എല്ലാ പിറന്നാളിനും കൂട്ടുകാർ എന്താണ് ചെയ്തതെന്നറിയണ്ടേ! : കവിത വായിക്കാം

ഒന്നാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
പൊന്നിൻകണിക്കൊന്നയൊന്നു നട്ടു.
രണ്ടാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
കണ്ടൽച്ചെടി രണ്ടുനട്ടുചേലിൽ
മൂന്നാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
മൂവാണ്ടൻമാവിൻതൈ മൂന്നു നട്ടു.
നാലാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
നെല്ലിമരം നാലു നട്ടുചേലിൽ
അഞ്ചാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
മഞ്ചാടിമരമഞ്ചുനട്ടു ചേലിൽ
ആറാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
പേരമരമാറുനട്ടു ചേലിൽ
ഏഴാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
അമ്പഴമരമേഴുനട്ടു ചേലിൽ
എട്ടാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
വട്ടമരമെട്ടുനട്ടു ചേലിൽ
ഒമ്പതാം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
ചെമ്പകമൊമ്പതു നട്ടു ചേലിൽ
പത്താം പിറന്നാളിനൊത്തുകൂടി, ഞങ്ങൾ
അത്തിമരം പത്തുനട്ടു ചേലിൽ
പിന്നെയും നട്ടു വളർത്തിയല്ലോ, ഞങ്ങൾ
ഒന്നല്ലൊരുനൂറു പൊൻമരങ്ങൾ!
Content Highlights: Celebrates birthdays by planting corresponding numbers of trees each year, Encourages environmental awareness and nature conservation