ജീവജാലങ്ങളുടെ സഹായത്തോടെ നടത്തിയ ചില പുത്തൻ കണ്ടെത്തലുകൾ കാണാം...

#വിനീത ബി

നുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയിലെ നിരവധി ജീവജാലങ്ങളാണ് നിത്യേന കഷ്ടപ്പെടുന്നത്. എന്നാൽ തിരിച്ച് ഈ കുഞ്ഞു ജീവികൾ മനുഷ്യരുടെ ജീവിതം സുഗമമാക്കാൻ സഹായിക്കുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങൾക്ക് കാരണമാകാറുണ്ട്.

ലോകത്തെത്തന്നെ മാറ്റിമറിക്കാൻ കഴിവുള്ള കണ്ടെത്തലുകൾക്ക് പിന്നാലെ പായുകയാണ് ശാസ്ത്രലോകം. ഞെട്ടറ്റുവീണ ഒരു ആപ്പിളാണ് ഗുരുത്വാകർഷണത്തെക്കുറിച്ച് അറിയാൻ ഐസക് ന്യൂട്ടന് പ്രചോദനമായതെന്ന് കേട്ടിട്ടില്ലേ. അതുപോലെ ചിലപ്പോൾ പൂമ്പാറ്റകൾ പറക്കുന്നതും പാർക്കർ അഭ്യാസം പോലെ ഒരു കൊമ്പിൽനിന്ന് മറ്റൊരു കൊമ്പിലേക്കുള്ള അണ്ണാന്റെ ചാട്ടവുമെല്ലാം, പുതിയ കണ്ടെത്തലുകൾക്ക് വഴിയൊരുക്കിയേക്കാം. ഇതിനെല്ലാം നമ്മെ സഹായിക്കുന്ന ഇത്തിരിക്കുഞ്ഞൻ ജീവികളെ നമ്മളും മറക്കരുതല്ലോ. ഈ ഭൂമി എല്ലാവരുടേതുമാണെന്ന് എപ്പോഴും ഓർക്കാം. ഒപ്പം ജീവജാലങ്ങളുടെ സഹായത്തോടെ നടത്തിയ ചില പുത്തൻ കണ്ടെത്തലുകളെ കുറിച്ചറിയാം.

രക്തസ്രാവത്തിന് പാമ്പുകളോ?
ശരീരത്തിലുണ്ടായ മുറിവിൽനിന്ന് രക്തം ഒഴുകിക്കൊണ്ടേയിരിക്കുന്നു. മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥകളിലൊന്ന്. എന്നാൽ, ഒറ്റമിനിറ്റുകൊണ്ട് രക്തത്തെ കട്ടപിടിപ്പിക്കുന്ന ഒരു ജെൽ കണ്ടെത്തിയിട്ടുണ്ട് ശാസ്ത്രലോകം. ഒറ്റമിനിറ്റോ! ഇതല്ല, ഇവിടത്തെ അത്ഭുതം. ഈ ജെല്ലുണ്ടാക്കിയിരിക്കുന്നത് പാമ്പിന്റെ വിഷംകൊണ്ടാണ്. ഓസ്ട്രേലിയയിൽ കാണുന്ന ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന്റെയും (Eastern Brown Snake) ഏഷ്യയിലും ആഫ്രിക്കയിലും കാണുന്ന സോ-സ്‌കെയിൽഡ് വൈപ്പറിന്റെയും (Saw-Scaled Viper) വിഷത്തിലെ പ്രോട്ടീനുകൾ കൂട്ടിച്ചേർത്താണ്, ഈ മുറിവടയ്ക്കുന്ന ജെൽ ഉണ്ടാക്കിയിട്ടുള്ളത്. അമിതമായി രക്തം പോയുള്ള മരണത്തിൽനിന്ന് രക്ഷിക്കാൻ, നമ്മളേറെ പേടിച്ചിരുന്ന പാമ്പുകൾക്കുവരെ കഴിയുമെന്ന് മനസ്സിലായില്ലേ!

പൂമ്പൊടിപേപ്പറുകൾ
പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയിലെ പ്രധാന വില്ലനാണ്. അതുകൊണ്ടുതന്നെ, പ്ലാസ്റ്റിക് കവറുകൾക്കും സാധനങ്ങൾക്കുമെല്ലാം പകരമായി ആശ്രയിക്കുന്നത് പേപ്പറിനെയാണ്. എന്നാൽ, ഈ പേപ്പറുണ്ടാക്കാനും മരങ്ങൾ മുറിക്കണം. അപ്പോൾ, പ്രധാന പോംവഴി, വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന പേപ്പറുണ്ടാക്കുകയെന്നതാണ്. സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ മരത്തിന്റെ പൾപ്പിന് പകരം പൂമ്പൊടിയിൽനിന്ന് പുതിയൊരുതരം പേപ്പർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അലർജിയുണ്ടാക്കാത്ത തരത്തിൽ ഈ പേപ്പർ ഉണ്ടാക്കുകയും ഒരു ലേസർ പ്രിന്റർ വെച്ച് അതിൽ അച്ചടിക്കുകയും ചെയ്തു. ഇനിയാണ് കാര്യം. ഈ പേപ്പറുകളെ ഒരുതരം ആൽക്കലൈൻ ലായനിയിലൂടെ കടത്തിവിടുമ്പോൾ, ഈ അച്ചടിച്ചവയെല്ലാം നീക്കംചെയ്യപ്പെടും. ഇങ്ങനെ കുറഞ്ഞത് എട്ടുതവണയെങ്കിലും ഒരേ പേപ്പർ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഗുണം.

തിളക്കമേറും ഇനി ഗെക്കോകൾക്ക്
'ലെമൺ ഫ്രോസ്റ്റ് ഗെക്കോ' എന്ന പല്ലി, അർബുദ ഗവേഷണത്തിൽ വൻ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകർ പറയുന്നു. എങ്ങനെയെന്നല്ലേ? ഇത്തരം ഗെക്കോയെ വളർത്തിയിരുന്ന സ്റ്റീവ് സൈക്സ് എന്നയാൾ ഒരിക്കൽ അതിന്റെ ശരീരത്തിൽ വെളുത്ത മുഴകൾ വളരുന്നതായി കണ്ടു. അങ്ങനെ, ശാസ്ത്രജ്ഞർ ഈ മുഴകളെക്കുറിച്ച് വിശകലനംചെയ്തപ്പോഴാണ്, ഇത് മനുഷ്യരിലെ ത്വക്ക് അർബുദത്തിന് കാരണമാകുന്ന ഒരു ജീനുമായി (SPINT1) ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയത്. മനുഷ്യരിൽ അർബുദത്തിന് കാരണമാകുന്ന ഈ ജീൻ ഗെക്കോകളിൽ എങ്ങനെ തിളക്കമുള്ള മുഴയായിമാത്രം നിൽക്കുന്നുവെന്ന് കണ്ടെത്തുന്നതിലൂടെ അർബുദചികിത്സയ്ക്കുതന്നെ വഴിത്തിരിവുണ്ടാവുകയാണ്.

സ്‌കാവഞ്ചർ വണ്ടുകൾ
വെള്ളത്തിന് മുകളിലൂടെ നടക്കുന്നവരുണ്ട്. എട്ടുകാലി, ഉറുമ്പ്, പല്ലി അങ്ങനെ. എന്നാൽ, വെള്ളത്തിന്റെ ഉപരിതലത്തിന് താഴെ, തലകീഴായിനടക്കുന്ന വിരുതനാണ് സ്‌കാവഞ്ചർ വണ്ടുകൾ. ഒരു മേശയുടെ അടിഭാഗത്ത് നടക്കുന്നപോലെത്തന്നെയാണ്, ഈ അഭ്യാസിയുടെ വെള്ളത്തിന്റെ ഉപരിതലത്തിന് കീഴേയുള്ള നടത്തവും. വണ്ടിന്റെ ഈ കഴിവ് പഠിക്കുന്നതിലൂടെ ജലത്തിലെ പഠനങ്ങളുടെയും അതിനുവേണ്ടി ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെയും സാധ്യതകൾ കണ്ടെത്തുകയാണ് ശാസ്ത്രലോകം.

Content Highlights: Snake venom used to create a rapid blood-clotting gel for wound healing