കടന്നലിന്റെ കടുംകൈ! കടന്നൽ ലോകത്തെ ആക്രമണകാരികളെ പരിചയപ്പെടാം...

പെൺകടന്നൽ
പെൺകടന്നൽ

ഒരാളെ ഇടിച്ച് തോൽപ്പിക്കുക. എന്നിട്ട് മരുന്ന് കുത്തിവച്ച് അയാളെ ബോധം കെടുത്തുക. പിന്നീട് അയാളുടെ ദേഹത്ത് അയാളെ നിയന്ത്രിക്കുന്ന ഒരു സംവിധാനം ഘടിപ്പിക്കുക. അതിനു ശേഷം അയാൾ മറ്റാരെയോ പോലെ പെരുമാറുക... ഇതെല്ലാം കേൾക്കുമ്പോൾ കൂട്ടുകാർക്ക് എന്താണ് തോന്നുന്നത്? ജീവിലോകത്ത് നടക്കുന്ന ഒരു യഥാർത്ഥ സംഭവമാണിത്. ആ കഥ കേട്ടോളൂ...

ചിലന്തികളുടെ പേടി സ്വപ്‌നമാണ് ചിലന്തിക്കടന്നലുകൾ. Spider wasps എന്നാണ് ഈ കടന്നലുകൾ പൊതുവെ അറിയപ്പെടുന്നത്. പെൺകടന്നലുകൾ ചിലന്തികളെ ആക്രമിച്ച് അവയുടെ ശരീരത്തിൽ ഒരു മയക്കുമരുന്ന് കുത്തിവെച്ച് ബോധം കെടുത്തും. എന്നിട്ട് ചിലന്തിയുടെ വയറിനു പുറത്ത് മുട്ടയിട്ട് ഒട്ടിച്ചു വെക്കും. ചിലന്തിക്ക് ബോധം വരുമ്പോഴേക്കും കടന്നൽ സ്ഥലം കാലിയാക്കും. ഏതാനും ദിവസത്തിനുള്ളിൽ മുട്ടവിരിഞ്ഞ് കടന്നലിന്റെ ലാർവ പുറത്ത് വരും. ഇതിന്റെ ഭക്ഷണം എന്താണെന്നോ? ചിലന്തിയുടെ ചോരയായ ഹീമോലിംഫ് തന്നെ! ചിലന്തിയറിയാതെ കടന്നലിന്റെ ലാർവ ചോരയൂറ്റി വളരും. ഒരു ഘട്ടമെത്തുമ്പോൾ ഈ ചിലന്തി, കടന്നലിന്റെ ലാർവയ്ക്കു വേണ്ടി ഒരു കൊക്കൂൺവല നെയ്തുണ്ടാക്കും. അപ്പോഴേക്കും ചിലന്തിയുടെ കഥ കഴിയും. കടന്നലിന്റെ ലാർവയോ? കൊക്കൂണിന്റെ ഉള്ളിൽ നിന്നും കുറച്ചു നാളുകൾക്കുള്ളിൽ ഒരു കടന്നലായി മാറി കൊക്കൂൺ പൊട്ടിച്ച് പുറത്ത് വരികയും ചെയ്യും.

Content Highlights: female spider wasp conquers spider by stinging and paralyzing it with venom