എവിടെയാണ് ബഹിരാകാശം? കൂട്ടുകാർക്കറിയാമോ ഈ കാര്യങ്ങൾ...

ആകാശത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന ഒരതിർത്തിയൊന്നുമില്ല. വായുവുള്ളിടത്തോളം ഭാഗം ആകാശമാണ്. അതിനുമപ്പുറമുള്ളത് ബഹിരാകാശവും. അമേരിക്കൻ ബഹിരാകാശഗവേഷണ സ്ഥാപനമായ നാസ പറയുന്നത് 122 കിലോമീറ്റർ മുകളിലുള്ള ഭാഗത്തെ ബഹിരാകാശമായി കണക്കാക്കാം എന്നാണ്.
അന്താരാഷ്ട്ര എയ്റോനോട്ടിക്കൽ ഫെഡറേഷൻ പറയുന്നത് 100 കിലോമീറ്റർ കഴിഞ്ഞാൽ ബഹിരാകാശമായി എന്നാണ്. അവർ ഈ അതിരിനെ കാർമൻ ലൈൻ എന്നു വിളിക്കുന്നു. സാധാരണയായി 300 കിലോമീറ്ററിന് മുകളിലാണ് കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത്.
സ്കൂൾ മാഷ് കണ്ട സ്വപ്നം
ഒരു സ്കൂൾ മാഷായിരുന്നു കോൺസ്റ്റാറ്റിൻ സിയാൽക്കോവ്സ്കി. റോക്കറ്റുകൾ ഉപയോഗിച്ച് ഭൂമിയുടെ ഗുരുത്വാകർഷണത്തെ ഭേദിച്ച് ബഹിരാകാശത്ത് പോവുക; അവിടെ വമ്പൻ ബഹിരാകാശ നിലയങ്ങൾ സ്ഥാപിക്കുക; എന്നിട്ട് അവിടെ കൃഷിയൊക്കെ ചെയ്ത് മനുഷ്യൻ സുഖമായി ജീവിക്കുക. പതുക്കെ സൗരയൂഥവും ആകാശഗംഗയുമൊക്കെ മനുഷ്യന്റെ കോളനിയാക്കുക; മറ്റ് ഗ്രഹങ്ങളിൽ ജീവികളുണ്ടെങ്കിൽ അവരുമായി സൗഹൃദം സ്ഥാപിക്കുക. ഇതൊക്കെ ആദ്യം സ്വപ്നം കണ്ടത് റഷ്യക്കാരനായ ഈ അധ്യാപകനായിരുന്നു. തന്റെ സ്വപ്നം പ്രാവർത്തികമാക്കാനുള്ള കഠിനപരിശ്രമവും അദ്ദേഹം നടത്തി. റോക്കറ്റുകളും ബഹിരാകാശ നിലയങ്ങളിലേക്ക് നിരന്തരം യാത്രചെയ്യാനുള്ള എലിവേറ്ററുകളും നിർമിക്കേണ്ടതെങ്ങനെ എന്ന ഗവേഷണത്തിൽ അദ്ദേഹം മുഴുകി. അവയുടെ രൂപമാതൃകകൾ വരച്ചുണ്ടാക്കി. 'ബഹിരാകാശ യാത്രയുടെ പിതാവ്'എന്നാണ് സിയാൽക്കോവ്സ്കി അറിയപ്പെടുന്നത്.
ബഹിരാകാശത്ത് ആദ്യം
1957 ഒക്ടോബർ 4 ന് സോവിയറ്റ് യൂണിയന്റെ കൃത്രിമോപഗ്രഹം സ്പുട്നിക് ഭൂമിയിൽനിന്ന് 227 കിലോമീറ്റർ ഉയരത്തിലെത്തി ഭൂമിയെ ചുറ്റി. ഭൂമിയുടെ സഹയാത്രികൻ എന്നാണ് സ്പുട്നിക്കിന്റെ അർഥം.
യൂറി ഗഗാറിൻ
1961 വരെ മനുഷ്യൻ ബഹിരാകാശത്ത് സഞ്ചരിച്ചിട്ടില്ലായിരുന്നു. ആ വർഷം ഏപ്രിൽ 12-ന് യൂറി ഗഗാറിന്റെ ബഹിരാകാശ യാത്രയെക്കുറിച്ചുള്ള ഐതിഹാസികമായ വാർത്ത കേട്ടുകൊണ്ടാണ് ലോകം ഉണർന്നത്. ബഹിരാകാശത്തുനിന്ന് ആദ്യമായി ഭൂമിയെ ഗോളാകൃതിയിൽ നോക്കിക്കണ്ട മനുഷ്യൻ, ഭൂമിയെ വലംവെച്ച മനുഷ്യൻ, റഷ്യക്കാരനായ യൂറി ഗഗാറിനാണത്.
പരിശീലനം കഠിനം
പ്രാണവായുവിന്റെ അഭാവം, ഭാരക്കുറവ്, സൂര്യന് അഭിമുഖമാവുമ്പോൾ കത്തിക്കരിയുന്ന ചൂട്. ഭൂമിയുടെ മറവിൽ വരുമ്പോൾ തുളച്ചുകയറുന്ന തണുപ്പ്. ഇതൊക്കെ ഒരു ബഹിരാകാശ യാത്രികൻ നേരിടേണ്ടതുണ്ട്. മണിക്കൂറിൽ മുപ്പതിനായിരം കിലോമീറ്ററാണ് ബഹിരാകാശ വാഹനത്തിന്റെ വേഗം.
മണിക്കൂറുകളോളം ഭാരമേറിയ സ്പേസ് സ്യൂട്ടിൽ കഴിയണം, ബഹിരാകാശത്ത് കൂട്ടിനാരുമില്ലാത്തതിനാൽ കടുത്ത ഏകാന്തത. ഈ അനുഭവങ്ങളെല്ലാം നേരിടുന്നതിന് ഗഗാറിന് കഠിനമായ പരിശീലനങ്ങളാണ് നൽകിയിരുന്നത്.
ഒരു ദിവസം മുഴുവൻ
സോവിയറ്റ് യൂണിയന്റെതന്നെ ഗർമൻ ടിറ്റോവ് 1966 ഓഗസ്റ്റ് 6-ന് ബഹിരാകാശത്തെത്തി. 25 മണിക്കൂർ 18 മിനിറ്റ് അദ്ദേഹം അവിടെ കഴിഞ്ഞു.
ആദ്യ നടത്തം
സോവിയറ്റ് യൂണിയനിലെ അലക്സി ലിയനോവ് 1965 മാർച്ച് 9-ന് ബഹിരാകാശത്ത് ആദ്യമായി നടന്നു.
ആദ്യ ഇന്ത്യക്കാരൻ
പഞ്ചാബുകാരനായ രാകേഷ് ശർമ 1984 ഏപ്രിൽ 3-ന് സോവിയറ്റ് യൂണിയന്റെ സോയൂസ് ഠ-11 വാഹനത്തിൽ ബഹിരാകാശ യാത്ര നടത്തി.
ആദ്യ ഇന്ത്യൻ വനിത
കല്പനാ ചൗളയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരി. 1997 നവംബർ 5-നായിരുന്നു അത്. 2003 ലെ രണ്ടാമത്തെ യാത്ര കഴിഞ്ഞ് മടങ്ങിവരവേ കൊളംബിയ വാഹനം പൊട്ടിത്തെറിച്ച് ഏഴ് സഹയാത്രികരോടൊപ്പം അവരും മരിച്ചു.
ആദ്യ ജീവി
ലെയ്ക എന്ന നായയാണ് ആദ്യം ബഹിരാകാശത്തെത്തിയ ജീവി. 1957 നവംബർ മൂന്നിന് സോവിയറ്റ് യൂണിയന്റെ സ്പുട്നിക്ക് 2-ൽ ലെയ്ക ബഹിരാകാശത്തെത്തി.
Content Highlights: the article is about the space and astronauts including indians