പൂച്ചയ്ക്ക് മീശയുണ്ട്, പൂവിനുമുണ്ടോ? പൂച്ചമീശച്ചെടിയെക്കുറിച്ചറിയാം!

പൂച്ചയുടെ മീശപോലുള്ള പൂക്കൾ! കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടല്ലേ, കൂട്ടുകാരേ? എന്നാൽ, അങ്ങനെയൊരു ചെടി നമ്മുടെ നാട്ടിലുമുണ്ട്. 'പൂച്ചമീശ' എന്നാണ് ഈ ചെടിയുടെ പേര്. പൂക്കളിൽനിന്ന് നീണ്ടുനിൽക്കുന്ന നൂലുപോലെയുള്ള കേസരങ്ങളാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത. അവ കണ്ടാൽ പൂച്ചയുടെ മീശപോലെ തോന്നും. അതുകൊണ്ടാണ്, ഇംഗ്ലീഷിൽ ഇതിനെ 'കാറ്റ്‌സ് വിസ്‌കേഴ്‌സ്' (Cat's Whiskers) എന്ന് വിളിക്കുന്നത്. 'ഓർത്തോസൈഫോൺ അരിസ്റ്റാറ്റസ്' (Orthosiphon aristatus) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. തുളസിയുടെ കുടുംബത്തിലാണ് ഈ ചെടിയും ഉൾപ്പെടുന്നത്.

കേരളത്തിൽ വെള്ള, ഇളംവയലറ്റ് നിറങ്ങളിലുള്ള പൂക്കളോടുകൂടിയ പൂച്ചമീശച്ചെടികൾ കാണാം.

ഇതിനൊരു രസകരമായ പേരുകൂടിയുണ്ട്-കിഡ്‌നി ടീ പ്ലാന്റ്. ഈ ചെടിയുടെ ഇലകളുപയോഗിച്ച് പരമ്പരാഗതമായി ഒരുതരം ഔഷധച്ചായ തയ്യാറാക്കാറുണ്ട്. ഈ ചായ മൂത്രത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നതിനാൽ, വൃക്കകളുടെയും മൂത്രനാളികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പരമ്പരാഗത ചികിത്സകളിൽ ഇതുപയോഗിച്ചിരുന്നു. അങ്ങനെയാണ് ചെടിക്ക് ഈ പേര് വന്നത്.

Content Highlights: Cat's Whiskers plant features unique flower stamens resembling a cat's mustache.