ഊതിയാൽ അടുക്കും......... ബർണോളിയുടെ തത്വം പഠിക്കാം

#സുമേഷ്

പരീക്ഷകളൊക്കെ കഴിഞ്ഞ് ആശ്വസിച്ചിരിക്കുകയാണ് അമ്മുവും ഗൗതമും. ഇനി കുറേ വായിക്കണം. അമ്മുവിന്റെ പ്ലാൻ അതാണ്. അച്ഛന്റെ ലൈബ്രറിയിൽ അവൾ കുറേ പുസ്തകങ്ങൾ കണ്ടുവെച്ചിട്ടുണ്ട്. പുതിയ പരീക്ഷണങ്ങളുടെ ആലോചനയിലാണ് ഗൗതം.

മേശപ്പുറത്തുനിന്ന് അവൻ ഒരു പഴയ A4 പേപ്പർ എടുത്തു. അതിൽനിന്ന് 8 സെ.മീ. വീതിയുള്ള ഒരു കഷണം മുറിച്ചെടുത്തു. അത് ചുരുട്ടി അറ്റം ഒട്ടിച്ച് 8 സെ.മീ. നീളമുള്ള ഒരു കുഴലാക്കി മാറ്റി.

''ഇതെന്തിനാ ഈ കുഴൽ?'' അമ്മുവിന്റെ ചോദ്യം.

''ഊതാൻ. ഊതി പറത്താൻ.'' ഗൗതമിന്റെ മറുപടി.

''മനസ്സിലായില്ല'' അമ്മു പറഞ്ഞു.

''ഇപ്പം മനസ്സിലാക്കിത്തരാം.''

ഗൗതം മേശപ്പുറത്തുനിന്ന് മറ്റൊരു പേപ്പർ എടുത്തു. അത് ഒരു വലിയ കുമ്പിൾപോലെ ചുരുട്ടി. പേപ്പറിന്റെ ഒരുവശം ഇളകിപ്പോരാതിരിക്കാൻ ഒട്ടിച്ചു.

കുമ്പിളിന്റെ കൂർത്ത അറ്റത്ത് നേരത്തേ തയ്യാറാക്കിയ പേപ്പർ കുഴൽ കടത്തിവയ്ക്കാൻ പറ്റിയ ഒരു ദ്വാരം കത്രികകൊണ്ട് മുറിച്ചുണ്ടാക്കി.

ആ ദ്വാരത്തിലേക്ക് പേപ്പർ കുഴലിന്റെ അറ്റം കടത്തിവെച്ച് സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു. കുമ്പിളിന്റെ വിടർന്ന അറ്റം കത്രികകൊണ്ട് മുറിച്ച് നീണ്ട ഇതൾപോലെയാക്കി. ഉള്ളിൽ അധികംവന്ന പേപ്പർ പാളി കത്രികകൊണ്ട് മുറിച്ചുകളഞ്ഞു.

ഉണ്ടാക്കിയ ഉപകരണം അമ്മുവിനെ കാണിച്ച് അവൻ ചോദിച്ചു.

''ഈ കുഴലിലൂടെ ഊതിയാൽ പേപ്പർ പാളികൾക്കെന്ത് സംഭവിക്കും?''

ഉപകരണത്തിലേക്ക് നോക്കി അമ്മു പറഞ്ഞു.

''കാറ്റിന്റെ ശക്തികൊണ്ട് പേപ്പർപാളികൾ വിടർന്നുപോകും.''

''ശരി, അമ്മുച്ചേച്ചി ഊതിനോക്കൂ.''

അമ്മു അത് വാങ്ങി കുഴലിലൂടെ ഊതി.

കുഴലിലൂടെ ഊതിയപ്പോൾ കുമ്പിളിന്റെ പേപ്പർ പാളികൾ തമ്മിൽ അടുത്തുവന്നു. ശക്തിയായി ഊതിയപ്പോൾ പേപ്പർ തമ്മിൽ ചേർന്നുനിന്നു.

''ഇതെന്താ ഇങ്ങനെ?''

അമ്മു ആശ്ചര്യത്തോടെ ചോദിച്ചു.

''ബർണോളിയുടെ തത്വത്തിന് ഒരു ഉദാഹരണമാണിത്. പേപ്പറിന് ഇടയിലൂടെ ശക്തിയായി ഊതിയപ്പോൾ അവിടെയുള്ള വായുമർദം കുറഞ്ഞു (ചലിക്കുന്ന വായുവിന് മർദം കുറവാണ് എന്നാണല്ലോ ബർണോളിയുടെ തത്വം). അപ്പോൾ പേപ്പറിന് ഇരുവശത്തുമുള്ള വായുവിന്റെ മർദംമൂലം അവ തമ്മിൽ അടുത്തു. ഊതിയാൽ അടുക്കുന്ന പേപ്പറിന്റെ രഹസ്യം മനസ്സിലായില്ലേ?''

ഗൗതം ചോദിച്ചു.

പരീക്ഷണം തുടരുന്നതിനിടയിൽ അമ്മു തലയാട്ടി.

Content Highlights: Demonstrates Bernoulli's principle using simple household materials like paper and tape.