പൂവൻകോഴിയുടെയും ചങ്ങാതിമാരുടെയും യാത്ര… ഒരു ഗ്രിം കഥ വായിച്ചാലോ?

കാട്ടിലെ കേമനായ പൂവൻകോഴി ഒരുദിവസം ഒരു യാത്രയ്ക്കൊരുങ്ങി. ഭാര്യയായ പിടക്കോഴിയും കൂടെയുണ്ട്. യാത്രയ്ക്കായി അവൻ പല ഒരുക്കങ്ങളും ചെയ്തു.

നാല് മത്തങ്ങാചക്രങ്ങളുള്ള ഒരു രസികൻ വണ്ടി അവൻ ഒരുക്കി. വണ്ടി വലിക്കാനായി മിടുമിടുക്കന്മാരായ നാല് എലികളെയും കൂട്ടുപിടിച്ചു. അങ്ങനെ അവർ യാത്ര തുടങ്ങി.

അവരുടെ വണ്ടി കടകടാ എന്ന് പായുമ്പോൾ പെട്ടെന്നൊരാൾ മുന്നിൽ ചാടി. ആര്? ഒരു കണ്ടൻപൂച്ച. അവൻ ചോദിച്ചു:

''എങ്ങോട്ടാ ഇത്ര തിടുക്കത്തിൽ? എന്നോട് പറയാമോ?''

പൂവൻകോഴി ഉത്തരം നൽകി:

''മിസ്റ്റർ കോബ്സിനിട്ട് ഒരു പണി കൊടുക്കാനുണ്ട്. അതാണ് ഈ തിടുക്കം. നീയും റെഡിയാണെങ്കിൽ കൂടെപ്പോര്.''

ഉടനെ പൂച്ച ചാടിക്കേറി വണ്ടിയിൽ ഇരുന്നു. കുറേദൂരം പോയപ്പോൾ അതാ മറ്റൊരാൾ വണ്ടിക്ക് കൈനീട്ടുന്നു. തടിമാടനായ ഒരു ആട്ടുകല്ലായിരുന്നു അത്. കാര്യമറിഞ്ഞപ്പോൾ അവനും കൂടെ ചെല്ലണമത്രേ!

പിന്നെയും വണ്ടി മുന്നോട്ടുനീങ്ങിയപ്പോൾ പലയിടത്തുനിന്നായി പലപല ചങ്ങാതിമാർ പൂവൻകോഴിക്ക് കൂട്ടായി വണ്ടിയിൽ കയറി. ആരൊക്കെയാണെന്ന് അറിയണ്ടേ? ഒരു താറാവ്, ഒരു കോഴിമുട്ട, ഒരു സൂചി, ഒരു ആണി എന്നിവരായിരുന്നു അവർ. അവർക്കെല്ലാം മിസ്റ്റർ കോബ്‌സിനോട് തീർത്താൽ തീരാത്ത ദേഷ്യമുണ്ട്!

അങ്ങനെ അവസാനം അവർ മിസ്റ്റർ കോബ്‌സിന്റെ വീട്ടിലെത്തി. പക്ഷേ, ആ നേരത്ത് മിസ്റ്റർ കോബ്സ് വീട്ടിൽ ഉണ്ടായിരുന്നില്ല. അയാൾ എന്തോ ആവശ്യത്തിന് പുറത്തുപോയതായിരുന്നു.

ഉടനെ എലികൾ വണ്ടിയുമായി കളപ്പുരയിൽ ഒളിച്ചു.

പൂവൻകോഴിയും പിടക്കോഴിയും വീടിന്റെ ഉത്തരത്തിൽ ചേക്കേറി.

പൂച്ചയാവട്ടെ അടുപ്പിനുപിന്നിൽ സ്ഥലം കണ്ടെത്തി.

താറാവ് വെള്ളത്തൊട്ടിയിലാണ് ഒളിച്ചത്. കോഴിമുട്ട ഒരു ടവ്വലെടുത്ത് പുതച്ച് അനങ്ങാതെ ഇരുന്നു. സൂചി ഒരു കസേരയിലും ആണി തലയിണയ്ക്കടിയിലും പതുങ്ങിയിരുന്നു.

തടിമാടനായ ആട്ടുകല്ലിന് ഒളിക്കാൻ പറ്റിയ സ്ഥലം പെട്ടെന്നൊന്നും കണ്ടെത്താനായില്ല. അവസാനം അവൻ വാതിലിനുപിന്നിൽ ചെന്ന് കണ്ണടച്ചിരുന്നു.

കുറച്ചുസമയം കഴിഞ്ഞതും മിസ്റ്റർ കോബ്സ് തിരികെ വീട്ടിലെത്തി. അയാൾ നേരേ അടുക്കളയിലേക്ക് ചെന്ന് അല്പം വെള്ളം തിളപ്പിക്കാൻ ഒരുങ്ങി. ഉടനെ അടുപ്പിൽ ഒളിച്ചിരുന്ന പൂച്ച അയാളുടെ കണ്ണിലേക്ക് വെണ്ണീർ തെറിപ്പിച്ചു. ഉടനെ അയാൾ കണ്ണ് കഴുകാനായി വെള്ളത്തൊട്ടിയുടെ നേർക്ക് ഓടി. തക്കംനോക്കി താറാവ് തന്റെ ചിറകുകൾകൊണ്ട് കോബ്‌സിന്റെ മേലാകെ വെള്ളം തെറിപ്പിച്ചു. പിന്നീട് അയാൾ ടവ്വൽകൊണ്ട് മുഖം തുടയ്ക്കാൻ ഒരുങ്ങി. ഉടനെ ടവ്വലിൽ ഒളിച്ചിരുന്ന കോഴിമുട്ട പൊട്ടി അയാളുടെ കണ്ണുകൾ മൂടിപ്പോയി.

ക്ഷീണിച്ച് അവശനായ കോബ്സ് തന്റെ കസേരയിൽ ചാരിയിരുന്നു. അവിടെയല്ലേ നമ്മുടെ സൂചി ഒളിച്ചിരുന്നത്. സൂചി ഒട്ടും സമയം കളയാതെ കോബ്‌സിന്റെ പുറം കുത്തിത്തുളച്ചു. വേദനകൊണ്ട് നിലവിളിച്ച കോബ്സ് തന്റെ കിടക്കയിൽ ചെന്ന് കിടന്നു. തലയിണയിൽ ഒളിച്ച ആണി കോബ്‌സിന്റെ തലയിൽ മുറിവേൽപ്പിച്ചു.

ഇത്രയുമായതോടെ മിസ്റ്റർ കോബ്സ്, ''രക്ഷിക്കണേ'' എന്ന് കൂവിവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടി. ഉടനെ വാതിലിനുപിന്നിൽ ഒളിച്ചിരുന്ന ആട്ടുകല്ല് കോബ്‌സിന്റെ ദേഹത്തേക്ക് ചാടിവീണ് അയാളുടെ കഥ കഴിച്ചു.

ചങ്ങാതിമാരെ, ഇത്രയും കേട്ടാൽതന്നെ അറിഞ്ഞുകൂടെ മിസ്റ്റർ കോബ്സ് ഒരു പെരുംദുഷ്ടൻ ആയിരുന്നെന്ന്. കോബ്‌സിന് തക്കതായ ശിക്ഷ നൽകിയ പൂവൻകോഴിയും ചങ്ങാതിമാരും വീട്ടിലേക്ക് മടങ്ങി.

Content Highlights: A brave rooster and his diverse friends set out on a journey.