ഒരമ്മയും ഇനി കരയാതിരിക്കട്ടെ...... കവി സച്ചിദാനന്ദൻ എഴുതിയ കവിതവായിക്കാം

വെയിൽ പെയ്യുന്നൂ മഴ പെയ്യുന്നൂ
പൂങ്കുല നിന്മേൽ വിരിയുന്നൂ
വരുമേ നിൻ പൂങ്കനികൾ പെറുക്കാൻ
മധുരം നിറയും കൊതിയോടെ!
കിളികൾ,ക്കണ്ണാർക്കണ്ണനു, തിന്നാൻ
കനികളൊരൽപ്പം വെച്ചോളൂ.
മുകളിൽ കയറാൻ വയ്യ; എനിക്കാ-
യടിയിൽ മാങ്ങകൾ വിരിയട്ടെ.
പച്ച, പഴുത്തത്, എന്തിന് ഉണ്ണികൾ,
ഒക്കെ രുചിച്ചു തിമിർക്കാനായ്,
കനിയൂ കാറ്റേ, ദയയാൽ മാവിൻ
പുളിയും തേനായ് തീരട്ടെ.
കുനിയൂ മാവേ, കയ്യെത്തിച്ചൊരു
കനിയെൻ ചുണ്ടുകൾ നുണയട്ടെ.
കേട്ടിട്ടുണ്ടേ ഉണ്ണികൾ വിരിയും
മാമ്പൂ തല്ലിയടർത്തുമ്പോൾ,
അരുമക്കുട്ടനെ നോക്കീട്ടമ്മ
'അരുതെ'ന്നോതിയൊരക്കഥ ഞാൻ.
പിന്നെപ്പൈതൽ വേണ്ടാ മാമ്പഴ-
മെന്നു പിണങ്ങീട്ടാപ്പൂക്കൾ
മണ്ണിലെറിഞ്ഞത്, മാങ്കനി വീഴും
മുൻപേ മണ്ണിൽ പൂത്തിരിപോൽ
മിന്നിയലിഞ്ഞത്, തൈമാവിൽ നി-
ന്നാദ്യത്തെക്കനി വീഴുമ്പോൾ
ഉണ്ണിക്കനി പോലാ മാതാവിൻ
കണ്ണിലടർന്നൊരു മിഴിനീരും.
അതുകൊണ്ടാരും പറയില്ലൊന്നും
ചെറുമാങ്കുലഞാൻ വീഴിക്കെ-
അതിനു കവിക്കു പ്രണാമം! ഒരമ്മയു-
മിനിയതു പോലെക്കരയരുതേ!
അതിനാലൊരു കുല പൊട്ടിച്ചോട്ടേ,
ചെറുതാം കനിയാണെന്നാലും!
Content Highlights: Exploration of childhood innocence and the desire for mangoes