അടുക്കളത്തോട്ടത്തിലെ കീടശല്യം കുറയ്ക്കാനും വിളകൾ നന്നായി വളരാനും ചില ട്രിക്കുകൾ

കൂട്ടുകാരിൽ പലരുടെ വീട്ടിലും അടുക്കളത്തോട്ടം ഉണ്ടായിരിക്കും, അല്ലേ?
- പച്ചക്കറി ചെടികളിലെ ചെറുപ്രാണികളെ അകറ്റാൻ പുളിച്ച കഞ്ഞിവെള്ളം ആഴ്ചയിൽ ഒരുദിവസം വെച്ച് ഇലകളുടെ രണ്ടു ഭാഗവും തളിച്ചു കൊടുക്കുക.
- പയറിലെ ചാഴി ശല്യം അകറ്റാൻ 10 ഗ്രാം കാന്താരിമുളകും 50 ഗ്രാം വെളുത്തുള്ളിയും കൂടി അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യാം.
- ഉലുവ 30 മുതൽ 50 ഗ്രാം വരെ ചതച്ച് പടവലം, പയർ എന്നിവയുടെ ചുവട്ടിൽ ഇട്ടുകൊടുത്താൽ തണ്ടുതുരപ്പനെ പ്രതിരോധിക്കാം.
- പടവലം, പാവയ്ക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചിൽ വരാതിരിക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ 25 ഗ്രാം കായം പൊടിച്ചുചേർത്ത് മൊട്ടുകളിൽ സ്പ്രേ ചെയ്യാം.
- ചീര പാകുമ്പോൾ പത്തിരട്ടി മണലുമായി ചേർത്ത് വിതറിയാൽ ചീര അകലത്തിൽ വളർന്നുവരും.
- പയറിന്റെ പൂ കൊഴിച്ചിൽ മാറാൻ ചാരം തടത്തിൽ ചേർത്തു കൊടുക്കുക.
- 100 ഗ്രാം വേപ്പില 6 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം ചെടികളിൽ തളിച്ചുകൊടുക്കാം. ഇത് നിമാവിരകളെ ഒരു പരിധിവരെ നിയന്ത്രിക്കും.
- 50 ഗ്രാം അരിഞ്ഞ പപ്പായയില 100 മില്ലി ലിറ്റർ വെള്ളത്തിൽ ഒരു രാത്രി ഇട്ടുവയ്ക്കുക അടുത്തദിവസം നാല് ഇരട്ടി വെള്ളം ചേർത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാൻ ഇത് ഫലപ്രദമാകും.
- ഒരു കൈ നിറയെ കാന്താരിമുളക് അരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക. മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് കീടങ്ങൾക്കെതിരെ ഉപയോഗിക്കാം.
Content Highlights: Use fermented rice water to repel small insects on vegetables.