തുമ്പികളുടെ ഒരു സൂത്രവിദ്യ കണ്ടാലോ... എന്തിനാണ് തുമ്പികൾ ഇങ്ങനെ ചെയ്യുന്നതെന്നറിയാമോ?

പാറിപ്പറന്ന് നടക്കുന്ന പലതരം തുമ്പികൾ നല്ല രസമുള്ള ഒരു കാഴ്ചതന്നെയാണ്. എന്നാൽ ഇടയ്ക്കിടെ അവ ജലാശയത്തിന്റെ മുകൾപ്പരപ്പിൽ ഒന്ന് തൊട്ടുരുമ്മി 'ശടേ...' എന്ന് പറന്നുപൊന്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനാണ് ഇതെന്ന് അറിയാമോ?
തുമ്പികളുടെ ഒരു നേരമ്പോക്കൊന്നുമല്ല കേട്ടോ. ഇങ്ങനെ ജലപ്പരപ്പിൽ, മുട്ടിയുരുമ്മി നിന്ന് ചെറിയ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ വല്ല തീറ്റയുമാണെന്ന് കരുതി ജലാശയത്തിലെ മീനുകളെല്ലാം പറ്റംപറ്റമായി അവിടേക്ക് നീന്തിയെത്തും. എല്ലാം വെറും തോന്നലായിരുന്നുവെന്ന് മനസ്സിലാക്കുന്ന മീനുകൾ ഉടൻ തിരിച്ചുപോകും. എന്നാൽ തുമ്പിയുണ്ടോ വിടുന്നു!
സൂത്രത്തിൽ തുമ്പി ഇത് ആവർത്തിക്കും. മീനുകൾ കൂട്ടംകൂട്ടമായി പിന്നെയും നീന്തിയെത്തുകയും ചെയ്യും. കുറെ തവണ ഇത് ആവർത്തിക്കുമ്പോൾ മീനുകൾ പിന്നെ അങ്ങോട്ടേക്ക് ശ്രദ്ധിക്കാതെയാവും.
അപ്പോഴാണ് കഥയുടെ ട്വിസ്റ്റ്! തുമ്പി ഈ അവസരം മുതലാക്കി ജലപ്പരപ്പിൽ മുട്ടയിടുന്നു. മുട്ടയിടാൻവേണ്ടി തുമ്പി നടത്തുന്ന ഒരു സൂത്രവിദ്യയാണ് ഇത്!
Content Highlights: dragon fly laying eggs on water through a trick.