടിയുടെ പേര് രാജ്യം ജനിച്ച വർഷം
500 കോടി മേതേജ് ഗാസ്പർ ക്രൊയേഷ്യ (പഴയ യുഗോസ്ലാവിയ) 1987 ജൂലൈ 11
600 കോടി അദ്‌നാൻ മെവിക് ബോസ്‌നിയ ആൻഡ് ഹെർസഗോവിന 1999 ഒക്ടോബർ 12
700 കോടി ഡാനിക്ക മേ കാമാച്ചോ (ഫിലിപ്പീൻസ്)  
  നർഗീസ് ഇന്ത്യ (ഉത്തർപ്രദേശ്) 2011 ഒക്ടോബർ 31
800 കോടി വിനീസ് മബൻസാഗ് (ഫിലിപ്പീൻസ് ) 2022 നവംബർ 15

സെൻസസ്

ഒരു രാജ്യത്തെ ജനങ്ങളുടെ, പ്രായം, ലിംഗം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക-സാമ്പത്തിക അവസ്ഥ ജീവിതനിലവാരം, സാക്ഷരത, വീടുകളുടെ സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഔദ്യോഗികമായി ശേഖരിക്കുകയും ക്രോഡീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ് സെൻസസ് അഥവാ കാനേഷുമാരിയെന്ന് വിളിക്കുന്നത്. ഭൂരിഭാഗം രാജ്യങ്ങളിലും സാധാരണമായി 10 വർഷത്തിൽ ഒരിക്കലാണ് സെൻസസ് നടത്താറുള്ളത്. നമ്മുടെ രാജ്യത്തും പത്തുവർഷം കൂടുമ്പോഴാണ് ഇത് നടക്കാറുള്ളത്. ഒരു രാജ്യത്തിന്റെ വികസനപദ്ധതികൾ ആസൂത്രണംചെയ്യുന്നതിനും വിഭവങ്ങൾ കൃത്യമായി വിതരണംചെയ്യുന്നതിനും, പുതിയ നിയമങ്ങളും നയങ്ങളും രൂപവത്കരിക്കുന്നതിനും സെൻസസ് വിവരങ്ങൾ അത്യന്താപേക്ഷിതമാണ്.
1872-ൽ ലോർഡ് മയോയുടെകാലത്താണ് ഇന്ത്യയിൽ ആദ്യമായി സെൻസസ് ആരംഭിക്കുന്നത്. അതിനുശേഷം, 1881 മുതൽ ഓരോ പത്തുവർഷം കൂടുമ്പോഴും ഇത് കൃത്യമായി നടക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ സെൻസസ് 1951-ൽ നടന്നു. 1948-ലെ സെൻസസ് ആക്ട്, 1990-ലെ സെൻസസ് റൂൾസ് എന്നിവ പ്രകാരം രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെയും സെൻസസ് കമ്മിഷണറുടെയും നേതൃത്വത്തിലാണ് ഇത് നടക്കുന്നത്.

സെൻസസ് 2027
ഇന്ത്യയിലെ പതിനാറാമത്തെ സെൻസസ് പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. കോവിഡ്-19 മഹാമാരി കാരണം 2021-ൽ മാറ്റിവെച്ച സെൻസസാണ് ഇപ്പോൾ നടക്കുന്നത്. 2026-ൽ തുടങ്ങി 2027-ൽ അവസാനിക്കുന്നതിനാൽ ഇത് ഔദ്യോഗികമായി സെൻസസ് 2027 എന്നാണ് അറിയപ്പെടുന്നത്. ഔദ്യോഗിക സെൻസസ് തീയതി 2027 മാർച്ച് 1 ആയിരിക്കും.

പലതുണ്ട് പ്രത്യേകതകൾ
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, പൂർണമായും കടലാസുരഹിതമായി, മൊബൈൽ ആപ്പുകളും വെബ് പോർട്ടലുകളും വഴി നടക്കുന്ന സമ്പൂർണ ഡിജിറ്റൽ സെൻസസാണിത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പൊതു സെൻസസിന്റെ ഭാഗമായി ജാതിതിരിച്ചുള്ള വിവരങ്ങളും ഡിജിറ്റലായി ശേഖരിക്കുന്നുവെന്ന പ്രത്യേകതയും പുതിയ സെൻസസിനുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയ ആദ്യ സെൻസസ് എന്ന സവിശേഷതയും ഇത്തവണത്തെ ജനസംഖ്യാ കണക്കെടുപ്പിന് അവകാശപ്പെട്ടതാണ്. ഏകദേശം, 11,718 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സെൻസസ് പ്രക്രിയയിൽ 30 ലക്ഷത്തോളം ജീവനക്കാരാണ് പങ്കാളികളാകുന്നത്.


സെൻസസ് നടപടികൾ രണ്ടുഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്:


1. ഒന്നാംഘട്ടം: ഹൗസ് ലിസ്റ്റിങ്ങും ഭവന സെൻസസും:

വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം, അവയുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങൾ, കുടുംബത്തിന്റെ കൈവശമുള്ള ആസ്തികൾ എന്നിവ ഈ ഘട്ടത്തിൽ ശേഖരിക്കുന്നു. ജൂലായ് 30 വരെ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരശേഖരണം നടത്തും

2. രണ്ടാംഘട്ടം: ജനസംഖ്യാ കണക്കെടുപ്പ്.

വ്യക്തികളുടെ പ്രായം, ലിംഗഭേദം, വിദ്യാഭ്യാസം, മതം, തൊഴിൽ, കുടിയേറ്റം, ജനനനിരക്ക് തുടങ്ങിയ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നു.

2027 ഫെബ്രുവരിയിലായിരിക്കും രാജ്യത്തുടനീളം ഈ ഘട്ടം നടക്കുക. എന്നാൽ, ലഡാക്ക്, ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 സെപ്റ്റംബറിൽതന്നെ ഇത് നടക്കും.


സി-ഡാക് (C-DAC) വികസിപ്പിച്ച നാല് പ്രധാന ഡിജിറ്റൽ സംവിധാനങ്ങളാണ് വിവരശേഖരണത്തിനായി ഉപയോഗിക്കുന്നത്:

1. സ്വയം വിവരശേഖരണ പോർട്ടൽ (Self-Enumeration Portal): പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള പോർട്ടൽ. മലയാളം ഉൾപ്പെടെ 16 ഭാഷകളിൽ ജൂൺ 30 വരെ ഇത് ലഭ്യമായിരുന്നു. ഈ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിച്ചവർ ഇതിൽനിന്ന് ലഭിച്ച ഐ.ഡി. എന്യൂമറേറ്റർക്ക് കൈമാറണം.

2. എന്യൂമറേറ്റേഴ്‌സ് മൊബൈൽ ആപ്പ്: വിവരശേഖരണത്തിനായി വീടുകളിലെത്തുന്ന ഉദ്യോഗസ്ഥർക്കുള്ള സുരക്ഷിതമായ ഓഫ്ലൈൻ ആപ്പ്. ഇതിൽ, വിവരങ്ങൾ ശേഖരിക്കുന്നയാൾ നിശ്ചിത പ്രദേശത്ത് നേരിട്ടെത്തിയോ എന്ന് ഉറപ്പാക്കാൻ ജിയോഫെൻസിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

3. സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം പോർട്ടൽ (CMMS): രാജ്യത്തുടനീളമുള്ള വിവരശേഖരണത്തിന്റെ പുരോഗതിയും ഫീൽഡ് പ്രകടനവും തത്സമയം നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുന്ന കേന്ദ്രീകൃത ഡാഷ്ബോർഡ്.

4. സെൻട്രലൈസ്ഡ് ഡേറ്റാ പ്രോസസിങ് സെന്റർ/ ഹൗസ് ലിസ്റ്റിങ് ബ്ലോക്ക് ക്രിയേറ്റർ (HLBC): ഉപഗ്രഹ ഇമേജറി ഉപയോഗിച്ച് ബ്ലോക്കുകൾ ഡിജിറ്റലായി സൃഷ്ടിക്കാനും, ശേഖരിക്കപ്പെടുന്ന കോടിക്കണക്കിന് വിവരങ്ങൾ വേഗത്തിൽ അപഗ്രഥിക്കാനും സഹായിക്കുന്ന അത്യാധുനിക സംവിധാനം.

ഭാഗ്യചിഹ്നങ്ങൾ
സെൻസസിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഭാഗ്യചിഹ്നങ്ങൾ രൂപകല്പനചെയ്തിട്ടുണ്ട്. സെൻസസ് എന്യൂമറേറ്റർമാരുടെ വേഷത്തിൽ, തിരിച്ചറിയൽ കാർഡും മൊബൈൽ ആപ്പ് പ്രവർത്തിക്കുന്ന ഫോണും കൈയിലേന്തിയ പ്രഗതി എന്ന് പേരുള്ള സ്ത്രീയും വികാസ് എന്ന പുരുഷനുമാണ് ഈ ഭാഗ്യമുദ്രകൾ.
2047-ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തിൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യപങ്കാളിത്തവും പുരോഗതിയും ഉറപ്പാക്കുകയെന്നതാണ് ഈ ഭാഗ്യചിഹ്നങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശം.

Content Highlights: India's Census 2027 is the first fully paperless digital census using mobile apps and web portals., Global population reached 8.3 billion, with India ranked as the most populous nation in 2026., The census includes caste-based data collection for the first time in independent India., The process utilizes advanced C-DAC digital systems, including geofencing and satellite imagery., The initiative aims to support India's vision of becoming a developed nation by 2047.