രാജകുടുംബക്കാർ മാത്രം കുടിച്ചിരുന്ന പാനീയം. അറിയാം ചില ചായക്കാര്യങ്ങൾ

ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് ചൈനയിലാണ് ചായയുടെ കണ്ടുപിടിത്തം. ബി. സി. 2732- ൽ ചൈനീസ് ചക്രവർത്തിയായ ഷെൻ നങ് ആണ് ചായ കണ്ടുപിടിച്ചത്. ഒരു ദിവസം അദ്ദേഹം കാട്ടിൽ വേട്ടയ്ക്ക് പോയ സമയത്ത് വെള്ളം തിളപ്പിക്കുമ്പോൾ അടുത്തുള്ള ചെടിയിൽ നിന്നുള്ള ഇലകൾ ഈ വെള്ളത്തിലേക്ക് വീണു. അങ്ങനെ വെള്ളത്തിന്റെ നിറം തവിട്ടുനിറമാകുകയും ചെയ്തു. ഈ വെള്ളം കുടിച്ച ചക്രവർത്തിക്ക് നല്ല ഉന്മേഷം തോന്നി. ഇതാണ് ചായയുടെ കണ്ടുപിടിത്തത്തിലേക്ക് എത്തിയത്. അദ്ദേഹം അതിന് 'ച' എന്ന് പേരിട്ടു. പരിശോധിക്കുക അല്ലെങ്കിൽ അന്വേഷിക്കുക എന്നർത്ഥം വരുന്ന ചൈനീസ് വാക്കാണ് അത്.
ചായക്കോപ്പയിലെ കൊടുങ്കാറ്റ്!
ഈ പ്രയോഗം നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും അല്ലേ? ഒരു ചെറിയ പ്രശ്നത്തെ വലുതാക്കി പെരുപ്പിച്ച് കാണിക്കുന്നതിനെയാണ് ഇങ്ങനെ പറയാറുള്ളത്. 'Tempest in a Teapot' എന്ന ഇംഗ്ലീഷ് പ്രയോഗത്തിൽ നിന്നാണ് ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന വാക്ക് ലഭിച്ചത്.
രാജകീയ പാനീയം!
1610-ൽ പോർച്ചുഗീസുകാരും ഡച്ചുകാരുമാണ് യൂറോപ്പിൽ ആദ്യമായി ചായയെ പരിചയപ്പെടുത്തിയത്. അക്കാലത്ത് തേയിലക്ക് വില കൂടുതലായിരുന്നു. അതിനാൽ, രാജകുടുംബത്തിലുള്ളവർ മാത്രമേ ചായ കുടിച്ചിരുന്നുള്ളൂ. ചൈനയിൽ മാത്രമേ തേയില കൃഷി ചെയ്യാൻ കഴിയുകയുള്ളൂ എന്നതിനാൽ, ചൈനീസ് വ്യാപാരികൾ വെള്ളിക്കും സ്വർണ്ണത്തിനും വേണ്ടി യൂറോപ്യൻ വ്യാപാരികൾക്ക് തേയില വിറ്റിരുന്നു.
എന്തുകൊണ്ടാണ് ഇന്ത്യക്കാർ ചായ ഇഷ്ടപ്പെടുന്നത്?
ഇന്ത്യയിലെ 80% പേരും ഒരു കപ്പ് ചായ കുടിച്ചുകൊണ്ടാണ് അവരുടെ ഒരു ദിവസം ആരംഭിക്കുന്നതെന്നാണ് പറയുന്നത്. ആയുർവേദത്തിലും ചായ ഒരു മരുന്നായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് ഊർജം പകരാൻ സഹായിക്കുന്ന ടാനിനും കഫീനും ചായയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ക്ഷീണം തോന്നുമ്പോൾ ചായ കുടിക്കുന്നത് ഊർജ്ജസ്വലനാക്കും.
തേയില ഉത്പാദനത്തിൽ ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെ 70 ശതമാനവും രാജ്യത്തിനകത്ത് തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ചായ കുടിക്കുന്ന ആളുകൾ ഉള്ളതും ഇന്ത്യയിലാണ്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ വലിയ രീതിയിൽ തേയില കൃഷി ചെയ്തു തുടങ്ങിയത്.
ചായയ്ക്കുമുണ്ട് ടേസ്റ്റർ!
ചായയുടെ രുചി തിരിച്ചറിയുകയെന്നത് ഒരു എളുപ്പപ്പണിയല്ല എന്ന് അറിയാമോ? തേയില വ്യവസായത്തിന്റെ നട്ടെല്ലാണ് ടീ ടേസ്റ്റർ. ചായയുടെ രുചിയും രസവും തിരിച്ചറിയുകയാണ് ഇവരുടെ പ്രധാന പരിപാടി. ശേഷം അവ ഓരോന്നും വേർതിരിച്ച് വ്യത്യസ്തമായ ഇനങ്ങളായി ബ്രാൻഡ് ചെയ്യാൻ വേണ്ട സഹായമൊരുക്കുകയും വേണം. ടീ ടേസ്റ്റർ ചായയുടെ ഗുണനിലവാരം നിർണയിക്കുന്ന പ്രക്രിയയാണ് ടീ ടേസ്റ്റിങ്. പലതരം ചായകൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതും രുചി കൂട്ടാനുള്ള വഴികൾ പറയേണ്ടതും ടീ ടേസ്റ്റർമാരാണ്.
ചായക്കട നടത്തി ലോകം ചുറ്റിയവർ!
ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതികളായിരുന്നു കൊച്ചി സ്വദേശികളായ വിജയനും ഭാര്യ മോഹനയും. 26 രാജ്യങ്ങളാണ് ഇവർ ചായക്കടയിലെ വരുമാനത്തിൽ നിന്നും സ്വരൂപിച്ച പണം കൊണ്ട് സന്ദർശിച്ചത്. 2007 ൽ ഈജിപ്തിലേക്കായിരുന്നു ഇവരുടെ ആദ്യ യാത്ര.
Content Highlights: India is a leading tea producer and the world's largest consumer of tea